ന്യൂഡൽഹി: പുതുവർഷ ദിനത്തോടനുബന്ധിച്ചു ഡൽഹി പോലീസ് നടത്തിയ റെയ്ഡിൽ ഇരുനൂറിലധികം പേർ അറസ്റ്റിൽ. ഓപ്പറേഷൻ ആഘാത് 3.0 എന്ന പേരിൽ നടത്തിയ റെയ്ഡിൽ അനധികൃത ആയുധങ്ങൾ, മയക്കുമരുന്നുകൾ, മോഷണവസ്തുക്കൾ, അനധികൃത പണം എന്നിവ പോലീസ് പിടികൂടി.
കുറ്റകൃത്യങ്ങൾ തടയുന്നതു ലക്ഷ്യമിട്ടാണ് വ്യാപക റെയ്ഡുകൾ
എക്സൈസ് നിയമം, എൻഡിപിഎസ് നിയമം, ചൂതാട്ട നിയമം എന്നിവയ്ക്കു കീഴിലുള്ള കുറ്റകൃത്യങ്ങൾ പ്രകാരമാണ് അറസ്റ്റുകൾ. പുതുവർഷാഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങൾ തടയുന്നതു ലക്ഷ്യമിട്ടാണ് ഡൽഹി പോലീസ് വ്യാപക റെയ്ഡുകൾ നഗരത്തിലുടനീളം നടത്തിയത്.സംഘടിത കുറ്റകൃത്യങ്ങൾ നടത്തുന്നവർ, തെരുവ് കുറ്റവാളികൾ, സ്ഥിരം നിയമലംഘകർ എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടവരിലേറെയും. ഇത്തരത്തിൽ 285 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അഞ്ഞൂറിലധികംപേരെ പുതുവത്സര ആഘോഷങ്ങളിലുണ്ടാകാൻ സാധ്യതയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
ഓപ്പറേഷൻ ആഘാതിൽ പിടിച്ചെടുത്തവ .
21 നാടൻ തോക്കുകൾ, 20 വെടിയുണ്ടകൾ, 27 കത്തികൾ, ആറു കിലോ കഞ്ചാവ്, അനധികൃത മദ്യം, രണ്ടു ലക്ഷത്തിലധികം രൂപ, 310 മൊബൈൽ ഫോണുകൾ, 231 ഇരുചക്ര വാഹനങ്ങൾ എന്നിവയാണ് ഓപ്പറേഷൻ ആഘാതിൽ പിടിച്ചെടുത്തത്. ഇതിൽ പലതും മോഷണവസ്തുക്കളാണെന്നും പോലീസ് അറിയിച്ചു.
