കൊച്ചി: ചികിത്സാപ്പിഴവില്‍ വിദ്യാര്‍ത്ഥിനിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തില്‍ പാലക്കാട് പല്ലശന സ്വദേശിനിയായ ഒമ്പതു വയസുകാരിക്ക് 21 വയസാകും വരെ സൗജന്യ വിദ്യാഭ്യാസവും ചികിത്സയും ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. കുട്ടിയുടെ വൈകല്യം ഭാവിയില്‍ ജോലി ലഭിക്കുന്നതിന് തടസമാകരുതെന്നും കോടതി നിര്‍ദേശിച്ചു.
ചികിത്സാപ്പിഴവിന്റെ ഭാഗമെന്ന് പ്രഥമദൃഷ്ട്യാ വിലയിരുത്തൽ
പാലക്കാട് ജില്ലാ ആശുപത്രിയിൽ വിനോദിനി എന്ന കുട്ടിക്കുണ്ടായ ദുരനുഭവം ചികിത്സാപ്പിഴവിന്റെ ഭാഗമായിത്തന്നെ സംഭവിച്ചതാണെന്നു പ്രഥമദൃഷ്ട്യാ വിലയിരുത്തിയാണ് ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം. വീഴ്ചയ്ക്ക് ഉത്തരവാദികളായ ഡോക്ടര്‍മാരെയും മറ്റു ജീവനക്കാരെയും കണ്ടെത്തി അച്ചടക്ക, നിയമനടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ പി.ഡി. ജോസഫ് നല്കിയ ഹരജി തീര്‍പ്പാക്കിയാണ് ഉത്തരവ്.
വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണം നടത്തി ഉചിത നടപടിയെടുക്കാനും ഉത്തരവ്
കുട്ടിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ചികിത്സയ്ക്കും കൃത്രിമക്കൈ വച്ചുപിടിപ്പിക്കാനുമായി രണ്ടു ലക്ഷം രൂപ അനുവദിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. സംഭവത്തില്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ടു ഡോക്ടര്‍മാരെ നേരത്തേ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതില്‍ ഡോ. സര്‍ഫറാസിനെ തിരിച്ചെടുക്കാന്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടെങ്കിലും ഇതിനെതിരേ അപ്പീല്‍ നല്‍കാനാണു തീരുമാനം. ഉത്തരവാദികളായ ജീവനക്കാര്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടു ഹര്ജിക്കാരന് നല്കിയ പരാതിയില്‍ വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണം നടത്തി ഉചിത നടപടിയെടുക്കാനും കോടതി നിര്‍ദേശിച്ചു.
