തിരുവനന്തപുരം, 2026 ജൂൺ 18 –
സംസ്ഥാനത്തെ സ്വകാര്യ ബസുകളെയും കെഎസ്ആർടിസി മാതൃകയിൽ പ്രവർത്തിപ്പിക്കുന്ന പുതിയ പദ്ധതി സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. സ്ത്രീകൾക്കുള്ള സൗജന്യയാത്ര മലബാർ മേഖലകളിലേക്കും വ്യാപിപ്പിക്കുന്നതിനും സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുന്നതിനുമാണ് ഈ നീക്കം. പദ്ധതിയെക്കുറിച്ചുള്ള പ്രാഥമിക ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.
ഉത്തർപ്രദേശ്, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിൽ നടപ്പാക്കിയ മാതൃകയാണ് കേരളവും പഠിക്കുന്നത്. പദ്ധതിയിൽ ഉൾപ്പെടുന്ന സ്വകാര്യ ബസുകൾക്ക് കെഎസ്ആർടിസി നിശ്ചിത വാടക നൽകും. ഡ്രൈവറുടെ ശമ്പളം ബസുടമ നൽകും. കണ്ടക്ടർ കെഎസ്ആർടിസിയിൽ നിന്നായിരിക്കും. ബസുകളുടെ അറ്റകുറ്റപ്പണിയും ഇന്ധനച്ചെലവും കെഎസ്ആർടിസി വഹിക്കും. പദ്ധതി നടപ്പായാൽ ഗ്രാമീണ റൂട്ടുകളിലും കൂടുതൽ സർവീസുകൾ നടത്താൻ കഴിയുമെന്നും അനാവശ്യ ചാർജ് വർധന ഒഴിവാക്കാനാകുമെന്നും വിലയിരുത്തപ്പെടുന്നു.
പ്രിയദർശിനി സൗജന്യയാത്ര പദ്ധതിക്ക് ശേഷം വരുമാനം കുറഞ്ഞുവെന്നാണ് സ്വകാര്യ ബസുടമകളുടെ പരാതി. നിലവിൽ ചെലവ് വർധന, നികുതി ഇളവ്, ചാർജ് വർധന തുടങ്ങിയ ആവശ്യങ്ങളാണ് അവർ ഉന്നയിക്കുന്നത്. പുതിയ പദ്ധതിയിലൂടെ ദിവസവരുമാനത്തേക്കാൾ സ്ഥിരമായ വാടക ലഭിക്കുന്നതിനാൽ സ്വകാര്യ ബസ് ഉടമകളുടെ സാമ്പത്തിക ആശങ്കകൾക്കും പരിഹാരമാകുമെന്നാണ് കണക്കുകൂട്ടൽ. പുതിയ ബസുകൾ വാങ്ങാതെ തന്നെ കൂടുതൽ സർവീസുകൾ നടത്താനും സർക്കാർ ലക്ഷ്യമിടുന്നു.