തിരുവനന്തപുരം : വിളപ്പിൽശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ വൈകി രോഗി മരിച്ച സംഭവത്തിൽ നടക്കുന്ന അന്വേഷണങ്ങൾ അട്ടിമറിച്ച് ഡോക്ടറെ രക്ഷിക്കുവാൻ നീക്കമെന്ന് പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ഇത് സംബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിക്കും പരാതി നൽകി. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി തുടർ നടപടികൾക്ക് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് കൈമാറിയിട്ടുണ്ട്.
ഗേറ്റ് പൂട്ടി ഡോക്ടറും ജീവനക്കാരും ഈ സമയം ഉറക്കത്തിലായിരുന്നു
കടുത്ത ശ്വാസ തടസ്സത്തെ തുടർന്ന് കഴിഞ്ഞ പത്തൊൻപതാം തീയതി പുലർച്ചെയാണ് ബിസ്മിർ എന്ന 37 കാരൻ വിളപ്പിൽശാല സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ എത്തിയത്. ഗേറ്റ് പൂട്ടി ഡോക്ടറും ജീവനക്കാരും ഈ സമയം ഉറക്കത്തിലായിരുന്നു. ഇതിനാൽ ആശുപത്രിക്ക് അകത്ത് അടിയന്തിര ചികിത്സ ആവശ്യമായ ബിസ്മിറിന് കടക്കാൻ കഴിഞ്ഞില്ല. രോഗിയോടൊപ്പം ഉണ്ടായിരുന്ന ഭാര്യയുടെ ഉച്ചത്തിലുള്ള വിളി ഏറെ നേരം കഴിഞ്ഞാണ് ആശുപത്രി ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടത്. വളരെ നേരം ഗേറ്റിന് പുറത്ത് കാത്ത് നിന്ന രോഗിയ്ക്ക് പിന്നാലെ ഡോക്ടറുടെ സേവനത്തിനും ആശുപത്രിയ്ക്ക് അകത്ത് വളരെ ദീർഘ നേരം കാത്ത് ഇരിക്കേണ്ടി വന്നു. കുഴഞ്ഞു വീഴുമെന്ന സ്ഥിതിയായതോടെ ഡോക്ടർ എത്തി പരിശോധിച്ച ശേഷം മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്യുകയും അവിടെ എത്തിക്കുന്നതിന് മുമ്പ് രോഗി മരണപ്പെടുകയും ചെയ്തു.
ബിസ്മിറിന്റേത് സ്വാഭാവിക മരണമെന്ന് വരുത്തുവാനാണ് ഇപ്പോൾ ശ്രമങ്ങൾ നടക്കുന്നത്.
വിളപ്പിൽശാല ആശുപത്രിയിൽ ചികിത്സാക്കായി കാത്ത് നിൽക്കേണ്ടി വന്ന സമയത്ത് ചികിത്സയും തുടർ നടപടികളും ഉണ്ടായിരുന്നുവെങ്കിൽ രോഗിയുടെ ജീവൻ രക്ഷിക്കുവാൻ സാധിക്കുമായിരുന്നു. മനുഷ്യ ജീവൻ വളരെ വിലയേറിയതാണ്. സുരക്ഷിതത്വത്തിന്റെ പേര് പറഞ്ഞു ഗേറ്റ് അടച്ചിടുന്നതും കർമ്മനിരതരായി പ്രവർത്തിക്കേണ്ട ഡ്യൂട്ടി സമയത്ത് ഉറങ്ങുന്നതും ചികിത്സ വൈകിപ്പിക്കുന്നതും നിഷേധിക്കുന്നതും നിയമപരമായി അംഗീകരിക്കുവാൻ കഴിയില്ല. ബിസ്മിറിന്റേത് സ്വാഭാവിക മരണമെന്ന് വരുത്തുവാനാണ് ഇപ്പോൾ ശ്രമങ്ങൾ നടക്കുന്നത്.ഡ്യൂട്ടി ഡോക്ടർക്ക് എതിരെ ചികിത്സ വൈകിപ്പിച്ച കുറ്റത്തിന് കേസ് എടുക്കുവാൻ തയ്യാറായിട്ടില്ല.
ആരോപണ വിധേയർക്ക് അനുകൂലമായി നടക്കുന്ന ബാഹ്യ ഇടപെടലുകൾ തടയണം
തിരുവനന്തപുരം ജില്ല മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ നടക്കുന്നത് പ്രഹസന അന്വേഷണമാണ്. ആരോപണ വിധേയരുമായി പരിചയമുള്ള ജില്ലാ മെഡിക്കൽ ഓഫീസിലെ സംഘമാണ് അന്വേഷണം നിലവിൽ നടത്തുന്നത്. ആരോപണ വിധേയർക്ക് അനുകൂലമായി റിപ്പോർട്ട് തയ്യാറാക്കിപ്പിക്കുവാനും ചികിത്സ വൈകിപ്പിച്ചിട്ടില്ലെന്ന് വരുത്തുവാനും ഡോക്ടർ സംഘടനയുടെ നേതൃത്വത്തിലാണ് രഹസ്യ നീക്കങ്ങൾ നടക്കുന്നത്. ആരോഗ്യ വകുപ്പ് നടത്തുന്ന അന്വേഷണങ്ങളിൽ ആരോപണ വിധേയർക്ക് അനുകൂലമായി നടക്കുന്ന ബാഹ്യ ഇടപെടലുകൾ തടയണമെന്നും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നും അടിയന്തിര ചികിത്സ വൈകിപ്പിക്കൽ അനുവദിക്കില്ലെന്ന് ഡോക്ടർമാർക്ക് നിർദ്ദേശം നൽകണമെന്നും അഡ്വ. കുളത്തൂർ ജയ്‌സിങ് ആവശ്യപ്പെടുന്നു
