രാജ്യത്തെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് വലിയ ആശ്വാസമേകുന്ന നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയിരിക്കുകയാണ്. വിബി-ഗ്രാം ജി (VB-G RAM G) നിയമപ്രകാരം പുതുക്കിയ വേതന നിരക്കുകൾ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഔദ്യോഗികമായി പുറത്തിറക്കി. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വേതനത്തിൽ വലിയ വർധനവാണ് വരുത്തിയിരിക്കുന്നത്.
ഇനി ഒരു സംസ്ഥാനത്തും 300 രൂപയിൽ താഴെ കൂലിയില്ല
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പാവപ്പെട്ട കുടുംബങ്ങളുടെ ജീവിതനിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ നടപടി. രാജ്യത്താകെ ശരാശരി 10 ശതമാനത്തിലധികം വർധനവാണ് കൂലിയിൽ ഉണ്ടായിരിക്കുന്നത്. മുൻപ് പല സംസ്ഥാനങ്ങളിലും ദിവസക്കൂലി 300 രൂപയിൽ താഴെയായിരുന്നു. ഏറ്റവും കുറഞ്ഞ കൂലി 241 രൂപയായിരുന്ന അവസ്ഥയിൽ നിന്നാണ് ഇപ്പോൾ കുറഞ്ഞ അടിസ്ഥാന കൂലി 300 രൂപയായി നിശ്ചയിച്ചിരിക്കുന്നത്. ഇതിന്റെ ഗുണം 21 സംസ്ഥാനങ്ങളിലെ തൊഴിലാളികൾക്ക് നേരിട്ട് ലഭിക്കും. കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിൽ കൂലി 400 രൂപയും കടന്നിട്ടുണ്ട്. കേരളത്തിൽ ഇനി മുതൽ ദിവസക്കൂലി 401 രൂപയായിരിക്കും. ഹരിയാനയിൽ 409 രൂപയും ഗോവയിൽ 406 രൂപയുമാണ് പുതിയ നിരക്ക്.
125 ദിവസത്തെ തൊഴിൽ ഉറപ്പ്
നേരത്തെ നിലവിലുണ്ടായിരുന്ന എംജിഎൻആർഇജിഎ (MGNREGA) പദ്ധതിക്ക് പകരമായി വിബി-ഗ്രാം ജി നിയമം പ്രാബല്യത്തിൽ വന്നതോടെയാണ് ഗ്രാമീണ മേഖലയിൽ ഈ വലിയ മാറ്റങ്ങൾ തുടങ്ങിയിരിക്കുന്നത്. മുൻപ് 100 ദിവസമായിരുന്ന തൊഴിൽ ഗ്യാരണ്ടി ഇപ്പോൾ 125 ദിവസമായി ഉയർത്തിയിട്ടുണ്ട്. ചരിത്രപരമായി കുറഞ്ഞ കൂലി നിലവിലിരുന്ന ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ 15 മുതൽ 25 ശതമാനം വരെയാണ് വർധനവ് വരുത്തിയത്. ഇത് ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ വരുമാനവും വാങ്ങൽ ശേഷിയും വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പായിട്ടാണ് ഈ വേതന പരിഷ്കരണത്തെ കേന്ദ്ര സർക്കാർ കാണുന്നത്.