ന്യൂഡൽഹി / 2026 / ജൂലൈ 28
കർഷകർക്ക് ഉൽപ്പന്നങ്ങൾക്ക് ന്യായവും ലാഭകരവുമായ വില ലഭ്യമാക്കാൻ രാജ്യത്തെ കാർഷിക വിപണി സംവിധാനം ശക്തമാക്കുന്ന നടപടികൾ കേന്ദ്ര സർക്കാർ തുടരുകയാണ്. കാർഷിക വിപണനം സംസ്ഥാനങ്ങളുടെ വിഷയമാണെങ്കിലും വിവിധ നയങ്ങളിലൂടെയും പദ്ധതികളിലൂടെയും സംസ്ഥാനങ്ങൾക്ക് കേന്ദ്രം സഹായം നൽകുന്നു. കേന്ദ്ര കൃഷി, കർഷകക്ഷേമ സഹമന്ത്രി രാംനാഥ് ഠാക്കൂർ ലോക്സഭയിൽ നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് പദ്ധതികളുടെ പുരോഗതി വിശദീകരിച്ചത്.
ഇ-നാമിൽ കർഷകരും വ്യാപാരികളും വർധിച്ചു
രാജ്യത്തെ കാർഷികോൽപ്പന്ന വിപണന സമിതികളെ ഓൺലൈനായി ബന്ധിപ്പിച്ചാണ് ദേശീയ കാർഷിക വിപണിയായ ഇ-നാം പ്രവർത്തിക്കുന്നത്. സുതാര്യമായ ഓൺലൈൻ ലേലത്തിലൂടെ കർഷകർക്ക് കൂടുതൽ വാങ്ങുന്നവരെ കണ്ടെത്താം. മികച്ച വില കണ്ടെത്താനും വിൽപ്പനത്തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലെത്തിക്കാനും സൗകര്യമുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ വ്യാപാരികൾക്കും ലേലത്തിൽ പങ്കെടുക്കാം.
2026 ജൂൺ 30 വരെയുള്ള കണക്കനുസരിച്ച് 1.89 കോടി കർഷകരും 2.78 ലക്ഷം വ്യാപാരികളും ഇ-നാമിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംസ്ഥാനങ്ങൾക്കിടയിലെ വ്യാപാരം 2018-19ൽ 563 മെട്രിക് ടണ്ണും 37 ലക്ഷം രൂപയുമായിരുന്നു. 2025-26ൽ ഇത് 2,984.3 മെട്രിക് ടണ്ണും 14.28 കോടി രൂപയുമായി ഉയർന്നു. ഇതുവരെയുള്ള ആകെ സംസ്ഥാനാന്തര വ്യാപാരം 28,566 മെട്രിക് ടണ്ണാണ്. ഇതിന്റെ മൂല്യം 83.95 കോടി രൂപയാണ്.
ഓരോ ഉൽപ്പന്നക്കൂട്ടത്തിനും ലഭിക്കുന്ന ശരാശരി വ്യാപാരി ലേലങ്ങളുടെ എണ്ണം 2016-17ലെ 2.1ൽ നിന്ന് 2025-26ൽ 2.8 ആയി. വാങ്ങുന്നവർക്കിടയിലെ മത്സരം കൂടിയെന്നാണ് ഇത് വ്യക്തമാക്കുന്നത്.
പതിനായിരം കർഷക ഉൽപ്പാദക സംഘടനകൾ
പതിനായിരം കർഷക ഉൽപ്പാദക സംഘടനകൾ രൂപീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കേന്ദ്ര പദ്ധതിയുടെ ഭാഗമായി രാജ്യത്ത് പതിനായിരം സംഘടനകൾ രജിസ്റ്റർ ചെയ്തു. കർഷകരെ ഒരുമിപ്പിച്ച് ഉൽപ്പന്നങ്ങൾ കൂട്ടമായി വിപണിയിലെത്തിക്കാനും ചെലവ് കുറയ്ക്കാനും വിലപേശൽ ശേഷി വർധിപ്പിക്കാനുമാണ് ഇവ പ്രവർത്തിക്കുന്നത്.
