പാറ്റ്ന: ബിഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ അഞ്ച് പേർ മരിച്ചു. നിരവധിപേർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്. മോത്തിഹാരിയിലെ തുർകൗലിയ, രഘുനാഥ്പൂർ പ്രദേശങ്ങളിലാണ് വ്യാഴാഴ്ച സംഭവമുണ്ടായത്. നിലവിൽ ആറുപേർ ചികിത്സയിൽ കഴിയുന്നുണ്ട്. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ഏഴ് പേർ ആശുപത്രി വിട്ടു. മരണസംഖ്യ അഞ്ചായി ഉയർന്നതായും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചതായും ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു. റിപ്പോർട്ട് വന്നതിനുശേഷം മാത്രമേ മരണത്തിന്റെ കൃത്യമായ കാരണം അറിയാൻ കഴിയൂ. തുർകൗലിയ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ സസ്പെൻഡ് ചെയ്തതായും അദ്ദേഹം പറഞ്ഞു.
പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചു
സംഭവത്തിൽ 12 പേർ അറസ്റ്റിലായി .മരിച്ചവരുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തതായി പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചതായി പോലീസ് സൂപ്രണ്ട് സ്വർണ് പ്രഭാത് പറഞ്ഞു.
ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.
“മദ്യ വിതരണക്കാരനെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്, ഇയാൾ ഉടൻ തന്നെ പിടിയിലാകും. ജില്ലാ പോലീസും മദ്യവിരുദ്ധ ടാസ്ക് ഫോഴ്സും (ALTF) ഉൾപ്പെടുന്ന സംഘം പർസൗണി, മുഷ്ഹാരി തോല, തുർകൗലിയ എന്നിവിടങ്ങളിൽ തിരച്ചിൽ നടത്തുകയാണ്. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്’. പ്രഭാത് വ്യക്തമാക്കി.
.
.


