ന്യൂഡൽഹി: കോൽക്കത്ത ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസ് സുപ്രീംകോടതി കോൽക്കത്ത ഹൈക്കോടതിയിലേക്കു മാറ്റി. കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച നിർദേശങ്ങൾ ഹൈക്കോടതി നിരീക്ഷിക്കുമെന്ന് ജസ്റ്റീസുമാരായ എം.എം. സുന്ദരേഷ്, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
സിബിഐ റിപ്പോർട്ട് ഇരയുടെ മാതാപിതാക്കൾക്കു കൈമാറാൻ നിർദേശം
ഇതോടൊപ്പം വിഷയം ഉചിതമായ ഒരു ബെഞ്ചിനു മുന്നിൽ വയ്ക്കാൻ സുപ്രീംകോടതി കോൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റീസിനോടു നിർദേശിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിച്ച തത്സ്ഥിതി റിപ്പോർട്ട് ഇരയുടെ മാതാപിതാക്കൾക്കു കൈമാറണമെന്ന് സിബിഐയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
സുപ്രീംകോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
2024 ഏപ്രിലാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. രാജ്യവ്യാപകമായ പ്രതിഷേധം ഉയർന്നതോടെ സുപ്രീംകോടതി വിഷയത്തിൽ സ്വമേധയാ കേസെടുത്തു. തുടർന്ന് ആശുപത്രികളിലെ മെഡിക്കൽ ജീവനക്കാരുടെ സുരക്ഷ സംബന്ധിച്ച് ഗുരുതര പോരായ്മ കണ്ടെത്തിയ കോടതി പത്തംഗ ദേശീയ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു.
.
