ന്യൂഡല്‍ഹി: ഇന്ത്യയുടെ സൈനികശക്തി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വ്യോമസേനയ്ക്കു കൂടുതല്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ ഉടന്‍ തീരുമാനമാകും. 3.25 ലക്ഷം കോടി രൂപയ്ക്ക് 114 റഫാല്‍ വിമാനങ്ങള്‍കൂടി വാങ്ങാനുള്ള വ്യോമസേനയുടെ പദ്ധതി രേഖയ്ക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയിരുന്നു.ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഈ മാസം 18 മുതല്‍ 20 വരെ ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. ഈ ഘട്ടത്തില്‍ കരാറിന്റെ കാര്യത്തില്‍ അന്തിമതീരുമാനമാകുമെന്നാണു പ്രതിരോധ വൃത്തങ്ങള്‍ നല്കുന്ന വിവരം.
വിമാനത്തില്‍ 60 ശതമാനവും ഇന്ത്യന്‍ നിര്‍മിത ഭാഗങ്ങള്‍
കരാര്‍ നടപ്പായാല്‍ നിര്‍മാണം പൂര്‍ത്തിയായ 18 റഫാല്‍ വിമാനങ്ങള്‍ കൈമാറുന്ന തരത്തിലും ബാക്കിയുള്ളവയുടെ അന്തിമ അസംബ്ലി യൂണിറ്റ് ഇന്ത്യയില്‍ സജ്ജീകരിക്കുന്ന വിധത്തിലുമാകും ധാരണ. വിമാനത്തില്‍ 60 ശതമാനവും ഇന്ത്യന്‍ നിര്‍മിത ഭാഗങ്ങള്‍ ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്.കരാര്‍ ഒപ്പിട്ട് ഉടന്‍തന്നെ പതിനഞ്ചിലേറെ വിമാനങ്ങള്‍ നല്‍കാമെന്ന് റഫാല്‍ നിര്‍മാതാക്കളായ ദാസോ ഏവിയേഷന്‍ അറിയിച്ചിട്ടുണ്ട്. കരാറില്‍ ഒപ്പിട്ടാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും വലിയ പ്രതിരോധ കരാറായിരിക്കുമിത്.പദ്ധതി പ്രകാരം 88 സിംഗിള്‍ സീറ്റര്‍ വിമാനങ്ങളും 26 ഇരട്ട സീറ്റര്‍ വിമാനങ്ങളുമായിരിക്കും ഇന്ത്യക്കു ലഭിക്കുക.
വ്യോമസേനയ്ക്ക് 150 റഫാൽ ആകും
സേനയുടെ കൈവശം നിലവില്‍ 36 റഫാല്‍ വിമാനങ്ങളാണുള്ളത്. നാവികസേന 26 റഫാല്‍ വിമാനങ്ങള്‍ക്കും ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. വ്യോമസേനയുടെ നിലവിലെ സ്ക്വാഡ്രണ്‍ പ്രതിസന്ധിക്കു പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് 114 റഫാല്‍ യുദ്ധവിമാനങ്ങള്‍കൂടി വാങ്ങാന്‍ പദ്ധതിയിടുന്നത്. മിഗ് യുദ്ധവിമാനങ്ങള്‍ സേവനം അവസാനിപ്പിച്ചതോടെ വ്യോമസേനയുടെ സ്ക്വാഡ്രണ്‍ ശേഷി കുറഞ്ഞിരുന്നു. കരാര്‍ പൂര്‍ത്തിയാകുന്നതോടെ വ്യോമസേനയുടെ പക്കൽ 150 റഫാല്‍ വിമാനങ്ങളും നാവികസേനയുടെ പക്കൽ 26 എണ്ണവുമാകും.
.
