കൊച്ചി: ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്തുവാൻ ഊമ കത്തിൽ അന്വേഷണം ആവിശ്യപ്പെട്ട ഡിവൈഎസ്പി ബൈജു കെ പൗലോസിനെതിരെ നടപടി വേണമെന്ന പരാതി തുടർ നടപടികൾക്ക് ഡിജിപിയ്ക്ക് കൈമാറി മുഖ്യമന്ത്രിയുടെ ഓഫീസ്. എറണാകുളം പ്രിൻസിപ്പൽ ജില്ലാ ജഡ്ജി ഹണി എം വർഗ്ഗീസിനെയും, കേരള ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാരുടെയും പേര് വ്യക്തമാക്കിയും ഇവരെ അധിക്ഷേപിച്ചും നുണ കഥ എഴുതി ചേർത്ത ഊമ കത്തിൽ ജുഡീഷ്യറിയെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെ അന്വേഷണം ആവിശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിയെ സമീപിച്ച ഡിവൈഎസ്പി ബൈജു കെ പൗലോസിനെതിരെ നടപടി വേണമെന്ന് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി അന്വേഷണത്തിനും തുടർ നടപടികൾക്കും മുഖ്യമന്ത്രിയുടെ ഓഫീസ് ഡിജിപിയ്ക്ക് കൈമാറി.
അഡ്വ. കുളത്തൂർ ജയ്‌സിങ്ങിന്റേതാണ് പരാതി .
ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് ഇത് സംബന്ധിച്ച പരാതി മുഖ്യമന്ത്രിക്ക് നൽകിയത്. നടിയെ ആക്രമിച്ച കേസിൽ വിധിന്യായം പുറപ്പെടുവിച്ച എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയെയും ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാരെയും അധിക്ഷേപിച്ച് കൊണ്ടുള്ള ഊമ കത്തിന്റെ ആമുഖം സഖാവ് ഹണി എം വർഗ്ഗീസിന്റെ വിക്രിയകൾ എന്നാണ്. എറണാകുളം എം ജി റോഡിലെ പോസ്റ്റ് ഓഫീസിൽ നിന്നാണ് ഊമ കത്തുകൾ വ്യാജ അഡ്രസ്സുകളിൽ നിന്ന് കഴിഞ്ഞ മൂന്നാം തീയതി രജിസ്‌ട്രേഡ് ചെയ്തിട്ടുള്ളത്.
വ്യക്തികളെ അപമാനിച്ച് കൊണ്ടുള്ള ഊമ കത്തുകൾ നിയമപരമായി നിലനിൽക്കുന്നതല്ല
കേരള ഹൈക്കോടതി മുൻ ജഡ്ജി കമാൽ പാഷ, ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷൻ പ്രസിഡന്റ് തുടങ്ങിയവർക്കും ഊമ കത്തുകൾ ലഭിച്ചു. വ്യക്തികളെ അപമാനിച്ച് കൊണ്ടുള്ള ഊമ കത്തുകൾ നിയമപരമായി നിലനിൽക്കുന്നതല്ല. ഇതിനുമേൽ തുടർ നടപടിയ്ക്ക് ജുഡീഷ്യറിക്ക് പോലും നിയമപരമായി കഴിയുന്നതല്ല. കോടതി വിധിന്യായങ്ങൾക്ക് അപ്പീൽ പോകുവാൻ ശുപാർശ നൽകുക എന്നതിൽ നിന്ന് വ്യത്യസ്തമായി കോടതി ജഡ്ജിമാരെയും കോടതി നടപടി ക്രമങ്ങളെയും സംശയത്തോടെ അന്വേഷണ ഉദ്യോഗസ്ഥന് കാണുവാൻ കഴിയുന്നതല്ല. ഇതിന്റെ ലംഘനമാണ് ബൈജു കെ പൗലോസ് നടത്തിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ രണ്ടാമത്തെ അന്തിമ റിപ്പോർട്ട് ഫയൽ ചെയ്ത സംഘത്തിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് ബൈജു കെ പൗലോസ്. മേലധികാരികൾ മുഖേനയല്ല സംസ്ഥാന പോലീസ് മേധാവിയ്ക്ക് ഇത്തരത്തിലെ പരാതി നൽകിയിരിക്കുന്നത്. ഊമ കത്തിൽ ജഡ്ജിമാർക്കെതിരെ ആക്ഷേപം നടത്തിയ ആളെ കണ്ടെത്തുക എന്ന ആവശ്യമല്ല ബൈജു മുന്നോട്ട് വച്ചിരിക്കുന്നത്.
നുണ കഥയിൽ സത്യമുണ്ടോയെന്ന് അന്വേഷിക്കണമെന്ന നിയമവിരുദ്ധ ആവിശ്യമാണ് ഉന്നയിച്ചിട്ടുള്ളത്
ജഡ്ജിമാർക്കെതിരെയുള്ള നുണ കഥയിൽ സത്യമുണ്ടോയെന്ന് അന്വേഷിക്കണമെന്ന നിയമവിരുദ്ധ ആവിശ്യമാണ് ഉന്നയിച്ചിട്ടുള്ളത്. അതിനാൽ ബൈജു കെ പൗലോസിനെതിരെ നടപടി വേണമെന്നാണ് അഡ്വ. കുളത്തൂർ ജയ്‌സിങ് ആവശ്യപ്പെടുന്നത്. ഊമ കത്ത് തയ്യാറാക്കി അയച്ച കുറ്റകൃത്യം ചെയ്തവരെ കണ്ടെത്തുന്നതിന് കേസ് എടുക്കണമെന്ന ആവശ്യവുമായി അഡ്വ. കുളത്തൂർ ജയ്‌സിങ് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലും കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കും നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം പോലീസ് ആരംഭിച്ച് കഴിഞ്ഞു
