തിരുവനന്തപുരം, 2026 ജൂണ്‍ 9 –
ബിജെപി നേതാവും സംവിധായകനുമായ മേജര്‍ രവിയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്. നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ നിര്യാണവേളയില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ താന്‍ എത്തിയത് 55 വാഹനങ്ങളുടെയും 560 പൊലീസുകാരുടെയും അകമ്പടിയോടെയാണെന്ന മേജര്‍ രവിയുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്ന് പ്രതികരിച്ചു.
ഇന്നസെന്റിന് അന്തിമോപചാരം അര്‍പ്പിക്കുന്ന യഥാര്‍ഥ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. അവ പരിശോധിച്ചാല്‍ ഈ അവകാശവാദത്തിന്റെ അടിസ്ഥാനരഹിതത്വം ആര്‍ക്കും മനസ്സിലാകുമെന്നും പ്രതികരണത്തില്‍ പറയുന്നു. മേജര്‍ രവിയെപ്പോലുള്ള ഒരാള്‍ ഇത്തരം വിലകുറഞ്ഞ പ്രചാരണം നടത്തുന്നത് അപലപനീയമാണെന്നും വിമര്‍ശനം.
ഇതുമായി ബന്ധപ്പെട്ട് ചില നവമാധ്യമ അക്കൗണ്ടുകളില്‍ വ്യാജ ദൃശ്യങ്ങള്‍ നിര്‍മിച്ച് പ്രചരിപ്പിച്ചതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വസ്തുതാവിരുദ്ധമായി നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പിണറായി വിജയന് അറിയിച്ചു.