ആലപ്പുഴ: ചെങ്ങന്നൂരിൽ എട്ട് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. റെയിൽവേ സ്റ്റേഷനു സമീപം വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന ആയിരത്തോളം കിലോ വരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ ആണ് എക്സൈസ് സംഘം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് അന്യസംസ്ഥാന തൊഴിലാളികളെ എക്സൈസ് കസ്റ്റഡിയിലെടുത്തു.
സംശയം തോന്നിയ സമീപവാസികൾ നടത്തിയ പരിശോധനയിലാണ് വൻ ലഹരിശേഖരം കണ്ടെത്തിയത്
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനു സമീപം അന്യസംസ്ഥാന തൊഴിലാളികൾ വാടകയ്ക്കു താമസിക്കുന്ന വീട്ടിലായിരുന്നു പുകയില ഉത്പന്നങ്ങൾ ശേഖരിച്ചിരുന്നത്. ഡിസംബർ 30 ചൊവ്വാഴ്ച രാത്രി 8:30 ഓടെ വീട്ടിലെ അസ്വാഭാവികമായ സാഹചര്യങ്ങളിൽ സംശയം തോന്നിയ സമീപവാസികൾ നടത്തിയ പരിശോധനയിലാണ് വൻ ലഹരിശേഖരം കണ്ടെത്തിയത്. ഉടൻതന്നെ വാർഡ് കൗൺസിലർ സിനി ബിജുവിനെ വിവരമറിയിക്കുകയും അവർ പോലീസിനും എക്സൈസിനും വിവരം കൈമാറുകയുമായിരുന്നു.
കോഡ്പ നിയമപ്രകാരമാണ് ഏഴു പേർക്കെതിരേ നടപടി സ്വീകരിച്ചിരിക്കുന്നത്.
എക്സൈസ് ഇൻസ്പെക്ടർ കെ. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നടത്തിയ വിശദമായ പരിശോധനയിലാണ് ചാക്കുകളിലും പെട്ടികളിലുമായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തത്. പിടിച്ചെടുത്ത ഉത്പന്നങ്ങൾക്ക് വിപണിയിൽ എട്ടു ലക്ഷത്തോളം രൂപ വില വരുമെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു. കോഡ്പ നിയമപ്രകാരമാണ് ഏഴു പേർക്കെതിരേ നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രിവന്റീവ് ഓഫീസർ ബി. സുനിൽ കുമാർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ആർ. പ്രകാശ്, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.കെ. രതീഷ്, വിഷ്ണു വിജയൻ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു..
.
