ജയ്പൂർ (രാജസ്ഥാൻ)/ 2026/ ജൂലൈ 25 –
സഹകരണ മാതൃകയിൽ ഡ്രൈവർമാർക്ക് ഉടമസ്ഥാവകാശവും വരുമാനത്തിൽ നേരിട്ടുള്ള പങ്കാളിത്തവും ഉറപ്പാക്കുന്ന ‘ഭാരത് ടാക്സി’ സർവീസിന് രാജസ്ഥാനിൽ തുടക്കമായി. ജയ്പൂരിലെ ഹരിശ്ചന്ദ്ര മാഥൂർ രാജസ്ഥാൻ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി ഭജൻലാൽ ശർമയാണ് സർവീസ് ഉദ്ഘാടനം ചെയ്തത്. സഹകരണം, സാങ്കേതികവിദ്യ, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം എന്നിവയിലൂടെ ഗതാഗതമേഖല മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘സഹകരണത്തിലൂടെ സമൃദ്ധി’ എന്ന കാഴ്ചപ്പാടിന്റെയും കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷായുടെ നേതൃത്വത്തിന്റെയും ഭാഗമായാണ് പദ്ധതി വ്യാപിപ്പിക്കുന്നത്.
പ്രമുഖർ ഉദ്ഘാടനച്ചടങ്ങിൽ
കേന്ദ്ര സഹകരണ സഹമന്ത്രി മുരളീധർ മോഹോൾ, രാജസ്ഥാൻ സഹകരണ സഹമന്ത്രി ഗൗതം കുമാർ ദക്, ജയ്പൂർ എം.പി. മഞ്ജു ശർമ, രാജസ്ഥാൻ ചീഫ് സെക്രട്ടറി വി. ശ്രീനിവാസ്, കേന്ദ്ര സഹകരണ മന്ത്രാലയ സെക്രട്ടറി ഡോ. ആശിഷ് കുമാർ ഭൂട്ടാനി, രാജസ്ഥാൻ സഹകരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. സമിത് ശർമ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സംസ്ഥാന സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥർ, സഹകരണ മേഖലയിലെ പ്രതിനിധികൾ, ഭാരത് ടാക്സിയുമായി ബന്ധപ്പെട്ട സാരഥികൾ എന്നിവരും സന്നിഹിതരായിരുന്നു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സഹകരണ മേഖലയുടെ പ്രവർത്തനപരിധി വിപുലമാക്കാൻ കേന്ദ്ര സഹകരണ മന്ത്രാലയം ആരംഭിച്ച പുതിയ പദ്ധതികളിലൊന്നാണ് ഭാരത് ടാക്സിയെന്ന് മുരളീധർ മോഹോൾ പറഞ്ഞു. സഹകരണ സംഘങ്ങളുടെ പ്രവർത്തനം വായ്പാ മേഖലയിൽ മാത്രം ഒതുങ്ങുന്നില്ല. കൃഷി, ക്ഷീരോൽപ്പാദനം, മത്സ്യബന്ധനം, ഇൻഷുറൻസ്, കയറ്റുമതി, സംഭരണം, ഡിജിറ്റൽ സേവനങ്ങൾ, ഗതാഗതം തുടങ്ങിയ മേഖലകളിലേക്കും വ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ 30 വ്യത്യസ്ത മേഖലകളിലായി ഏകദേശം 8.60 ലക്ഷം സഹകരണ സംഘങ്ങളുണ്ട്. ഇവയിൽ 32 കോടിയിലധികം പേർ അംഗങ്ങളാണ്.
രാജസ്ഥാനിലെ സഹകരണ പാരമ്പര്യം
രാജ്യത്തെ സഹകരണ പ്രസ്ഥാനത്തിന് രാജസ്ഥാൻ ചരിത്രപരമായ സംഭാവന നൽകിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. രാജ്യത്തെ ആദ്യകാല സഹകരണ സംഘങ്ങളിലൊന്ന് 1904ൽ ഭരത്പൂരിലെ ഡീഗിലാണ് ആരംഭിച്ചത്. 1953ൽ ജയ്പൂരിൽ രാജസ്ഥാൻ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് സ്ഥാപിച്ചതോടെ സംസ്ഥാനത്തെ സഹകരണ മേഖലയ്ക്ക് ശക്തമായ അടിത്തറ ലഭിച്ചു.
