അമ്പലപ്പുഴ, 2026 ജൂൺ 16 –
കായംകുളം തീരത്ത് മത്സ്യബന്ധന ജോലിക്കിടെ കടലിൽ വീണ മത്സ്യത്തൊഴിലാളി മരിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കോമന വടക്കേ വീട്ടിൽ ബാലചന്ദ്രന്റെ മകൻ ശ്യാംകുമാർ (55) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്.
40ഓളം തൊഴിലാളികൾ ജോലി ചെയ്യുന്ന കാർമൽ എന്ന ലൈലൻഡ് വള്ളത്തിൽ വല വലിക്കുന്നതിനിടെയാണ് ശ്യാംകുമാർ കടലിൽ വീണത്. സഹപ്രവർത്തകർ ഉടൻ തന്നെ രക്ഷപ്പെടുത്തി ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം ഇന്ന് നടക്കും. മണിയമ്മയാണ് മാതാവ്. റീജയാണ് ഭാര്യ. ആദിത്യൻ, ആദർശ് എന്നിവരാണ് മക്കൾ.