കടുത്തുരുത്തി: കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ഹൗസ് സര്‍ജനായി ജോലി ചെയ്യുന്നതിനിടെ പരിശോധനയ്ക്കെത്തിയ ആളിന്റെ കുത്തേറ്റ് ഡോ. വന്ദന ദാസ് മരിച്ച കേസിലെ വിധി ഇന്ന്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. 2023 മേയ് പത്തിന് പുലര്‍ച്ചെ 4.15 ഓടെയാണ് ഡോ. വന്ദന ദാസിന് (23) ആശുപത്രിയില്‍ കുത്തേറ്റത്.പോലീസ് വൈദ്യപരിശോധനയ്ക്കായെത്തിച്ച കൊല്ലം കുടവട്ടൂര്‍ എല്‍പി സ്കൂളിലെ അധ്യാപകനായ പൂയപ്പള്ളി സ്വദേശി സന്ദീപ് (46) ആണ് ഡോക്ടറെ കുത്തിയത്. അത്യാഹിത വിഭാഗത്തില്‍ വച്ച് സര്‍ജിക്കല്‍ കത്രിക ഉപയോഗിച്ച് ഡോക്ടറെ കുത്തുകയായിരുന്നു.
നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ പ്രതിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ
മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ കെ.ജി. മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളായിരുന്നു വന്ദന. വീട് നിറയെ വന്ദനയുടെ ഓര്‍മകളുള്ള വസ്തുക്കളും പുസ്തകങ്ങളും പടങ്ങളുമെല്ലാം സൂക്ഷിച്ചിട്ടുണ്ട്. മരണം നടന്ന് രണ്ട് വര്‍ഷവും 10 മാസവും ഏഴ് ദിവസവും ആകുമ്പോഴാണ് വിധി വരുന്നത്.നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ പ്രതിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇന്ന് വിധി കേള്‍ക്കാനായി തങ്ങള്‍ കോടതി മുറിയിലുണ്ടാകുമെന്നും മോഹന്‍ദാസും വസന്തകുമാരിയും പറഞ്ഞു.