നിലവിൽ രാജസ്ഥാനിൽ ഏകദേശം 42,000 സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഒരു കോടി 35 ലക്ഷത്തോളം പേർ ഈ സംഘങ്ങളിൽ അംഗങ്ങളാണ്. സഹകരണം, കൂട്ടായ പ്രവർത്തനം, ജലസംരക്ഷണം, പ്രകൃതിസംരക്ഷണം എന്നിവ രാജസ്ഥാനിലെ ഗ്രാമീണ ജീവിതത്തിന്റെ ഭാഗമാണ്. ഈ പാരമ്പര്യത്തിന്റെ ആധുനിക സാമ്പത്തിക രൂപമാണ് സഹകരണമെന്നും മുരളീധർ മോഹോൾ പറഞ്ഞു.
2021ൽ പ്രത്യേക സഹകരണ മന്ത്രാലയം രൂപീകരിച്ചതിന് ശേഷം മേഖല ശക്തിപ്പെടുത്താൻ 152ലധികം പദ്ധതികൾ ആരംഭിച്ചു. പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളുടെ കമ്പ്യൂട്ടർവത്കരണത്തിന് ഏകദേശം 80,000 സംഘങ്ങൾക്ക് അനുമതി നൽകി. ഇതിൽ 63,000ത്തോളം സംഘങ്ങൾ ഡിജിറ്റൽ സംവിധാനത്തിൽ പ്രവർത്തിക്കുന്നു. മാതൃകാ ഉപനിയമങ്ങൾ നടപ്പാക്കിയതോടെ ഈ സംഘങ്ങൾക്ക് 25ലധികം സാമ്പത്തിക-വാണിജ്യ പ്രവർത്തനങ്ങൾ നടത്താനും അവസരം ലഭിച്ചു.
കർഷകർക്ക് ഗുണമേന്മയുള്ള വിത്തുകൾ ലഭ്യമാക്കാൻ ഭാരതീയ ബീജ് സഹകാരി സമിതി ലിമിറ്റഡും ജൈവ ഉൽപ്പന്നങ്ങൾക്ക് വിപണി ഒരുക്കാൻ നാഷണൽ കോ-ഓപ്പറേറ്റീവ് ഓർഗാനിക്സ് ലിമിറ്റഡും കാർഷിക ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്കായി നാഷണൽ കോ-ഓപ്പറേറ്റീവ് എക്സ്പോർട്സ് ലിമിറ്റഡും സ്ഥാപിച്ചതായും കേന്ദ്രമന്ത്രി പറഞ്ഞു.
ഡ്രൈവർ സേവനദാതാവല്ല, സ്ഥാപനത്തിന്റെ ഉടമ
സഹകരണ മേഖലയിലെ മാറ്റം നഗരങ്ങളിലെ ടാക്സി ഡ്രൈവർമാരിലേക്കും എത്തിക്കുന്ന പദ്ധതിയാണ് ഭാരത് ടാക്സിയെന്ന് മുരളീധർ മോഹോൾ പറഞ്ഞു. സ്വകാര്യ യാത്രാസേവന കമ്പനികളിൽ ഡ്രൈവർ ഒരു സേവനദാതാവ് മാത്രമാണ്. എന്നാൽ ഭാരത് ടാക്സിയിൽ ‘സാരഥിയാണ് ഉടമ’.
ഓരോ സാരഥിയും സഹകരണ സ്ഥാപനത്തിലെ അംഗവും ഓഹരിയുടമയുമാണ്. ഡയറക്ടർ ബോർഡിൽ പ്രാതിനിധ്യം നേടാനും സ്ഥാപനത്തിന്റെ ലാഭവിഹിതം ലഭിക്കാനും അവകാശമുണ്ട്. ഓരോ യാത്രയുടെയും പണം ഇടനിലക്കാരില്ലാതെ സാരഥിയുടെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തും.
