ഒസ്ലോ, 2026 ജൂൺ 19 –
ക്ലാസ് മുറികളിൽ ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപകരണങ്ങളുടെ ഉപയോഗത്തിന് നോർവേ സർക്കാർ കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചു. ഈ വർഷം ഓഗസ്റ്റിൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷം മുതൽ ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ പഠിക്കുന്ന 6 മുതൽ 13 വയസ്സുവരെയുള്ള കുട്ടികൾ പൊതുവെ എഐ ഉപയോഗിക്കരുതെന്നാണ് പുതിയ മാർഗനിർദേശം. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായാണ് സർക്കാർ ഈ തീരുമാനം പ്രഖ്യാപിച്ചത്.
അടിസ്ഥാന പഠനത്തിന് പ്രാധാന്യം
പ്രധാനമന്ത്രി യോനാസ് ഗാർ സ്റ്റോറെ ആണ് പുതിയ നയം പ്രഖ്യാപിച്ചത്. ചെറുപ്രായത്തിലുള്ള കുട്ടികൾ എഐയെ ആശ്രയിച്ചാൽ പഠനത്തിലെ പ്രധാന ഘട്ടങ്ങൾ ഒഴിവാക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. വായന, എഴുത്ത്, ഗണിതശാസ്ത്രം എന്നിവയാണ് സ്കൂൾ വിദ്യാഭ്യാസത്തിന്റെ അടിത്തറയെന്നും കുട്ടികൾ ആദ്യം അവയിൽ പ്രാവീണ്യം നേടണമെന്നും സർക്കാർ വ്യക്തമാക്കി. 14 മുതൽ 16 വയസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് അധ്യാപകരുടെ മേൽനോട്ടത്തിൽ മാത്രമേ എഐ ഉപയോഗിക്കാനാകൂ. 17 മുതൽ 19 വയസ്സ് വരെയുള്ളവർക്ക് ഉയർന്ന വിദ്യാഭ്യാസത്തിനും തൊഴിലിനുമായി എഐയുടെ ഉത്തരവാദിത്തപരമായ ഉപയോഗം പഠിപ്പിക്കും.
ഡിജിറ്റൽ ആശ്രിതത്വത്തിൽ നിന്ന് തിരിച്ചുപോക്ക്
1990-കളിൽ തന്നെ ക്ലാസ് മുറികളിൽ കമ്പ്യൂട്ടറുകൾ വ്യാപകമാക്കിയ രാജ്യമാണ് നോർവേ. 2010-ന് ശേഷം ടാബ്ലെറ്റുകളുടെ ഉപയോഗവും വർധിച്ചു. എന്നാൽ വിദ്യാഭ്യാസ ഫലങ്ങളിൽ ഇടിവ് രേഖപ്പെടുത്തിയതോടെ സർക്കാർ ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗം പുനഃപരിശോധിക്കാൻ തുടങ്ങി. 2024-ൽ സ്കൂളുകളിൽ സ്മാർട്ട്ഫോണുകൾ നിരോധിക്കുകയും അധ്യാപകർക്ക് കൂടുതൽ അച്ചടക്ക അധികാരങ്ങൾ നൽകുകയും ചെയ്തിരുന്നു. ഇപ്പോൾ പുസ്തകങ്ങളുടെ ഉപയോഗം വർധിപ്പിക്കാൻ പ്രത്യേക നിയമനിർമാണവും സർക്കാർ ആലോചിക്കുന്നു. 16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാനുള്ള പദ്ധതിയും നേരത്തെ പ്രഖ്യാപിച്ചിരുന്നു.