2020ൽ പദ്ധതി ആരംഭിച്ചതിന് ശേഷം കർഷക ഉൽപ്പാദക സംഘടനകളുടെ ആകെ വിറ്റുവരവ് 20,340 കോടി രൂപ കടന്നു.
സംഭരണത്തിനും സംസ്കരണത്തിനും കൂടുതൽ സൗകര്യം
വിളവെടുപ്പിന് ശേഷമുള്ള പരിപാലനം, ചരക്കുനീക്കം, സംഭരണം, മൂല്യവർധന എന്നിവ ശക്തമാക്കാൻ കാർഷിക വിപണന അടിസ്ഥാനസൗകര്യ പദ്ധതിയിലൂടെ കഴിഞ്ഞ പത്ത് വർഷത്തിനിടെ 12,353 സംഭരണ പദ്ധതികൾക്ക് അനുമതി നൽകി. ഇവയുടെ ആകെ സംഭരണശേഷി 369.18 ലക്ഷം മെട്രിക് ടണ്ണാണ്. സംഭരണവുമായി ബന്ധമില്ലാത്ത 6,901 പദ്ധതികൾക്കും അനുമതി ലഭിച്ചു.
കാർഷിക അടിസ്ഥാനസൗകര്യ നിധിയിലൂടെ 18,893 സംഭരണശാലകൾക്കും 3,110 ശീതസംഭരണ, ശീതശൃംഖല പദ്ധതികൾക്കും പലിശയിളവ് നൽകി. പ്രാഥമികവും ദ്വിതീയവുമായ സംസ്കരണം ഒരുമിച്ച് നടത്തുന്ന 2,105 യൂണിറ്റുകൾക്കും സഹായം ലഭിച്ചു.
സംയോജിത തോട്ടവിള വികസന ദൗത്യത്തിന്റെ ഭാഗമായി പാക്കിങ് കേന്ദ്രങ്ങൾ, ശീതസംഭരണശാലകൾ, ശീതീകരിച്ച വാഹനങ്ങൾ, പഴുപ്പിക്കൽ കേന്ദ്രങ്ങൾ, മുൻകൂർ ശീതീകരണ യൂണിറ്റുകൾ, സംസ്കരണ കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെ ഏകദേശം 1.76 ലക്ഷം അടിസ്ഥാനസൗകര്യ യൂണിറ്റുകൾ ഒരുക്കി.
കിസാൻ സമ്പദ പദ്ധതിയിൽ 37.76 ലക്ഷം കർഷകർക്ക് നേട്ടം
ഭക്ഷ്യസംസ്കരണ മേഖലയിലെ വികസനം വേഗത്തിലാക്കാൻ വിളവെടുപ്പിന് ശേഷമുള്ള അടിസ്ഥാനസൗകര്യങ്ങളും സംസ്കരണ കേന്ദ്രങ്ങളും സ്ഥാപിക്കുന്ന പ്രധാനമന്ത്രി കിസാൻ സമ്പദ പദ്ധതി ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രാലയം നടപ്പാക്കുന്നു. 2026 ജൂൺ 30 വരെ 1,256 പദ്ധതികൾ പൂർത്തിയാക്കുകയോ പ്രവർത്തനം ആരംഭിക്കുകയോ ചെയ്തു. ഇതിലൂടെ ഏകദേശം 37.76 ലക്ഷം കർഷകർക്ക് പ്രയോജനം ലഭിച്ചു.
സഹകരണ മന്ത്രാലയം പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളുടെ തലത്തിൽ ലോകത്തിലെ ഏറ്റവും വലിയ ധാന്യസംഭരണ പദ്ധതി നടപ്പാക്കുകയാണ്. കർഷകർക്ക് വിളകൾ സൂക്ഷിക്കാനും കുറഞ്ഞ വിലയ്ക്ക് പെട്ടെന്ന് വിൽക്കേണ്ട സാഹചര്യം ഒഴിവാക്കാനും മികച്ച വിപണിയിലെത്താനും ഇടനിലക്കാരെ ആശ്രയിക്കുന്നത് കുറയ്ക്കാനുമാണ് പദ്ധതി.