രാജ്യത്ത് എട്ട് ലക്ഷത്തോളം സാരഥികളും 41 ലക്ഷത്തോളം ഉപഭോക്താക്കളും ഭാരത് ടാക്സിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിദിനം ഏകദേശം 11,000 യാത്രകൾ പൂർത്തിയാക്കുന്നു. ഇതുവരെ 77 കോടി രൂപയോളം സാരഥികളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറിയിട്ടുണ്ട്.
ഡൽഹിക്കും ഗുജറാത്തിനും ശേഷം മഹാരാഷ്ട്രയിലും ഇപ്പോൾ രാജസ്ഥാനിലും സർവീസ് ആരംഭിച്ചത് ഭാരത് ടാക്സിയുടെ ദേശീയ വ്യാപനത്തിലെ പ്രധാന ഘട്ടമാണ്. അടുത്ത ഘട്ടത്തിൽ രാജ്യത്തെ ഏകദേശം 500 നഗരങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കാനാണ് പദ്ധതി. സുരക്ഷിതവും വിശ്വസനീയവും സാരഥികൾക്ക് പ്രാധാന്യം നൽകുന്നതുമായ ഗതാഗതസംവിധാനത്തിൽ രാജസ്ഥാൻ മുൻനിര പങ്കാളിയാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ധാന്യസംഭരണ പദ്ധതി നടപ്പാക്കുന്നതിലും രാജസ്ഥാൻ മുന്നിലാണെന്ന് മുരളീധർ മോഹോൾ പറഞ്ഞു. 2024-25, 2025-26 വർഷങ്ങളിൽ അനുമതി ലഭിച്ച 200 വീതം സംഭരണശാലകളുടെ നിർമാണം പൂർത്തിയാക്കി. സംസ്ഥാനത്തെ ഏകദേശം 5,650 പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളെ ഇ-പാക്സാക്കി മാറ്റി. ഇവയിലൂടെ പത്ത് കോടിയിലധികം ഓൺലൈൻ ഇടപാടുകൾ നടന്നു. രാജ്യത്തെ ആകെ ഇടപാടുകളുടെ മൂന്നിലൊന്നോളം വരുമിത്.
രാജസ്ഥാനിലെ 4,900ഓളം പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ മൂന്നോ അതിലധികമോ വ്യാപാരപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഏകദേശം 6,750 സംഘങ്ങൾ ഭാരതീയ ബീജ് സഹകാരി സമിതി ലിമിറ്റഡിൽ അംഗങ്ങളായി. ജയ്പൂരിൽ സഹകാർ ഭവൻ സ്ഥാപിച്ചതിനെയും വിത്ത് സഹകരണ സ്ഥാപനത്തിന്റെ ടിഷ്യു കൾച്ചർ ലബോറട്ടറിക്കായി 50 ഏക്കർ ഭൂമി നൽകാനുള്ള തീരുമാനത്തെയും കേന്ദ്രമന്ത്രി അഭിനന്ദിച്ചു.
തൊഴിലിനൊപ്പം ഉടമസ്ഥാവകാശവും സുരക്ഷയും
‘സഹകരണത്തിലൂടെ സമൃദ്ധി’ എന്ന ലക്ഷ്യം സംസ്ഥാനത്ത് മുന്നോട്ടുകൊണ്ടുപോകുന്ന വലിയ മാറ്റമാണ് ഭാരത് ടാക്സിയെന്ന് മുഖ്യമന്ത്രി ഭജൻലാൽ ശർമ പറഞ്ഞു. സഹകരണ സ്ഥാപനങ്ങളിലൂടെ തൊഴിലും പ്രാദേശിക സാമ്പത്തിക അവസരങ്ങളും സൃഷ്ടിച്ചാൽ യുവാക്കൾക്ക് സ്വന്തം ഗ്രാമത്തിനും നഗരത്തിനും കുടുംബത്തിനും സമീപം മാന്യമായ ഉപജീവനം കണ്ടെത്താനാകും.
സഹകരണ സ്ഥാപനങ്ങളുടെ അംഗത്വം വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ പത്ത് ലക്ഷം പുതിയ അംഗങ്ങളെ സഹകരണ മേഖലയുമായി ബന്ധിപ്പിച്ചു.
