തൃശൂർ: നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാർട്ടിൻ ചിത്രീകരിച്ച വീഡിയോകൾ അതിജീവിതയെ അപമാനിക്കുന്നതിനായി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച മൂന്നുപേർ അറസ്റ്റിൽ.എറണാകുളം സ്വദേശിയായ ഒരാളും തൃശൂർ സ്വദേശികളായ രണ്ടുപേരുമാണ് പിടിയിലായത്. ഇവരുടെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. മാർട്ടിൻ അതിജീവിതയുടെ പേരുവിവരം വെളിപ്പെടുത്തുന്ന തരത്തിലും അപകീർത്തിപ്പെടുത്തുന്ന തരത്തിലും അഭിപ്രായപ്രകടനം നടത്തി ചിത്രീകരിച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പ്രചരിപ്പിച്ച പോസ്റ്റുകൾ നീക്കംചെയ്യാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സിറ്റി പോലീസ്
വീഡിയോ പ്രചരിച്ചതുമായി ബന്ധപ്പെട്ട് തൃശൂർ റേഞ്ച് ഡിഐജിക്കു പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിൽ വിവിധ യുആർഎല്ലുകൾ പ്രകാരം സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പ്രചരിപ്പിച്ച പോസ്റ്റുകൾ നീക്കംചെയ്യാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സിറ്റി പോലീസ് അറിയിച്ചു.
