ചണ്ഡീഗഢ്, ജൂലൈ 11-
സൈനികസേവനത്തിനിടെയുണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് പിരിച്ചുവിടപ്പെട്ട സൈനികന്റെ വിധവയ്ക്ക് മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ അനുകൂല വിധി. അർഹതപ്പെട്ട ആജീവനാന്ത കുടുംബപെൻഷനും 1993 മുതലുള്ള കുടിശ്ശികയും ഉടനടി നൽകാൻ സായുധസേനാ ട്രൈബ്യൂണൽ (AFT) ഉത്തരവിട്ടു. മുപ്പത്തിമൂന്ന് വർഷമായി നീണ്ടുനിന്ന പെൻഷൻ തർക്കത്തിലാണ് ജസ്റ്റിസ് സുധീർ മിത്തൽ, ലെഫ്റ്റനന്റ് ജനറൽ രൺബീർ സിങ് എന്നിവരടങ്ങിയ ചണ്ഡീഗഢ് ബെഞ്ചിന്റെ നിർണായക വിധി.
അവകാശം നിരന്തരം നിഷേധിച്ചു
ഗണ്ണർ ദർശൻ സിങ്ങിന്റെ വിധവയ്ക്കാണ് വർഷങ്ങൾക്കൊടുവിൽ നീതി ലഭ്യമായിരിക്കുന്നത്. ഒൻപത് വർഷത്തിലധികം സൈനികസേവനം പൂർത്തിയാക്കിയ ദർശൻ സിങ്ങിനെ, ശാരീരികമായി അയോഗ്യനാണെന്ന് കണ്ടെത്തി 1993 ഏപ്രിലിലാണ് സർവീസിൽ നിന്ന് പിരിച്ചുവിട്ടത്. സൈനികസേവനവുമായി ബന്ധപ്പെട്ട ശാരീരിക വൈകല്യങ്ങളാണ് പിരിച്ചുവിടലിന് കാരണണമെന്ന് ഔദ്യോഗികമായി അംഗീകരിച്ചിരുന്നെങ്കിലും, അദ്ദേഹത്തിന് അർഹമായ വൈകല്യ ആനുകൂല്യങ്ങൾ നൽകാൻ അധികൃതർ തയ്യാറായിരുന്നില്ല.
സേവന കാലാവധിയുടെ പേരിൽ തടസ്സവാദങ്ങൾ
തനിക്ക് അർഹതപ്പെട്ട പെൻഷൻ ആവശ്യപ്പെട്ട് ദർശൻ സിങ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. തുടർന്ന് 2012-ൽ അദ്ദേഹത്തിന് അനുകൂലമായ ഉത്തരവ് ലഭിച്ചെങ്കിലും, കുടിശ്ശിക മൂന്ന് വർഷത്തെ തുകയായി അധികൃതർ ചുരുക്കി. പത്ത് വർഷത്തെ സേവനം പൂർത്തിയാക്കിയില്ലെന്ന സാങ്കേതിക കാരണം പറഞ്ഞ് പെൻഷൻ വകുപ്പ് ഈ ഉത്തരവ് നടപ്പാക്കാൻ കൂട്ടാക്കിയതുമില്ല. കേസിന്റെ അന്തിമ വിധി വരും മുൻപ്, 2011 നവംബറിൽ ദർശൻ സിങ് അന്തരിച്ചു. എന്നാൽ, ഒരു സൈനികന്റെ മരണം അദ്ദേഹത്തിന്റെ പെൻഷൻ അവകാശത്തെ ഇല്ലാതാക്കുന്നില്ലെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കി.
ഉത്തരവ് നടപ്പാക്കാത്തതിൽ കടുത്ത വിമർശനം
ഭർത്താവിന് ലഭിക്കേണ്ടിയിരുന്ന പെൻഷൻ ആനുകൂല്യങ്ങൾക്കും അദ്ദേഹത്തിന്റെ മരണശേഷം തനിക്ക് ലഭിക്കേണ്ട കുടുംബപെൻഷനുമായി പിന്നീട് വിധവ നിയമപോരാട്ടം തുടരുകയായിരുന്നു. അനുകൂല ഉത്തരവുണ്ടായിട്ടും 14 വർഷമായിട്ടും അത് നടപ്പാക്കാതിരുന്നത് ഗുരുതരമായ വീഴ്ചയാണെന്ന് ട്രൈബ്യൂണൽ നിരീക്ഷിച്ചു. നിയമപരമായി നിലനിൽക്കാത്ത നിസ്സാര കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആർട്ടിലറി രേഖാവിഭാഗം ഇവരുടെ അവകാശവാദം തള്ളിയതെന്നും ബെഞ്ച് കടുത്ത ഭാഷയിൽ വിമർശിച്ചു.
പീഡനത്തിന് 5 ലക്ഷം രൂപ പിഴ
വിധവയെ അനാവശ്യമായി നിയമക്കുരുക്കുകളിൽ പെടുത്തി പീഡിപ്പിക്കുകയും അർഹമായ പെൻഷൻ വൈകിപ്പിക്കുകയും ചെയ്തതിനാണ് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കുമേൽ അഞ്ച് ലക്ഷം രൂപ കോടതിച്ചെലവ് (പിഴ) ചുമത്തിയത്. 2022-ൽ ഇവർക്ക് കുടുംബപെൻഷൻ അനുവദിക്കുന്നതിനുള്ള നടപടികൾ അധികൃതർ ആരംഭിച്ചതുതന്നെ വിധവയുടെ അർഹത അംഗീകരിച്ചതിന് തെളിവാണെന്ന് ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി. സൈനിക കുടുംബങ്ങളുടെ നിയമപരമായ അവകാശങ്ങൾ ഉദ്യോഗസ്ഥരുടെ അനാസ്ഥയിലൂടെ തടഞ്ഞുവെക്കാനാകില്ലെന്ന ശക്തമായ സന്ദേശമാണ് ഈ വിധിയിലൂടെ ട്രൈബ്യൂണൽ നൽകുന്നത്.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.