തിരുവനനന്തപുരം: തുടർച്ചയായ പത്തു വർഷത്തെ ഇടതുഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് 102 സീറ്റോടെ യുഡിഎഫ് അധികാരത്തിലേക്ക്. ആർത്തിരമ്പിയെത്തിയ ഭരണവിരുദ്ധ വികാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കം ആടിയുലഞ്ഞു. മന്ത്രിമാർ തോറ്റ്തുന്നംപാടി. കേരളത്തിന്റെ തെക്ക് മുതൽ വടക്ക് വരെ ആഞ്ഞടിച്ചൊരു കൊടുങ്കാറ്റ്, തളിപ്പറമ്പും , പയ്യന്നൂരും, ഉദുമയും, തൃക്കരിപ്പൂരും അടക്കമുള്ള ചെങ്കോട്ടകളെ തകർത്ത് തരിപ്പണമാക്കി . 2021ൽ 99 സീറ്റുമായി അധികാരത്തുടർച്ച നേടിയ എൽഡിഎഫ് 35-ലേക്ക് കൂപ്പുക്കുത്തി. യുഡിഎഫ് തരംഗത്തിനിടയിലും മൂന്ന് സീറ്റ് പിടിച്ച് ബിജെപി കരുത്തറിയിച്ചു. നേമം തിരിച്ച് പിടിച്ച ബിജെപി ചരിത്രത്തിലാദ്യമായി ചാത്തന്നൂരിലും കഴക്കൂട്ടത്തും കാവിക്കൊടി പാറിച്ചു.
തോറ്റമന്ത്രിമാർ
ഇടുക്കി,കോട്ടയം,എറണാകുളം, മലപ്പുറം,വയനാട് ജില്ലകളിൽനിന്ന് എൽഡിഎഫ് അപ്രത്യക്ഷമായി. മന്ത്രിമാരായ വി.ശിവൻകുട്ടി, പി.രാജീവ്, എം.ബി.രാജേഷ്, വീണാ ജോർജ്, കടന്നപ്പള്ളി രാമചന്ദ്രൻ, വി.എൻ.വാസവൻ, ആർ.ബിന്ദു, റോഷി അഗസ്റ്റിൻ, ചിഞ്ചുറാണി, എ.കെ.ശശീന്ദ്രൻ, വി.അബ്ദുറഹിമാൻ, കെ.ബി.ഗണേഷ് കുമാർ എന്നിവർ തോറ്റു.
ചരിത്രത്തിലാദ്യമായി ലീഗിന് നിയമസഭയിൽ വനിതാപ്രാധിനിധ്യം
പേരാവൂരിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനോട് മത്സരിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജയും പരാജയപ്പെട്ടു. എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ പേരാമ്പ്രയിൽ മുസ്ലിംലീഗിന്റെ ഫാത്തിമ തഹിലിയയ്ക്ക് മുന്നിൽ കീഴടങ്ങി. ഇതോടെ ചരിത്രത്തിലാദ്യമായി ലീഗിന് നിയമസഭയിൽ വനിതാപ്രാധിനിധ്യമായി.
ജയിച്ച മന്ത്രിമാർ
ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യത്തെ ആറ് റൗണ്ട് വരെ പിന്നിലായിരുന്നു. 2021-ൽ 50123 വോട്ടുകൾക്ക് പിണറായി വിജയൻ വിജയിച്ച മണ്ഡലമാണ് ധർടം. മുഖ്യമന്ത്രി പിണറായി വിജയൻ, കെ.എൻ ബാലഗോപാൽ, സജി ചെറിയാൻ, മുഹമ്മദ് റിയാസ്, പി.പ്രസാദ്,ജി.ആർ.അനിൽ,കെ.രാജൻ എന്നിവർക്ക് മാത്രമാണ് മന്ത്രിമാരിൽ ജയിക്കാനായത്