നാഗ്പൂർ (മഹാരാഷ്ട്ര), 2026 ജൂലൈ 14
കുട്ടികളിൽ വർധിച്ചുവരുന്ന സാംക്രമികമല്ലാത്ത രോഗങ്ങളെക്കുറിച്ചുള്ള വാർത്തകൾ കൂടുതൽ കൃത്യതയോടെയും ഉത്തരവാദിത്വത്തോടെയും റിപ്പോർട്ട് ചെയ്യാൻ മാധ്യമപ്രവർത്തകരെ സജ്ജരാക്കുന്ന ദ്വിദിന പരിശീലന ശിൽപ്പശാല നാഗ്പൂർ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ സമാപിച്ചു. പടിഞ്ഞാറൻ ഇന്ത്യയിലെ മുപ്പതിലധികം മാധ്യമപ്രവർത്തകർ പങ്കെടുത്ത പരിപാടി യുനിസെഫ് ഇന്ത്യ, പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ പടിഞ്ഞാറൻ മേഖല, നാഗ്പൂർ എയിംസ് എന്നിവ ചേർന്നാണ് സംഘടിപ്പിച്ചത്. കുട്ടികളിലെ രോഗങ്ങൾ എങ്ങനെ കണ്ടെത്തുന്നു, ചികിത്സിക്കുന്നു, ദീർഘകാലമായി കൈകാര്യം ചെയ്യുന്നു എന്നിവ മാധ്യമപ്രവർത്തകർ നേരിട്ട് മനസ്സിലാക്കി. ആരോഗ്യവാർത്തകൾ മികച്ച രീതിയിൽ അവതരിപ്പിക്കാനുള്ള മാർഗങ്ങളും പരിശീലനത്തിൽ വിശദീകരിച്ചു.
ഗ്രാമത്തിലും നഗരത്തിലും ഒരുപോലെ ഉയരുന്ന ഭീഷണി
അഞ്ച് മുതൽ ഒമ്പത് വയസുവരെയുള്ള കുട്ടികളിലും പത്ത് മുതൽ പത്തൊൻപത് വയസുവരെയുള്ള കൗമാരക്കാരിലും സാംക്രമികമല്ലാത്ത രോഗങ്ങളുടെ സാധ്യത ഉയരുന്നതാണ് ശിൽപ്പശാല പ്രധാനമായും ചർച്ച ചെയ്തത്. പടിഞ്ഞാറൻ, മധ്യ ഇന്ത്യയിലെ ഗ്രാമ-ഗോത്ര മേഖലകളിൽ രോഗനിർണയത്തിനും വിദഗ്ധ ചികിത്സയ്ക്കുമുള്ള പരിമിതമായ സൗകര്യങ്ങൾ പ്രശ്നം രൂക്ഷമാക്കുന്നുണ്ട്. നഗരങ്ങളിൽ വ്യായാമമില്ലാത്ത ജീവിതരീതി, കൂടുതൽ സമയം മൊബൈൽ-കംപ്യൂട്ടർ സ്ക്രീനുകൾക്ക് മുന്നിൽ ചെലവഴിക്കൽ, ഭക്ഷണരീതിയിലെ മാറ്റം എന്നിവ കാരണം കുട്ടികളിലെ അമിതവണ്ണം, പ്രമേഹം, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയും ഉയരുകയാണ്. പല രോഗങ്ങളും സങ്കീർണതകൾ ഉണ്ടാകുന്നതുവരെ തിരിച്ചറിയപ്പെടാതെ പോകുന്നതായും വിദഗ്ധർ ചൂണ്ടിക്കാട്ടി.
തെളിവുകളെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടിങ് വേണം
പൊതുജനാരോഗ്യ വാർത്തകൾ ജനങ്ങളുടെ അവബോധത്തെയും പ്രവർത്തനങ്ങളെയും സ്വാധീനിക്കുന്നുവെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ പടിഞ്ഞാറൻ മേഖല ഡയറക്ടർ ജനറൽ സ്മിത വാട്സ് ശർമ പറഞ്ഞു. കുട്ടികളെ ബാധിക്കുന്ന പുതിയ ആരോഗ്യപ്രശ്നങ്ങൾ ജനങ്ങൾക്ക് മനസ്സിലാകുന്ന വിധത്തിൽ തെളിവുകളെ അടിസ്ഥാനമാക്കി അവതരിപ്പിക്കേണ്ട ഉത്തരവാദിത്വം മാധ്യമപ്രവർത്തകർക്കുണ്ടെന്നും അവർ വ്യക്തമാക്കി.
കുട്ടികളിലെ സാംക്രമികമല്ലാത്ത രോഗങ്ങൾ പലപ്പോഴും ദീർഘകാലം കഴിഞ്ഞാണ് പുറത്തുവരുന്നതെന്നും അവയുടെ തുടക്കം ബാല്യത്തിൽ തന്നെയാണെന്നും നാഗ്പൂർ എയിംസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോക്ടർ പ്രശാന്ത് ജോഷി പറഞ്ഞു. നേരത്തെയുള്ള രോഗനിർണയം, തുടർച്ചയായ പരിചരണം, ശക്തമായ പൊതുജനാരോഗ്യ സംവിധാനം എന്നിവ അനിവാര്യമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടപ്പാക്കാവുന്ന ചികിത്സാമാതൃകകൾ വികസിപ്പിക്കാനാണ് നാഗ്പൂർ എയിംസ് ശ്രമിക്കുന്നതെന്നും രോഗലക്ഷണങ്ങൾ നേരത്തേ തിരിച്ചറിയാൻ കുടുംബങ്ങളെ സഹായിക്കുന്നതിൽ മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റണം
കുട്ടികളിലെ സാംക്രമികമല്ലാത്ത രോഗങ്ങളെക്കുറിച്ച് കൃത്യതയോടെയും കരുതലോടെയും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കപ്പെടാതെ പോകുന്ന പ്രശ്നങ്ങൾ പൊതുസമൂഹത്തിന് മുന്നിലെത്തുമെന്ന് യുനിസെഫ് ഇന്ത്യയുടെ ആശയവിനിമയം, പ്രചാരണം, പങ്കാളിത്തം വിഭാഗം മേധാവി സഫ്രിൻ ചൗധരി പറഞ്ഞു. നേരത്തെയുള്ള പരിശോധനയെ പ്രോത്സാഹിപ്പിക്കാനും രോഗവുമായി ബന്ധപ്പെട്ട സാമൂഹിക അപകീർത്തി കുറയ്ക്കാനും ഈ രോഗങ്ങൾ തടയാനും ചികിത്സിക്കാനും കഴിയുമെന്ന സന്ദേശം ശക്തിപ്പെടുത്താനും മാധ്യമങ്ങൾക്ക് കഴിയുമെന്നും അവർ വ്യക്തമാക്കി.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ ആരോഗ്യ സേവന ഡയറക്ടറേറ്റ് ജനറൽ അഡീഷണൽ ഡയറക്ടർ ജനറൽ ഡോക്ടർ തുഷാർ എൻ. നലെ, കേന്ദ്ര സർക്കാരിന്റെ സാംക്രമികമല്ലാത്ത രോഗനിയന്ത്രണ പരിപാടിയെക്കുറിച്ച് വിശദീകരിച്ചു.
മഹാരാഷ്ട്രയിൽ പ്രത്യേക ചികിത്സാ പങ്കാളിത്തം
കുട്ടികളിലെ സാംക്രമികമല്ലാത്ത രോഗങ്ങൾ തടയുന്നതിനും ചികിത്സാ സംവിധാനം ശക്തിപ്പെടുത്തുന്നതിനുമായി മഹാരാഷ്ട്ര സർക്കാർ ഈ വർഷം ആദ്യം നാഗ്പൂർ എയിംസുമായി ധാരണാപത്രം ഒപ്പിട്ടിരുന്നു. യുനിസെഫ് ഇന്ത്യയുടെ തന്ത്രപരമായ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതനുസരിച്ച് നാഗ്പൂർ എയിംസ് സാങ്കേതിക മികവിന്റെ കേന്ദ്രമായി പ്രവർത്തിക്കും.
