തിരുവനന്തപുരം: കേരളത്തിൽ എൽഡിഎഫ്- യുഡിഎഫ് മുന്നണികൾ തമ്മിലുള്ള അഡ്ജസ്റ്റമെന്റ് ഭരണമാണു നടക്കുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. “എൽഡിഎഫും യുഡിഎഫും തമ്മിൽ പതാകയിലും ചിഹ്നത്തിലും മാത്രമേ വ്യത്യാസമുള്ളൂ. ഇവർ രണ്ടു കൂട്ടരുടെയും അജൻഡ ഒന്നുതന്നെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ബിജെപി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇരുകൂട്ടരും മാറിമാറി ഭരിച്ച് കേരളത്തെ നശിപ്പിച്ചു.
ഇടതു-വലതു മുന്നണികളുടെ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം അവസാനിപ്പിക്കണം. ഇരുകൂട്ടരും മാറിമാറി ഭരിച്ച് കേരളത്തെ നശിപ്പിച്ചു. വികസിത കേരളത്തിനായി കൈകോർക്കാനുള്ള കൃത്യമായ സമയമാണിത്. ഇതിനായി ഉറച്ച തീരുമാനം ആവശ്യമാണ്. വികസിത കേരളത്തിനായി ബിജെപിക്കൊപ്പം ജനങ്ങൾ നില്ക്കണം”- പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. “ശബരിമലയിലെ വിശ്വാസത്തെ തകർക്കാൻ ലഭിച്ച ഓരോ അവസരവും നടപ്പാക്കിയതാണ് ഇടതു സർക്കാർ. ബിജെപി സർക്കാർ വന്നാൽ, ശബരിമല സ്വർണക്കൊള്ള ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളിലും ആരോപണവിധേയരായവർ ജയിലിനുള്ളിലാകും. ഇതാണ് മോദിയുടെ ഗാരന്റി’’-പ്രധാനമന്ത്രി പറഞ്ഞു
സഹകരണ ബാങ്കുകളിലെ സാധാരണക്കാരുടെ നിക്ഷേപം കൊള്ളയടിക്കപ്പെട്ടു.
സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ സാധാരണക്കാരുടെ നിക്ഷേപം കൊള്ളയടിക്കപ്പെട്ടു. ഇത്തരക്കാർക്ക് കനത്ത ശിക്ഷയാണു നല്കേണ്ടത്. ബിജെപിക്ക് സംസ്ഥാന ഭരണത്തിന് അവസരം ലഭിച്ചാൽ സഹകരണ ബാങ്കിലെ പണം മോഷ്ടിച്ചവരിൽനിന്നുതന്നെ ഈടാക്കി നഷ്ടപ്പെട്ടവർക്കു തിരിച്ചു നല്കും. കേന്ദ്ര പദ്ധതികൾ നടപ്പാക്കുന്നതിൽ കേരളം വിമുഖത കാട്ടുന്നതായും പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതിനാൽ ലക്ഷക്കണക്കിനു വിദ്യാർത്ഥികൾക്കു ലഭിക്കേണ്ട സഹായം നഷ്ടമായെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കോണ്ഗ്രസിനു വികസന പദ്ധതികളൊന്നുമില്ലെന്നും അവർ ഇപ്പോൾ മാവോ-മുസ്ലിം കോണ്ഗ്രസ് പാർട്ടിയായി മാറിയെന്നും വിഘടനവാദം വളർത്തുകയാണെന്നും പ്രധാനമന്ത്രി ആക്ഷേപിച്ചു.
ഇന്നലെ രാവിലെ തിരുവനന്തപുരത്ത് വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആർ.വി. അർലേക്കർ എന്നിവർ ചേർന്നു സ്വീകരിച്ചു. തുടർന്ന് പ്രധാനമന്ത്രി റോഡ് ഷോ ആയാണു പൊതുസമ്മേളനം നടക്കുന്ന പുത്തരിക്കണ്ടം മൈതാനത്തെത്തിയത്.
പൊതുസമ്മേളനവേദിക്കു സമീപത്തായി തയാറാക്കിയ മറ്റൊരു വേദിയിൽ കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടത്തി. തുടർന്നാണ് പ്രധാനമന്ത്രി വേദിയിലേക്കെത്തിയത്. കേന്ദ്രമന്ത്രി ജോർജ് കുര്യൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, തിരുവനന്തപുരം മേയർ വി.വി. രാജേഷ്, എൻഡിഎ നേതാക്കൾ ബിജെപി സംസ്ഥാന നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
