വിഡി സതീശനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ശിപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം | പുനര്‍ജനി പദ്ധതി ക്രമക്കേടില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ്. ഇത് സംബന്ധിച്ച ശിപാര്‍ശ മുഖ്യമന്ത്രിക്ക് വിജിലന്‍സ് കൈമാറി. പുനര്‍ജനി പദ്ധതിയുടെ പേരില്‍ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതില്‍ ക്രമക്കേടുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.

എഫ്സിആര്‍എ നിയമത്തിന്റെ ലംഘനം നടന്നെന്ന് റിപ്പോർട്ട്

എഫ്സിആര്‍എ നിയമം, 2010 ലെ സെക്ഷന്‍ 3(2)(മ) പ്രകാരം സിബിഐ അന്വേഷണം നടത്തണമെന്നാണ് ശിപാര്‍ശ നല്‍കിയിട്ടുള്ളത്. പുനര്‍ജന പദ്ധതിയില്‍ വിജിലന്‍സ് അന്വേഷണം നടത്തിവരികയായിരുന്നു. എഫ്സിആര്‍എ നിയമത്തിന്റെ ലംഘനം നടന്നെന്നും, സ്വകാര്യ സന്ദര്‍ശനത്തിനായി കേന്ദ്രസര്‍ക്കാരില്‍ നിന്നും അനുമതി തേടിയശേഷം വിദേശത്തു പോയി ഫണ്ട് ശേഖരിച്ചതും, കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതും നിയമലംഘനമാണെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്..

കേസന്വേഷണത്തില്‍ വിജിലന്‍സിന് പരിമിതി

കേസന്വേഷണത്തില്‍ വിജിലന്‍സിന് പരിമിതി ഉള്ളതിനാല്‍ സിബിഐ അന്വേഷിക്കുകയാകും ഉചിതമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കേരള നിയമസഭയിലെ റൂള്‍ ഓഫ് പ്രൊസീജിയേഴ്സിലെ അനുബന്ധം രണ്ടിലെ റൂള്‍ 41 പ്രകാരം നിയമസഭ സാമാജികന്‍ എന്ന നിലയില്‍ നടത്തിയ നിയമലംഘനത്തിന് സ്പീക്കര്‍ നടപടിയെടുക്കണമെന്നും ശിപാര്‍ശയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രളയസമയത്ത് പുനരധിവാസത്തിനായി പുനര്‍ജനി പദ്ധതി പ്രകാരം ഫണ്ട് പിരിച്ചതാണ് കേസിന് അടിസ്ഥാനം. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →