കോട്ടയം | സര്‍ക്കാര്‍ നടത്തിയ ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് വന്‍ അഴിമതിയാണ് തെളിഞ്ഞിരിക്കുന്നതെന്നും അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഴ് കോടി രൂപയാണ് സംഗമത്തിന് ചെലവഴിച്ചത്. വന്‍തോതിലുള്ള വെട്ടിപ്പിന്റെ വേദിയായാണ് സംഗമം മാറിയത്.
കുറ്റക്കാരായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അടക്കമുള്ളവരുടെ പേരില്‍ നിയമനടപടികള്‍ ഉണ്ടാകണം.
ഉച്ചയോട് കൂടി അവസാനിച്ച സമ്മേളനത്തിനാണ് ഏഴ് കോടിരൂപ ചെലവാക്കിയത്. ഇത് വന്‍ അഴിമതിയല്ലാതെ മറ്റെന്താണ്. ശബരിമലയില്‍ നടക്കുന്ന എല്ലാ കാര്യങ്ങളിലും വലിയ അഴിമതിയുണ്ടെന്ന് ഹൈക്കോടതിക്ക് തന്നെ മനസ്സിലായിക്കഴിഞ്ഞു. ഇത് തങ്ങള്‍ നേരത്തെ പറയുന്നതാണ്. മണ്ഡല മകരവിളക്ക്് കാലത്തെ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഏഴ് കോടി രൂപ മുടക്കിയ ആഗോള അയ്യപ്പസംഗമം വന്‍ പരാജയവുമായിരുന്നു. സര്‍ക്കാരിന്റെ അല്ലെങ്കില്‍ ദേവസ്വം ബോര്‍ഡിന്റെ പണം ഇങ്ങനെ ധൂര്‍ത്തടിക്കാന്‍ ആരാണ് ഇവര്‍ക്ക് അധികാരം കൊടുത്തത്? കുറ്റക്കാരായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അടക്കമുള്ളവരുടെ പേരില്‍ നിയമനടപടികള്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെടുകയാണ്..
നിയമപരമായി തന്നെ നേരിടും.
ധൂര്‍ത്തും അഴിമതിയും പുറത്തുകൊണ്ടുവരണം. അല്ലങ്കില്‍ തങ്ങള്‍ ഇതിനെ നിയമപരമായി തന്നെ നേരിടും. അയ്യപ്പ സംഗമത്തില്‍ എത്രയാളുകള്‍ ഭക്ഷണം കഴിച്ചുവെന്ന കണക്ക് പോലുമില്ല. അവസാനം ഭക്ഷണം കുഴിവെട്ടിമൂടുകയാണ് ചെയ്തത്. അഴിമതിയില്‍ യഥാര്‍ഥ പ്രതികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു
