ആലപ്പുഴ: യു. പ്രതിഭക്കെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ മുസ്ലിം ലീഗ് നേതാവ് ഇർഷാദ് ചക്കാലശേരിക്കെതിരെ കേസെടുക്കാൻ ജില്ലാ കളക്ടർ പോലീസിനു നിർദേശം നൽകി. പ്രഥമദൃഷ്ട്യാ മാതൃകാപ്പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുക്കാൻ നിർദേശം നൽകിയതെന്ന് കളക്ടർ വ്യക്തമാക്കി.
സ്ത്രീകളുടെ അഭിമാനത്തെ ക്ഷതപ്പെടുത്തൽ,
സ്ത്രീകളുടെ അഭിമാനത്തെ ക്ഷതപ്പെടുത്തൽ, തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അടിസ്ഥാനരഹിതമായ പ്രസ്താവന നടത്തൽ, തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന വിധത്തിലുള്ള തെറ്റായ പ്രസ്താവന നടത്തൽ, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുക്കാനാണ് പോലീസിന് നിർദേശം നൽകിയത്. മാർച്ച് 24 ചൊവ്വാഴ്ച കായംകുളത്ത് നടന്ന യുഡിഎഫ് കൺവൻഷനിടെയാണ് എ. ഇർഷാദ് എൽഡിഎഫ് സ്ഥാനാർഥിയായ പ്രതിഭയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. സംഭവം വിവാദമായതിന് പിന്നാലെ ഇർഷാദിനെ ലീഗിൽനിന്ന് സസ്പെൻഡു ചെയ്തിരുന്നു.
