“ലോകത്തിന്റെ ഓയിൽ പൈപ്പിന് താക്കോൽ ആരുടെ കയ്യിൽ?”
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിത യാത്രയ്ക്ക് അമേരിക്ക കാവൽ നിൽക്കുമെന്നും അതിന് ചരക്കിന്റെ മൂല്യത്തിന്റെ 20 ശതമാനം വരെ ഈടാക്കുമെന്നുമുള്ള പ്രഖ്യാപനം ലോകവ്യാപക ചർച്ചയ്ക്കാണ് വഴിവെച്ചത്. ഇറാൻ ഉടൻ തന്നെ തിരിച്ചടിച്ചു. “ഹോർമുസിന്റെ യഥാർഥ കാവൽക്കാരൻ ഞങ്ങളാണ്” എന്നായിരുന്നു തെഹ്റാന്റെ മറുപടി. എന്നാൽ യഥാർഥ ചോദ്യം മറ്റൊന്നാണ്. ഹോർമുസിന്റെ ഉടമ ആരാണ്? ഒരു രാജ്യം സ്വന്തം ഇഷ്ടപ്രകാരം ടോൾ ഈടാക്കാനോ കാവൽ ഫീസ് വാങ്ങാനോ നിയമപരമായി കഴിയുമോ?
“ഹോർമുസ് ആരുടേത്? ഇറാനുടേതോ? ഒമാന്റേതോ? അതോ ലോകത്തിന്റേതോ?”
ഹോർമുസ് കടലിടുക്ക് പേർഷ്യൻ ഗൾഫിനെയും അറബിക്കടലിനെയും ബന്ധിപ്പിക്കുന്ന വെറും 33 കിലോമീറ്റർ വീതിയുള്ള സമുദ്രമാർഗമാണ്. ഒരു വശത്ത് ഇറാനും മറുവശത്ത് ഒമാനുമാണ്.
എന്നാൽ അതുകൊണ്ട് മുഴുവൻ കടലിടുക്കും ഈ രണ്ട് രാജ്യങ്ങളുടേതാണെന്ന് പറയാനാവില്ല. ഇരുരാജ്യങ്ങൾക്കും തങ്ങളുടെ പ്രാദേശിക സമുദ്രപരിധി (Territorial Sea) ഉണ്ട്. അതിനിടയിലൂടെ കടന്നുപോകുന്ന അന്താരാഷ്ട്ര കപ്പൽപ്പാതയ്ക്ക് International Strait എന്ന നിയമപരമായ പദവിയാണ്. ഐക്യരാഷ്ട്രസഭയുടെ സമുദ്രനിയമമായ UNCLOS പ്രകാരം ഇത്തരം കടലിടുക്കുകളിലൂടെ എല്ലാ രാജ്യങ്ങളുടെയും കപ്പലുകൾക്ക് Transit Passage എന്ന അവകാശമുണ്ട്. അതിനാൽ സാധാരണ സാഹചര്യത്തിൽ ഇറാനോ ഒമാനോ കപ്പൽഗതാഗതം ഇഷ്ടാനുസരണം തടയുകയോ ടോൾ ചുമത്തുകയോ ചെയ്യാൻ കഴിയില്ല. ഈ വ്യവസ്ഥകളെ അടിസ്ഥാനമാക്കിയാണ് ഭൂരിഭാഗം രാജ്യങ്ങളും ഹോർമുസിനെ ഒരു അന്താരാഷ്ട്ര സമുദ്രമാർഗമായി കാണുന്നത്.
“ചരിത്രത്തിൽ ഹോർമുസിന്റെ കഥ എവിടെ തുടങ്ങുന്നു?”
ഹോർമുസിന്റെ ചരിത്രം ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളതാണ്. പുരാതന പേർഷ്യൻ സാമ്രാജ്യങ്ങളും അറബ് വ്യാപാരികളും പിന്നീട് പോർച്ചുഗീസുകാരും ബ്രിട്ടീഷുകാരും ഈ കടലിടുക്കിന്റെ തന്ത്രപ്രധാന്യം തിരിച്ചറിഞ്ഞിരുന്നു.
1507-ൽ പോർച്ചുഗൽ ഹോർമുസ് ദ്വീപ് പിടിച്ചടക്കി. പിന്നീട് 17-ാം നൂറ്റാണ്ടിൽ പേർഷ്യൻ സൈന്യവും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും ചേർന്ന് അവരെ പുറത്താക്കി. ബ്രിട്ടീഷ് സാമ്രാജ്യകാലത്ത് ഗൾഫ് മേഖലയിലെ സമുദ്രസുരക്ഷയ്ക്ക് ബ്രിട്ടീഷ് നാവികസേന വലിയ പങ്കുവഹിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ക്രമേണ അമേരിക്കയാണ് ആ പങ്ക് ഏറ്റെടുത്തത്.
ഇന്ന് ലോകസമുദ്ര വ്യാപാരത്തിലെ ഏറ്റവും നിർണായകമായ ‘ചോക്ക് പോയിന്റ്’ എന്ന വിശേഷണമാണ് ഹോർമുസിനുള്ളത്.
“അമേരിക്കയ്ക്ക് ‘ഹോർമുസിന്റെ ഗാർഡിയൻ’ ആകാൻ നിയമപരമായ അവകാശമുണ്ടോ?”
ഹ്രസ്വമായ ഉത്തരം: ഇല്ല.
ഒരു രാജ്യത്തിനും സ്വന്തം നിലയിൽ “ഈ കടലിടുക്കിന്റെ ഔദ്യോഗിക കാവൽക്കാരൻ ഞാനാണ്” എന്ന് പ്രഖ്യാപിക്കാൻ അന്താരാഷ്ട്ര നിയമത്തിൽ പ്രത്യേക അവകാശമില്ല.
എന്നാൽ യാഥാർഥ്യത്തിൽ അമേരിക്കൻ നാവികസേന പതിറ്റാണ്ടുകളായി ഗൾഫ് മേഖലയിൽ സാന്നിധ്യമുണ്ട്. ബഹ്റൈനിലുള്ള യു.എസ്. Fifth Fleet എണ്ണക്കപ്പലുകൾക്കും വ്യാപാരക്കപ്പലുകൾക്കും സുരക്ഷാ സഹായം നൽകിയ ചരിത്രവുമുണ്ട്. പക്ഷേ അത് സാധാരണയായി സഖ്യരാജ്യങ്ങളുടെ അഭ്യർത്ഥനയിലോ ബഹുരാഷ്ട്ര ദൗത്യങ്ങളിലോ ആയിരുന്നു. അന്താരാഷ്ട്ര ജലപാതയിൽ ഏകപക്ഷീയമായി “ടോൾ” ചുമത്തുന്നത് വ്യാപകമായ നിയമവിവാദങ്ങൾക്ക് വഴിവെക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
“ഇറാന്റെ വാദം എന്താണ്?”
ഇറാന്റെ വാദം സുരക്ഷാപരമാണ്.
തങ്ങളുടെ തീരപ്രദേശത്തോട് ചേർന്നുള്ള കടലിടുക്കിൽ സുരക്ഷ ഉറപ്പാക്കാനുള്ള അവകാശം ഇറാനുണ്ടെന്നാണ് തെഹ്റാൻ പറയുന്നത്. എന്നാൽ അതേ സമയം മുഴുവൻ ഹോർമുസും സ്വന്തം നിയന്ത്രണത്തിലാണെന്ന അവകാശവാദം അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുന്നില്ല.
ഇറാൻ പലതവണ ഹോർമുസ് അടയ്ക്കുമെന്നോ കപ്പലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്നോ ഭീഷണി മുഴക്കിയിട്ടുണ്ടെങ്കിലും ലോകത്തിലെ പ്രധാന സമുദ്രശക്തികൾ അത് അന്താരാഷ്ട്ര നിയമവിരുദ്ധമാണെന്നാണ് നിലപാട് സ്വീകരിച്ചിട്ടുള്ളത്.
“കപ്പലുകൾക്ക് നാവികസേന കാവൽ നിൽക്കുന്നത് പുതിയ കാര്യമാണോ?”
ഒരിക്കലുമല്ല.
ഇത് നൂറ്റാണ്ടുകളായി തുടരുന്ന സമുദ്രചരിത്രത്തിന്റെ ഭാഗമാണ്.
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വ്യാപാരക്കപ്പലുകൾക്ക് റോയൽ നേവി കാവൽ നിന്നിരുന്നു.
ഒന്നാം ലോകമഹായുദ്ധത്തിലും രണ്ടാം ലോകമഹായുദ്ധത്തിലും ‘കോൺവോയ് സിസ്റ്റം’ ഉപയോഗിച്ച് വ്യാപാരക്കപ്പലുകളെ യുദ്ധക്കപ്പലുകൾ സംരക്ഷിച്ചു.
1980കളിലെ “ടാങ്കർ യുദ്ധ” കാലത്ത് അമേരിക്ക കുവൈത്തിന്റെ എണ്ണക്കപ്പലുകൾക്ക് എസ്കോർട്ട് നൽകിയിരുന്നു.
സോമാലിയൻ കടൽകൊള്ള വ്യാപകമായപ്പോൾ ഇന്ത്യ, ചൈന, അമേരിക്ക, യൂറോപ്യൻ യൂണിയൻ, ജപ്പാൻ തുടങ്ങി നിരവധി രാജ്യങ്ങൾ അഡൻ ഉൾക്കടലിൽ വ്യാപാരക്കപ്പലുകൾക്ക് സുരക്ഷ നൽകി.
2019-ൽ ഗൾഫിലെ സംഘർഷകാലത്തും വിവിധ രാജ്യങ്ങൾ പ്രത്യേക നാവിക ദൗത്യങ്ങൾ ആരംഭിച്ചിരുന്നു.
അതിനാൽ നാവിക എസ്കോർട്ട് ഒരു പഴയ രീതിയാണ്. പുതിയ വിവാദം എസ്കോർട്ടിനല്ല, അതിന് നിർബന്ധിത ടോൾ ഈടാക്കുമെന്ന ആശയത്തിനാണ്.
“അമേരിക്ക പണം വാങ്ങി സുരക്ഷ നൽകുകയാണോ?”
ചരിത്രത്തിൽ പല സ്വകാര്യ സുരക്ഷാ സേവനങ്ങൾക്കും ഇൻഷുറൻസ് സംവിധാനങ്ങൾക്കും കപ്പൽ ഉടമകൾ പണം നൽകിയിട്ടുണ്ട്.
എന്നാൽ ഒരു രാജ്യം അന്താരാഷ്ട്ര കടലിടുക്കിൽ എല്ലാ കപ്പലുകളിൽ നിന്നുമായി ഏകപക്ഷീയമായി നിർബന്ധിത ഫീസ് ഈടാക്കുന്നത് അപൂർവവും നിയമപരമായി വിവാദപരവുമാണ്.
ട്രംപ് മുന്നോട്ടുവച്ച ആശയം, അമേരിക്കൻ നാവികസേനയുടെ ചെലവ് മറ്റ് രാജ്യങ്ങൾ വഹിക്കണമെന്ന രാഷ്ട്രീയ സന്ദേശമായും വിലയിരുത്തപ്പെടുന്നു. അതിന്റെ നിയമസാധുത ഇപ്പോഴും ശക്തമായി ചോദ്യം ചെയ്യപ്പെടുകയാണ്.
പുതിയ അന്താരാഷ്ട്ര സേവനവിപണി?
അമേരിക്ക മുന്നോട്ടുവയ്ക്കുന്ന “സുരക്ഷയ്ക്ക് പകരം ഫീസ്” എന്ന ആശയം ഒരു പുതിയ അന്താരാഷ്ട്ര സേവനവിപണിക്ക് വഴിതുറക്കുമെന്ന വാദം ഉയരാം. ഒരു രാജ്യം സ്വന്തം നാവികസേന ഉപയോഗിച്ച് വ്യാപാരക്കപ്പലുകൾക്ക് സുരക്ഷ ഉറപ്പാക്കി അതിന് പ്രതിഫലം വാങ്ങാമെങ്കിൽ, അതേ മാതൃക ഇന്ത്യയ്ക്കോ ചൈനയ്ക്കോ ജപ്പാനോ യൂറോപ്യൻ രാജ്യങ്ങൾക്കോ പോലും സ്വീകരിക്കാമല്ലോ എന്ന ചോദ്യവും സ്വാഭാവികമാണ്. പ്രത്യേകിച്ച് ഇന്ത്യയ്ക്കും ചൈനയ്ക്കും ലോകത്തിലെ ഏറ്റവും വലിയ വ്യാപാരക്കപ്പൽ ഉപഭോക്താക്കളിൽ സ്ഥാനം ഉള്ളതിനാൽ, അവർ സ്വന്തം നാവികശേഷി ഒരു പ്രീമിയം സുരക്ഷാ സേവനമായി വാഗ്ദാനം ചെയ്യാമെന്ന ആശയം ഭാവിയിൽ ചില നയവിദഗ്ധർ മുന്നോട്ടുവയ്ക്കാൻ സാധ്യതയുണ്ട്. സ്വകാര്യ സമുദ്രസുരക്ഷാ കമ്പനികൾക്ക് പണം നൽകി കപ്പലുകൾ സംരക്ഷിപ്പിക്കുന്ന രീതി നിലവിലുണ്ടെന്നതിനാൽ, അത് രാഷ്ട്രതലത്തിലേക്ക് വ്യാപിപ്പിക്കാനുള്ള ചർച്ചകളും ഉയർന്നേക്കാം.
ഇന്ത്യയും ചൈനയും ജപ്പാനും ഒക്കെ സ്വന്തം ചരക്കിന് സംരക്ഷണം കൊടുക്കുന്നതിനു ഒപ്പം അത് ആവശ്യമുള്ളവർക്ക് പണം വാങ്ങി കൊടുത്താൽ എന്ത് കുഴപ്പം?
നിയമപരമായി നോക്കുമ്പോൾ, ഇന്ത്യയെയോ ചൈനയെയോ ജപ്പാനെയോ സ്വന്തം വ്യാപാരക്കപ്പലുകൾക്ക് നാവികസേനയുടെ സംരക്ഷണം നൽകുന്നതിൽ നിന്ന് തടയുന്ന അന്താരാഷ്ട്ര നിയമമൊന്നുമില്ല. വാസ്തവത്തിൽ സോമാലിയൻ കടൽകൊള്ളക്കാലത്തും ഗൾഫ് മേഖലയിലെ സംഘർഷസാഹചര്യങ്ങളിലും ഈ രാജ്യങ്ങൾ സ്വന്തം കപ്പലുകൾക്കും, ചില സാഹചര്യങ്ങളിൽ അഭ്യർഥന ലഭിച്ച വിദേശക്കപ്പലുകൾക്കും നാവിക എസ്കോർട്ട് നൽകിയിട്ടുണ്ട്. അതുപോലെ, ഒരു വിദേശരാജ്യമോ കപ്പൽക്കമ്പനിയോ സ്വമേധയാ ആവശ്യപ്പെട്ടാൽ കരാർ അടിസ്ഥാനത്തിൽ സുരക്ഷാ സേവനം നൽകുന്നതും അതിന് പ്രതിഫലം വാങ്ങുന്നതും നിയമപരമായി സാധ്യമായേക്കാം. എന്നാൽ നിർണായകമായ വ്യത്യാസം ഇതാണ്. ഒരു രാജ്യം ആവശ്യപ്പെടുന്നവർക്ക് കരാർ അടിസ്ഥാനത്തിൽ സുരക്ഷാ സേവനം വിൽക്കുന്നതും, അന്താരാഷ്ട്ര കടൽപ്പാത ഉപയോഗിക്കുന്ന എല്ലാ കപ്പലുകളോടും സുരക്ഷയുടെ പേരിൽ നിർബന്ധിത ഫീസ് അല്ലെങ്കിൽ “പ്രൊട്ടക്ഷൻ ചാർജ്” ഈടാക്കുന്നതും രണ്ടുതരത്തിലുള്ള കാര്യങ്ങളാണ്. ആദ്യത്തേത് അന്താരാഷ്ട്ര നിയമവുമായി പൊരുത്തപ്പെടാൻ സാധ്യതയുള്ള ഒരു സേവനകരാറാണ്. രണ്ടാമത്തേത് Freedom of Navigation എന്ന തത്ത്വവുമായി ഏറ്റുമുട്ടുന്ന നടപടിയായി കണക്കാക്കപ്പെടുകയും അന്താരാഷ്ട്ര തലത്തിൽ ശക്തമായ നിയമ, നയ, നയതന്ത്ര എതിർപ്പുകൾക്ക് കാരണമാവുകയും ചെയ്യും.
അമേരിക്ക ആവശ്യപ്പെടുന്ന രാജ്യങ്ങൾക്കോ കപ്പൽക്കമ്പനികൾക്കോ മാത്രം നാവികസുരക്ഷ നൽകുകയും അതിന് പ്രതിഫലം വാങ്ങുകയും ചെയ്യുന്ന മാതൃകയെ പൂർണമായും പുതിയ ആശയമെന്ന് പറയാനാവില്ല. ചരിത്രത്തിൽ വിവിധ രൂപങ്ങളിൽ ഇത്തരം ക്രമീകരണങ്ങൾ ഉണ്ടായിട്ടുണ്ട്. യുദ്ധകാല കോൺവോയ് സംവിധാനങ്ങൾ, സോമാലിയൻ കടൽകൊള്ളയ്ക്കെതിരായ സുരക്ഷാ ദൗത്യങ്ങൾ, ചില രാജ്യങ്ങൾ തമ്മിലുള്ള പ്രതിരോധ സഹകരണ കരാറുകൾ എന്നിവയുടെ ഭാഗമായി നാവിക എസ്കോർട്ട് സേവനങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ അവയിൽ ഭൂരിഭാഗവും സൈനിക സഖ്യങ്ങൾ, സുരക്ഷാ കരാറുകൾ, അല്ലെങ്കിൽ ദേശീയ താൽപര്യങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു. നാവികസേനയുടെ സംരക്ഷണത്തെ ഒരു വാണിജ്യ സേവനമായി അവതരിപ്പിച്ച്, ആവശ്യപ്പെടുന്നവർക്ക് നിശ്ചിത പ്രതിഫലത്തിന് അന്താരാഷ്ട്ര സമുദ്രമാർഗങ്ങളിൽ സുരക്ഷ വാഗ്ദാനം ചെയ്യുന്നത് ഭാവിയിൽ കൂടുതൽ വ്യക്തമായ “മാരിടൈം സെക്യൂരിറ്റി സർവീസ് മാർക്കറ്റ്” എന്ന ആശയത്തിലേക്ക് നയിക്കുമോ എന്ന ചർച്ചയാണ് ഇപ്പോൾ ഉയരുന്നത്. അതായത്, നാവിക എസ്കോർട്ട് എന്നത് പുതിയതല്ല. എന്നാൽ അതിനെ ഒരു തുറന്ന, പ്രതിഫലം ഈടാക്കുന്ന അന്താരാഷ്ട്ര സേവനമായി അവതരിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചയാണ് പുതുമയുള്ളത്.
ഹോർമൂസ് കിടക്കാൻ പേടിയുള്ളവർക്ക് ജപിക്കാനുള്ള മന്ത്രം ?
ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും എണ്ണ ആവശ്യമാണ്. ചില രാജ്യങ്ങൾക്ക് എണ്ണ ഉൽപാദക രാജ്യങ്ങളിൽ നിന്ന് നേരിട്ട് വാങ്ങിക്കൊണ്ടുപോകാൻ ശേഷിയുണ്ട്. ആ ശേഷിയില്ലാത്തവർ വലിയ വിതരണക്കാരിൽ നിന്ന് ചെറിയ തോതിൽ വാങ്ങുകയാണ് ചെയ്യുന്നത്. നാട്ടിൽ പലചരക്ക് കടയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതും, മൊത്തവ്യാപാരികളിൽ നിന്ന് വാങ്ങുന്നതും, നേരിട്ട് കമ്പനിയിൽ നിന്ന് വാങ്ങുന്നതും തമ്മിലുള്ള വ്യത്യാസം പോലെയാണ് ഇത്.
എന്നാൽ ലാഭം മാത്രം നോക്കി ഹോർമുസ് കടലിടുക്കിലൂടെ എണ്ണ കൊണ്ടുപോകുന്ന ചെറുകിട രാജ്യങ്ങളുടെ കപ്പലുകൾക്ക് ഏറ്റവും വലിയ വെല്ലുവിളി സുരക്ഷയാണ്. എണ്ണ വാങ്ങണം. പക്ഷേ യാത്ര ചെയ്യാൻ ധൈര്യമില്ല. പോയാൽ സുരക്ഷിതമായി നാട്ടിലെത്തുമെന്ന ഉറപ്പുമില്ല. ഇത്തരക്കാരോട് “യുഎസ്, യുഎസ്” എന്ന് പറയുന്നതാണ് അമേരിക്കയുടെ പുതിയ നിർദേശം. അമേരിക്കയുടെ സംരക്ഷണത്തോടെ യാത്ര ചെയ്യണമെങ്കിൽ കപ്പലിലുള്ള ചരക്കിന്റെ മൂല്യത്തിന്റെ 20 ശതമാനം സംരക്ഷണഫീസായി നൽകിയാൽ മതിയെന്നാണ് വാദം.
ഇത് ഒരു താൽക്കാലിക അടിയന്തര സുരക്ഷാ സംവിധാനമായി മാത്രം തുടരുകയാണെങ്കിൽ വലിയ പ്രശ്നമാകണമെന്നില്ല. എന്നാൽ ഹോർമുസ് കടലിടുക്കിനെ വരുമാനമാർഗമാക്കി മാറ്റാനുള്ള നയമായി അമേരിക്കയോ ഇറാനോ ഇത് സ്വീകരിച്ചാൽ ഗൾഫ് പ്രതിസന്ധി മറ്റൊരു തലത്തിലേക്ക് മാറും. അമേരിക്ക സംരക്ഷണം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഇന്ത്യയോ ജപ്പാനോ ചൈനയോ പോലുള്ള രാജ്യങ്ങൾ സ്വന്തം എണ്ണക്കപ്പലുകൾക്ക് കാവൽ നൽകാൻ അമേരിക്കയ്ക്ക് 20 ശതമാനം ഫീസ് നൽകാൻ സാധ്യത വളരെ കുറവാണ്. പകരം സ്വന്തം നാവികസേനയുടെ യുദ്ധക്കപ്പലുകളെ എസ്കോർട്ടായി വിന്യസിക്കാനാണ് അവർ ശ്രമിക്കുക. യാത്രാമധ്യേ ഭീഷണിയോ ആക്രമണമോ ഉണ്ടായാൽ അതിനെ നേരിടാനുള്ള സൈനികശേഷിയും ഈ രാജ്യങ്ങൾക്കുണ്ട്.
അതേസമയം, ശക്തമായ നാവികസേനയില്ലാത്തതും ഇന്ത്യ, ചൈന, ജപ്പാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുമായി സാമ്പത്തിക ബന്ധമുള്ളതുമായ ചെറുരാജ്യങ്ങൾ ഇവരിൽ ഏതെങ്കിലും ഒരു രാജ്യത്തിന്റെ സംരക്ഷണം ആവശ്യപ്പെടാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഹോർമുസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമുദ്രപാതകളിൽ സുരക്ഷാ സേവനം അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ ക്രമം രൂപപ്പെടാം. ലോകത്തിന്റെ പ്രകൃതിവിഭവങ്ങൾക്കു പിന്നാലെ അന്താരാഷ്ട്ര ജലപാതകളിലും സ്വാധീനം സ്ഥാപിച്ച് അവയെ വരുമാനസ്രോതസ്സാക്കി മാറ്റാനുള്ള നീക്കമായാണ് അമേരിക്കയുടെയും ഇറാന്റെയും നടപടികളെ ചില നിരീക്ഷകർ വിലയിരുത്തുന്നത്. ഈ സമീപനത്തിനെതിരെ യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ചുകഴിഞ്ഞു.