313 പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളിൽ നിർമാണം പൂർത്തിയായി. ഇതിലൂടെ 1.80 ലക്ഷം മെട്രിക് ടൺ സംഭരണശേഷി സൃഷ്ടിച്ചു.
വിപണി പദ്ധതിക്ക് നീതി ആയോഗിന്റെ അംഗീകാരം
2020ലെയും 2025ലെയും വിലയിരുത്തൽ റിപ്പോർട്ടുകളിൽ സംയോജിത കാർഷിക വിപണന പദ്ധതി കാർഷിക വിപണി ശക്തമാക്കാൻ സഹായിച്ച പ്രധാന ഇടപെടലാണെന്ന് നീതി ആയോഗ് വിലയിരുത്തി. മെച്ചപ്പെട്ട വിപണി അടിസ്ഥാനസൗകര്യം, കൂടുതൽ മത്സരം, കർഷകർക്ക് മികച്ച വില എന്നിവ ഉറപ്പാക്കാൻ പദ്ധതി സഹായിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
വിപണി പരിഷ്കാരം, കർഷക ഉൽപ്പാദക സംഘടനകളിലൂടെയുള്ള കൂട്ടായ വിപണനം, മൂല്യവർധന, വിളവെടുപ്പിന് ശേഷമുള്ള അടിസ്ഥാനസൗകര്യ വികസനം എന്നിവയ്ക്കും പദ്ധതി കരുത്തായി.
തോട്ടവിള കൂട്ടായ്മകളുമായി ചേർന്ന് പ്രവർത്തിക്കുകയും സജീവമായ കർഷക ഉൽപ്പാദക സംഘടനകളുമായും സ്വയംസഹായ സംഘങ്ങളുമായും ബന്ധിപ്പിക്കുകയും ചെയ്ത സ്ഥലങ്ങളിൽ ഗ്രേഡിങ് യൂണിറ്റുകളും സംഭരണ കേന്ദ്രങ്ങളും കൂടുതൽ മികച്ച രീതിയിൽ പ്രവർത്തിച്ചതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി. പദ്ധതിയിലെ 60 ശതമാനത്തിലധികം ഗുണഭോക്താക്കൾ വിളവെടുപ്പിന് ശേഷമുള്ള അടിസ്ഥാനസൗകര്യങ്ങളും വിളസംസ്കരണ സൗകര്യങ്ങളും ഉപയോഗിച്ചതായി അറിയിച്ചു.
മൂല്യവർധനയിലൂടെ ഉൽപ്പന്നങ്ങൾക്ക് മികച്ച വിലയും കൂടുതൽ സൂക്ഷിപ്പുകാലവും വിപണിയിൽ കൂടുതൽ സ്വീകാര്യതയും ലഭിച്ചതായി ഗുണഭോക്താക്കൾ വിലയിരുത്തി. സുതാര്യമായ വിപണി, കാര്യക്ഷമമായ വിലനിർണയം, മികച്ച കരാർ ചർച്ചകൾ, സ്ഥാപന വായ്പകളിലേക്കുള്ള കൂടുതൽ പ്രവേശനം എന്നിവ ഉറപ്പാക്കാൻ ഇ-നാമിന് കഴിയുമെന്നും നീതി ആയോഗ് ചൂണ്ടിക്കാട്ടി.
കാർഷികോൽപ്പാദനം, ഉൽപ്പാദനക്ഷമത, കർഷകരുടെ വരുമാനം എന്നിവ വർധിപ്പിക്കാൻ സംസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾക്ക് കേന്ദ്രം വിവിധ പദ്ധതികളിലൂടെ പിന്തുണ നൽകുന്നു. വായ്പ, ഇൻഷുറൻസ്, വരുമാന സഹായം, അടിസ്ഥാനസൗകര്യം, തോട്ടവിള ഉൾപ്പെടെയുള്ള വിളകൾ, വിത്ത്, യന്ത്രവത്കരണം, വിപണനം, ജൈവ-പ്രകൃതി കൃഷി, കർഷക കൂട്ടായ്മകൾ, ജലസേചനം, പരിശീലനം, ഡിജിറ്റൽ കൃഷി, വിളസംഭരണം എന്നിവയെല്ലാം ഈ പദ്ധതികളിൽ ഉൾപ്പെടുന്നു.