ഭാരത് ടാക്സിയിൽ സാരഥി ഒരു ഡ്രൈവർ മാത്രമല്ലെന്നും സ്ഥാപനത്തിന്റെ സഹഉടമയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അംഗത്വവും ഓഹരി പങ്കാളിത്തവും ജോലിയിൽ ഉടമസ്ഥബോധവും ആത്മവിശ്വാസവും മാന്യതയും നൽകും. സ്വന്തം ജോലിയിൽ പങ്കാളിത്തം ലഭിക്കുമ്പോൾ കാര്യക്ഷമതയും അധ്വാനവും മുന്നേറാനുള്ള പ്രചോദനവും വർധിക്കും. ചെറിയ സംരംഭമോ സ്വയംതൊഴിൽ അവസരമോ യുവാക്കളുടെ വലിയ സാമ്പത്തിക മുന്നേറ്റത്തിലേക്കുള്ള ആദ്യപടിയാകാമെന്നും അദ്ദേഹം പറഞ്ഞു.
ഭാരത് ടാക്സി സാധാരണക്കാർക്ക് തൊഴിൽ നൽകുന്നതിന് പുറമെ ഉടമസ്ഥാവകാശവും മാന്യതയും നൽകുന്നു. വരുമാനത്തിന്റെ വലിയൊരു പങ്ക് സാരഥികൾക്ക് തന്നെ ലഭിക്കും. സ്ഥാപനത്തിന്റെ വളർച്ചയിലും അവർക്ക് നേരിട്ടുള്ള പങ്കുണ്ടാകും. പദ്ധതിയുടെ ഭാഗമായി അഞ്ച് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും നൽകുന്നു. സാരഥികളുടെ അധ്വാനത്തിന് ആദരവും അവകാശങ്ങൾക്ക് സംരക്ഷണവും ഭാവിക്ക് സുരക്ഷയും ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇത് ഒരു ഡിജിറ്റൽ വേദി മാത്രമല്ലെന്നും സാരഥികളുടെ ആത്മാഭിമാനത്തിന്റെയും സാമ്പത്തിക ശാക്തീകരണത്തിന്റെയും പ്രതീകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിനോദസഞ്ചാരത്തിനും യാത്രാസൗകര്യത്തിനും കരുത്ത്
കൃഷി, ക്ഷീരോൽപ്പാദനം, ധാതുമേഖല, കരകൗശലം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിൽ സഹകരണത്തിലൂടെ പ്രാദേശിക തൊഴിൽ സൃഷ്ടിക്കാൻ രാജസ്ഥാനിൽ വലിയ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗ്രാമങ്ങളിലും പ്രാദേശിക മേഖലകളിലും കാർഷിക-ക്ഷീര ഉൽപ്പന്നങ്ങളുടെ സംസ്കരണശാലകൾ ആരംഭിച്ചാൽ യുവാക്കൾക്ക് സ്വന്തം നാട്ടിൽ തൊഴിൽ ലഭിക്കും. തൊഴിൽ തേടിയുള്ള കുടിയേറ്റം കുറയ്ക്കാനും കഴിയും.
എല്ലാ ഗ്രാമപ്പഞ്ചായത്ത് തലങ്ങളിലും സഹകരണ സ്ഥാപനങ്ങൾ വ്യാപിപ്പിക്കുന്നതിനും പാൽ സംഭരണ-സംസ്കരണ ശേഷി വർധിപ്പിക്കുന്നതിനും പ്രാദേശിക ഉൽപ്പന്നങ്ങളുടെ മൂല്യവർധന പ്രോത്സാഹിപ്പിക്കുന്നതിനും സംസ്ഥാനത്ത് പ്രവർത്തനങ്ങൾ നടക്കുകയാണ്.