കുട്ടികളിലെ ഇത്തരം രോഗങ്ങൾ ഇനി അപൂർവമല്ലെന്നും അവ പ്രധാന പൊതുജനാരോഗ്യ വെല്ലുവിളിയായി മാറിയിരിക്കുകയാണെന്നും യുനിസെഫ് മഹാരാഷ്ട്ര മേധാവി സഞ്ജയ് സിങ് പറഞ്ഞു. രോഗങ്ങൾ നേരത്തേ കണ്ടെത്തൽ, ശരിയായ ചികിത്സാകേന്ദ്രങ്ങളിലേക്കുള്ള കൈമാറ്റ സംവിധാനം, ഗുണനിലവാരമുള്ള പരിചരണം എന്നിവ മെച്ചപ്പെടുത്തി എല്ലാ കുട്ടികൾക്കും ആവശ്യമായ സഹായം ലഭ്യമാക്കാനാണ് മഹാരാഷ്ട്ര സർക്കാരും നാഗ്പൂർ എയിംസും യുനിസെഫും ചേർന്ന് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
ചികിത്സാകേന്ദ്രത്തിലെ അനുഭവം നേരിട്ട് കണ്ടു
നാഗ്പൂർ എയിംസിലെ കുട്ടികളുടെ സാംക്രമികമല്ലാത്ത രോഗങ്ങൾക്കായുള്ള മികവിന്റെ കേന്ദ്രം സന്ദർശിച്ചതായിരുന്നു പരിശീലനത്തിന്റെ പ്രധാന ഭാഗം. മാധ്യമപ്രവർത്തകർ ഡോക്ടർമാരുമായും ചികിത്സയിലുള്ള കുട്ടികളുമായും പരിചാരകരുമായും സംസാരിച്ചു. ദീർഘകാല ചികിത്സയുമായി ബന്ധപ്പെട്ട യാഥാർഥ്യങ്ങളും അവർ നേരിട്ട് മനസ്സിലാക്കി.
രോഗങ്ങളെക്കുറിച്ചുള്ള അറിവ് പരിശോധിക്കുകയും വർധിപ്പിക്കുകയും ചെയ്യുന്ന സംവാദാത്മക ചോദ്യോത്തര പരിപാടിയിലും മാധ്യമപ്രവർത്തകർ പങ്കെടുത്തു. വിവിധ സംഘങ്ങളായി തിരിഞ്ഞ് സ്വന്തം വാർത്താമുറികളിൽ ഉപയോഗിക്കാവുന്ന വാർത്താ ആശയങ്ങളും റിപ്പോർട്ടിങ് സമീപനങ്ങളും അവർ തയ്യാറാക്കി.
നാഗ്പൂർ എയിംസ് ശിശുരോഗ വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോക്ടർ മീനാക്ഷി ഗിരീഷിന്റെ കുട്ടികളിലെ സാംക്രമികമല്ലാത്ത രോഗങ്ങളെക്കുറിച്ചുള്ള പ്രഭാഷണത്തോടെയാണ് ശിൽപ്പശാല ആരംഭിച്ചത്. ആരോഗ്യവാർത്തകൾ തയ്യാറാക്കാൻ കേന്ദ്ര സർക്കാർ നൽകുന്ന വിവരശേഖരങ്ങളും പരിചയപ്പെടുത്തി. വിവിധ ഭാഷകളിലുള്ള പുതിയ ആരോഗ്യവിവരങ്ങൾക്കായി പ്രസ് ഇൻഫർമേഷൻ ബ്യൂറോയെ എങ്ങനെ ഉപയോഗിക്കാമെന്നും ദേശീയ കുടുംബാരോഗ്യ സർവേ, സാമ്പിൾ രജിസ്ട്രേഷൻ സംവിധാനം, പോഷൺ ട്രാക്കർ തുടങ്ങിയ വിവിധ മന്ത്രാലയങ്ങളുടെ വിവരശേഖരങ്ങൾ എങ്ങനെ കണ്ടെത്താമെന്നും വിശദീകരിച്ചു.
2026 സെപ്റ്റംബറിലെ സാംക്രമികമല്ലാത്ത രോഗവാരാചരണം വരെ തുടരുന്ന മാധ്യമ ഇടപെടലുകളുടെ തുടക്കമാണ് ഈ ശിൽപ്പശാല. കുട്ടികളിലെ ഇത്തരം രോഗങ്ങളെക്കുറിച്ചുള്ള പൊതുജന ധാരണ മെച്ചപ്പെടുത്തുകയും തെളിവുകളെ അടിസ്ഥാനമാക്കിയുള്ള ആരോഗ്യ റിപ്പോർട്ടിങ് ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.