കാസര്‍കോടിനെ കേരളത്തിന്റെ സോളാര്‍ ഹബ്ബ് ആക്കി മാറ്റും : മുഖ്യമന്ത്രി പിണറായി വിജയന്‍

.കാഞ്ഞങ്ങാട് | കാസര്‍കോടിനെ കേരളത്തിന്റെ സോളാര്‍ ഹബ്ബ് ആക്കി മാറ്റുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ചീമേനി, പെര്‍ദാല എസ്റ്റേറ്റുകളിലെ സോളാര്‍ വൈദ്യുത നിലയങ്ങളുടെ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ച സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കാസര്‍കോട് ജില്ലയില്‍ നിലവില്‍ പൈവളിഗെയിലും അമ്പലത്തറയിലും കരിന്തളത്തും സോളാര്‍ പാര്‍ക്കുകളുണ്ട്. ചീമേനിയിലും പെര്‍ഡാലയും കൂടി സൗരോര്‍ജ വൈദ്യുത നിലയം വരുന്നതോടെ കാസര്‍കോട് കേരളത്തിന്റെ സോളാര്‍ ഹബ്ബായി മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കാസര്‍കോട് ജില്ലയിലെ ചീമേനി എസ്റ്റേറ്റിലും പെര്‍ദാല എസ്റ്റേറ്റിലുമായി ലഭ്യമായ 300 ഏക്കറില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനും നടത്തുന്നതിനും തയ്യാറുള്ള കമ്പനികളില്‍ നിന്ന് താല്‍പര്യ പത്രം ക്ഷണിക്കുകയും ബാംഗ്ലൂര്‍ കേന്ദ്രമായിപ്രവര്‍ത്തിക്കുന്ന നേച്ചര്‍ ഡ്യൂ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ഇതില്‍ തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തു.

പീക്ക് സമയങ്ങളില്‍ നാലുമുതല്‍ എട്ടുമണിക്കൂര്‍ വരെ വൈദ്യുതി ലഭ്യമാക്കുന്ന നിലയിലാണ് പദ്ധതി

ഇതിന്റെ അടിസ്ഥാനത്തില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ അധീനതയിലുള്ള ഈ എസ്റ്റേറ്റുകളില്‍ ബാറ്ററി സ്റ്റോറേജോടുകൂടിയ 110 മെഗാവാട്ട് സോളാര്‍ നിലയം സ്ഥാപിക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്നും ചീമേനി എസ്റ്റേറ്റില്‍ 80 മെഗാവാട്ട് നിലയവും പെര്‍ഡാല എസ്റ്റേറ്റില്‍ 30 മെഗാവാട്ട് നിലയവുമാണ് വിഭാവനം ചെയ്യുന്നത്. ബാറ്ററി സ്റ്റോറേജ് കൂടി ഉള്‍പ്പെടുത്തി പീക്ക് സമയങ്ങളില്‍ നാലുമുതല്‍ എട്ടുമണിക്കൂര്‍ വരെ വൈദ്യുതി ലഭ്യമാക്കുന്ന നിലയിലാണ് പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ വടക്കന്‍ മലബാറിന്റെ വികസന കുതിപ്പിന് ഊര്‍ജ്ജം പകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

.എം രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം, കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി.വി. ജാനകി, വാര്‍ഡ് മെമ്പര്‍ എ.വി. ലളിത, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നേച്ചര്‍ ഡ്യൂ എനര്‍ജി എം.ഡി. മാഹിന്‍ സുബൈര്‍ സ്വാഗതവും കേരള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഒ.പി സലാം നന്ദിയും പറഞ്ഞു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →