ഗഡാഗ് (കർണാടക): നൂറ്റാണ്ടുകൾ പഴക്കമുള്ള സ്വർണാഭരണങ്ങൾ മണ്ണിനടിയിൽനിന്ന് ലഭിച്ചതിനെത്തുടർന്നു കർണാടകയിലെ ഗഡാഗിൽ കൂടുതൽ ഖനനം നടത്താൻ തീരുമാനം. ഗഡാഗിലെ ലക്കുണ്ടി ഗ്രാമം പൂർണമായും ഖനനം നടത്താനാണ് ആലോചന. ആഭരണങ്ങൾ കണ്ടെത്തുന്നതിന്റെ തോതനുസരിച്ച് ഖനനം വ്യാപിപ്പിക്കണമോയെന്നു തീരുമാനിക്കുമെന്ന് ഡെപ്യൂട്ടി കമ്മീഷണർ സി.എൻ. ശ്രീധർ പറഞ്ഞു.
കണ്ടെത്തിയ ആഭരണങ്ങൾക്കു 300 മുതൽ 400 വർഷം വരെ പഴക്കം
ചാലൂക്യ, രാഷ്ട്രകൂട, ഹൊയ്സാല, കൽചൂരി, വിജയനഗര രാജക്കന്മാരുടെ ഭരണത്തിനു കീഴിൽ വിവിധ ഘട്ടങ്ങളിലായി പ്രദേശം തുടർന്നിരുന്നു. സാമൂഹ്യപ്രവർത്തകൻ ദാനചിന്താമണി അത്തിമബ്ബെയുടെ കേന്ദ്രവുമാണ് ലുക്കുണ്ടി.അടുത്തിടെ ഒരു കുട്ടിക്ക് 470 ഗ്രാം ഭാരമുള്ള ചെന്പ് ആഭരണപ്പെട്ടി ലഭിച്ചതോടെയാണ് അപൂർവനിധികൾ ഗ്രാമത്തിൽ ഒളിച്ചിരിക്കാമെന്ന സംശയം ബലപ്പെട്ടത്. കണ്ടെത്തിയ ആഭരണങ്ങൾക്കു 300 മുതൽ 400 വർഷം വരെ പഴക്കമുള്ളവയായിരുന്നു. സ്വർണം, വെള്ളി, വജ്രം, മുത്ത്, മാണിക്യം തുടങ്ങിയ ആഭരണങ്ങൾ ഭൂമിക്കടിയിൽ ഉണ്ടെന്നാണ് അഭ്യൂഹം. തനിക്കു ലഭിച്ച ആഭരണപ്പെട്ടി കുട്ടി ജില്ലാ ഭരണകൂടത്തിന് കൈമാറിയിരുന്നു.
