ന്യൂഡൽഹി | ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാർച്ച് 24 ചൊവ്വാഴ്ചയാണ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസ കോശ സംബന്ധമായ അസുഖങ്ങളെ തുടർന്നാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് വിവരം. മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി വാദ്രയും ആശുപത്രിയിൽ എത്തിയിരുന്നു.
ബ്രോങ്കിയൽ ആസ്മ വർധിച്ചതായിരുന്നു അന്ന് ആരോഗ്യനില വഷളാകാൻ കാരണം
. ആരോഗ്യനില തൃപ്തികരമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈ വർഷം ജനുവരിയിലും ശ്വസനസംബന്ധമായ അസ്വസ്ഥതകളെത്തുടർന്ന് അവരെ ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡൽഹിയിലെ കഠിനമായ തണുപ്പും വായുമലിനീകരണവും കാരണം അവരുടെ ബ്രോങ്കിയൽ ആസ്മ വർധിച്ചതായിരുന്നു അന്ന് ആരോഗ്യനില വഷളാകാൻ കാരണമായതെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു.
നിലവിൽ രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭ എം പി ആണ് സോണിയ ഗാന്ധി
കഴിഞ്ഞ ഡിസംബറിൽ 79 വയസ്സ് തികഞ്ഞ സോണിയ ഗാന്ധി നിലവിൽ രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭ എം പി ആണ്. രാജ്യസഭയിലേക്ക് എത്തുന്നതിന് മുൻപ് അഞ്ച് തവണ അവർ ലോക് സഭ എം പി ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ രണ്ട് തവണ കോൺഗ്രസ് പാർട്ടിയുടെ അധ്യക്ഷ പദവിയും അവർ വഹിച്ചിട്ടുണ്ട്.
