ഡൽഹി / 2026 / ഓഗസ്റ്റ് 12
കന്നുകാലി വളർത്തലും മത്സ്യമേഖലയും ശക്തിപ്പെടുത്താൻ സാങ്കേതികവിദ്യയും ഡിജിറ്റൽ സംവിധാനങ്ങളും കൂടുതൽ വ്യാപകമായി ഉപയോഗിക്കുകയാണെന്ന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി രാജീവ് രഞ്ജൻ സിങ് എന്ന ലലൻ സിങ് അറിയിച്ചു. കർഷകർ, മത്സ്യത്തൊഴിലാളികൾ, മത്സ്യകർഷകർ, വിൽപ്പനക്കാർ തുടങ്ങിയവർക്ക് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഭാരത് പശുധൻ പോർട്ടലിൽ പശു ആധാർ സംവിധാനത്തിലൂടെ 39.23 കോടി കന്നുകാലികളും ദേശീയ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ 35.85 ലക്ഷം ഗുണഭോക്താക്കളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഓരോ കന്നുകാലിക്കും 12 അക്ക തിരിച്ചറിയൽ നമ്പർ
ഭാരത് പശുധൻ എന്ന കർഷകകേന്ദ്രിത ഡിജിറ്റൽ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുന്ന ഓരോ കന്നുകാലിക്കും 12 അക്കമുള്ള ബാർകോഡ് ഇയർ ടാഗ് നൽകുന്നു. പ്രജനനം, ആരോഗ്യം, ഉടമസ്ഥാവകാശം, ഉത്പാദനക്ഷമത തുടങ്ങിയ വിവരങ്ങൾ ഇതിലൂടെ പിന്തുടരാം. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മൊബൈൽ, വെബ് ആപ്ലിക്കേഷനുകൾ വഴി മൃഗ രജിസ്ട്രേഷൻ, കൃത്രിമ ബീജസങ്കലനം, വാക്സിനേഷൻ, രോഗവിവരം, ഇ-പ്രിസ്ക്രിപ്ഷൻ, തീറ്റ ക്രമീകരണം, പാൽ രേഖപ്പെടുത്തൽ എന്നിവ ഫീൽഡ് ജീവനക്കാർ രേഖപ്പെടുത്തുന്നു.
ദേശീയ കൃത്രിമ ബീജസങ്കലന പദ്ധതിയുടെ ഭാഗമായി 17.27 കോടി കൃത്രിമ ബീജസങ്കലനങ്ങൾ രേഖപ്പെടുത്തി. 10.51 കോടി മൃഗങ്ങൾ പദ്ധതിയുടെ പരിധിയിൽ വന്നപ്പോൾ 5.98 കോടി കർഷകർക്ക് പ്രയോജനം ലഭിച്ചു. ജനിതക മെച്ചപ്പെടുത്തൽ പദ്ധതികളിലെ പാൽ ഉത്പാദന വിവരങ്ങളും ഈ സംവിധാനത്തിൽ സൂക്ഷിക്കുന്നു. മികച്ച ജനിതക ഗുണമുള്ള കന്നുകാലികളെ കണ്ടെത്താനാണ് ഇത് ഉപയോഗിക്കുന്നത്. 1962 മൊബൈൽ ആപ്ലിക്കേഷൻ വഴി അതേ തിരിച്ചറിയൽ നമ്പർ ഉപയോഗിച്ച് കർഷകർക്ക് സ്ഥിരീകരിച്ച കന്നുകാലി വിവരങ്ങളും സേവനങ്ങളും ലഭിക്കും.
മത്സ്യമേഖലയ്ക്ക് ഏകജാലക ഡിജിറ്റൽ സംവിധാനം
പ്രധാനമന്ത്രി മത്സ്യ സമ്പദ യോജനയ്ക്ക് കീഴിൽ പ്രധാനമന്ത്രി മത്സ്യ കിസാൻ സമൃദ്ധി സഹയോജന എന്ന കേന്ദ്ര ഉപപദ്ധതി നടപ്പാക്കുകയാണ്. 2023-24 സാമ്പത്തിക വർഷം മുതൽ 2026-27 വരെ നാല് വർഷത്തേക്ക് 6,000 കോടി രൂപയാണ് പദ്ധതിയുടെ കണക്കാക്കിയ ചെലവ്. ഇതിന് കീഴിലുള്ള ദേശീയ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ്ഫോം 2024 സെപ്റ്റംബർ 11നാണ് ആരംഭിച്ചത്.
മത്സ്യബന്ധന, മത്സ്യകൃഷി മേഖലയിലെ എല്ലാ പങ്കാളികൾക്കും തൊഴിൽ അടിസ്ഥാനമാക്കിയ ഡിജിറ്റൽ തിരിച്ചറിയലും വിവരശേഖരവും സൃഷ്ടിക്കുകയാണ് പ്ലാറ്റ്ഫോമിന്റെ ലക്ഷ്യം. സ്ഥാപന വായ്പ, മത്സ്യ സഹകരണ സംഘങ്ങളുടെ ശക്തിപ്പെടുത്തൽ, മത്സ്യകൃഷി ഇൻഷുറൻസ് പ്രോത്സാഹനം, പ്രവർത്തനാധിഷ്ഠിത ആനുകൂല്യങ്ങൾ, മത്സ്യ ഉത്പന്നങ്ങളുടെ പിന്തുടർച്ചാ സംവിധാനം, പരിശീലനം, ശേഷിവികസനം എന്നിവയ്ക്കുള്ള ഏകജാലക സംവിധാനമായും ഇത് പ്രവർത്തിക്കുന്നു.
വായ്പാ അപേക്ഷ ബാങ്കിലേക്കെത്തും
പദ്ധതിയിലെ സാമ്പത്തിക, സാങ്കേതിക സഹായങ്ങൾ ലഭിക്കാൻ അപേക്ഷാ നടപടികൾ മുഴുവൻ ഓൺലൈനാക്കി. മത്സ്യത്തൊഴിലാളികൾ, മത്സ്യകർഷകർ, മത്സ്യ തൊഴിലാളികൾ, മത്സ്യവിൽപ്പനക്കാർ, സൂക്ഷ്മ-ചെറുകിട സംരംഭങ്ങൾ തുടങ്ങിയവർക്ക് സ്ഥാപന വായ്പ ലഭ്യമാക്കുകയാണ് പദ്ധതിയിലെ ഒന്നാം ഘടകത്തിന്റെ ലക്ഷ്യം. ദേശീയ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ്ഫോമുമായി 12 ദേശസാത്കൃത ബാങ്കുകളെ ബന്ധിപ്പിച്ചിട്ടുണ്ട്. പ്ലാറ്റ്ഫോമിലൂടെ ലഭിക്കുന്ന വായ്പാ താൽപര്യ അപേക്ഷകൾ ബാങ്കുകളിലേക്ക് കൈമാറും. തുടർ നടപടി ബാങ്കുകൾ നിലവിലുള്ള നടപടിക്രമപ്രകാരം സ്വീകരിക്കും. വിജയകരമായി വായ്പ നേടുന്ന അർഹരായ ഗുണഭോക്താക്കൾക്ക് 5,000 രൂപ വരെ സാമ്പത്തിക സഹായവും ലഭിക്കും.
അതേസമയം, ഭാരത് പശുധൻ സംവിധാനത്തിലോ ദേശീയ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ്ഫോമിലോ കിസാൻ ക്രെഡിറ്റ് കാർഡ് അപേക്ഷകൾ നേരിട്ട് പ്രോസസ്സ് ചെയ്യാനുള്ള സൗകര്യമില്ല. ഇത്തരം അപേക്ഷകൾ ബാങ്കുകൾ അവരുടെ കോർ ബാങ്കിങ് സോഫ്റ്റ്വെയർ വഴിയാണ് പരിശോധിച്ച് അംഗീകരിക്കുന്നത്.
മത്സ്യകൃഷി ഇൻഷുറൻസിന് 40 ശതമാനം പ്രോത്സാഹനം
മത്സ്യകൃഷി ഇൻഷുറൻസ് എടുക്കുന്ന കർഷകർക്ക് ഒരുതവണ പ്രോത്സാഹനവും പദ്ധതിയിൽ ലഭിക്കും. അടച്ച പ്രീമിയത്തിന്റെ 40 ശതമാനം വരെ പ്രോത്സാഹനം ലഭിക്കും. ഹെക്ടറിന് പരമാവധി 25,000 രൂപയും നാല് ഹെക്ടർ ജലവിസ്തൃതിവരെ ഒരു കർഷകന് പരമാവധി ഒരു ലക്ഷം രൂപയുമാണ് പരിധി.
ഫാം, കേജ് കൾച്ചർ, ആർ.എ.എസ്., ബയോഫ്ലോക്ക്, റേസ്വേ തുടങ്ങിയ തീവ്ര മത്സ്യകൃഷി സംവിധാനങ്ങൾക്കും പ്രീമിയത്തിന്റെ 40 ശതമാനം വരെ സഹായം ലഭിക്കും. 1,800 ഘനമീറ്റർവരെ ഉള്ള തീവ്ര മത്സ്യകൃഷി സംവിധാനങ്ങൾക്ക് ഒരു കർഷകന് പരമാവധി ഒരു ലക്ഷം രൂപയാണ് പരിധി. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലെയും വനിതാ ഗുണഭോക്താക്കൾക്കും ഇതിന് പുറമെ 10 ശതമാനം അധിക പ്രോത്സാഹനം ലഭിക്കും.