രാജസ്ഥാനിലെ വിനോദസഞ്ചാര മേഖലയിലും ഭാരത് ടാക്സിക്ക് വലിയ സാധ്യതയുണ്ട്. വിപുലീകരിച്ച ജയ്പൂർ മെട്രോ ശൃംഖലയിൽ യാത്ര ചെയ്യുന്നവർക്കും ചരിത്രപ്രസിദ്ധമായ കോട്ടകൾ, കൊട്ടാരങ്ങൾ, തടാകങ്ങൾ, വന്യജീവി സങ്കേതങ്ങൾ, തീർഥാടനകേന്ദ്രങ്ങൾ, മരുഭൂമി വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ സന്ദർശിക്കുന്നവർക്കും അവസാനഘട്ട യാത്രാസൗകര്യം നൽകാൻ ഭാരത് ടാക്സിക്ക് കഴിയും. ഇത് വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ ഉണർവും സാരഥികൾക്ക് പുതിയ വരുമാന അവസരങ്ങളും നൽകും.
ജയ്പൂരിൽ മാത്രം 30,000ത്തിലധികം സാരഥികളും ഏഴ് ലക്ഷത്തോളം ഉപഭോക്താക്കളും ഭാരത് ടാക്സിയിൽ ചേർന്നിട്ടുണ്ട്. ദിവസേന ആയിരക്കണക്കിന് യാത്രകളാണ് നടക്കുന്നത്. സഹകരണ അടിസ്ഥാനത്തിലുള്ള ഡിജിറ്റൽ മാതൃകയിൽ ജനങ്ങളുടെ വിശ്വാസം വർധിക്കുന്നതിന്റെ തെളിവാണ് ഈ കണക്കുകളെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രാജസ്ഥാൻ മുഴുവനും ഭാരത് ടാക്സി ശൃംഖലയുമായി ബന്ധിപ്പിക്കുന്നത് സംസ്ഥാനത്തിന്റെ യാത്രാസംവിധാനത്തിന് പുതിയ ദിശ നൽകും. സുരക്ഷിതവും വിശ്വസനീയവും സുതാര്യവുമായ ഗതാഗതസേവനം ജനങ്ങൾക്ക് ലഭ്യമാക്കാനും ഇത് സഹായിക്കും.
സർവീസിന്റെ വിശ്വാസ്യത നിലനിർത്തണമെന്നും യാത്രക്കാരോട് മാന്യമായി പെരുമാറണമെന്നും ഉയർന്ന സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി സാരഥികളോട് ആവശ്യപ്പെട്ടു. സാരഥികൾ തന്നെയാണ് സ്ഥാപനത്തിന്റെ ഉടമകൾ. അവരുടെ അധ്വാനത്തിന്റെ പ്രതിഫലം ഇടനിലക്കാരനിലേക്ക് പോകാതെ നേരിട്ട് അവർക്കുതന്നെ ലഭിക്കും. അതിനാൽ ഇന്ത്യയിലേതു മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും വിജയകരമായ സഹകരണ യാത്രാസേവന വേദിയായി ഭാരത് ടാക്സി മാറാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ മികച്ച പ്രകടനം നടത്തിയ സാരഥികൾക്ക് ഓഹരി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഭാരത് ടാക്സിയുടെ വ്യാപനത്തിനും പൊതുസേവനങ്ങളുമായുള്ള ഏകോപനത്തിനുമായി രാജസ്ഥാൻ പൊലീസ്, സരസ്, ജയ്പൂർ മുനിസിപ്പൽ കോർപ്പറേഷൻ, ജയ്പൂർ മെട്രോ എന്നിവയുമായി ധാരണാപത്രങ്ങൾ കൈമാറി.
ചടങ്ങിന്റെ അവസാനം 60 കാറുകളും 20 ബൈക്കുകളും 20 ഓട്ടോറിക്ഷകളും ഉൾപ്പെട്ട ഭാരത് ടാക്സി വാഹനവ്യൂഹം മുഖ്യമന്ത്രി ഭജൻലാൽ ശർമ ഫ്ലാഗ് ഓഫ് ചെയ്തു. രാജസ്ഥാൻ സർക്കാർ, സഹകരണ സ്ഥാപനങ്ങൾ, തദ്ദേശസ്ഥാപനങ്ങൾ, പൊതുസേവന സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ സംസ്ഥാനത്തെ വിവിധ നഗരങ്ങളിലേക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ഘട്ടംഘട്ടമായി സർവീസ് വ്യാപിപ്പിക്കും.