ന്യൂഡൽഹി: ജനറൽ പ്രോവിഡന്റ് ഫണ്ടിൽ ഒരു ജീവനക്കാരൻ മാതാപിതാക്കളെ നോമിനിയായി നാമനിർദേശം ചെയ്തിട്ടുണ്ടെങ്കിലും വിവാഹശേഷം അത് അസാധുവാകുമെന്നും അവകാശം പങ്കാളിയിലേക്കു സ്വമേധയാ കൈമാറ്റം ചെയ്യുമെന്നും സുപ്രീംകോടതി. ഇത്തരം സാഹചര്യത്തിൽ അർഹരായ കുടുംബാംഗങ്ങൾക്കിടയിൽ ജിപിഎഫ് തുക തുല്യമായി വിതരണം ചെയ്യണമെന്നും ജസ്റ്റീസുമാരായ സഞ്ജയ് കരോൾ, എൻ.കോടീശ്വർ സിംഗ് എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.
ജീവനക്കാരന്റെ മരണശേഷമാണ് പിഎഫ് തുക വീതിക്കുന്നതിൽ തർക്കം ഉടലെടുത്തത്.
ഡിഫൻസ് അക്കൗണ്ട്സ് വകുപ്പിലെ ജീവനക്കാരൻ മരിച്ചപ്പോൾ പിഎഫിലെ തുക അമ്മയ്ക്കും ഭാര്യയ്ക്കും തുല്യമായി വീതിക്കാൻ ഉത്തരവിട്ടുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.2000ത്തിൽ ജോലിക്കു ചേർന്ന സമയത്ത് ജനറൽ പ്രൊവിഡന്റ് ഫണ്ടിൽ അമ്മയെ ആയിരുന്നു ജീവനക്കാരൻ നോമിനിയായി നാമനിർദേശം ചെയ്തത്. വിവാഹശേഷം നാമനിർദേശത്തിൽ മാറ്റം വരുത്തിയില്ല. തുടർന്ന് 2021ൽ ജീവനക്കാരൻ മരിച്ചശേഷമാണ് പിഎഫ് തുക വീതിക്കുന്നതിൽ തർക്കം ഉടലെടുത്തത്.
സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഭാര്യയ്ക്ക് അനുകൂലമായി ഉത്തരവിട്ടു.
ഏകദേശം 60 ലക്ഷം രൂപയുടെ ആനുകൂല്യം ഭാര്യയ്ക്ക് കൈമാറാൻ അധികാരികൾ വിസമ്മതിച്ചു. നോമിനിയായി അമ്മ തുടരുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാൽ വിവാഹം കഴിച്ചതോടെ അമ്മയുടെ നോമിനി സ്ഥാനം നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഭാര്യയ്ക്ക് അനുകൂലമായി ഉത്തരവിട്ടു.
ട്രൈബ്യൂണൽ ഉത്തരവ് ബോംബൈ ഹൈക്കോടതി റദ്ദാക്കി.
ഇതിനെതിരെ സമർപ്പിച്ച ഹർജിയിൽ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് ബോംബൈ ഹൈക്കോടതി റദ്ദാക്കി. നാമനിർദേശം സ്വമേധയാ റദ്ദാകും എന്ന് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി നടപടി. എന്നാൽ വിവാഹശേഷം നാമനിർദേശം സ്വമേധയാ കൈമാറുമെന്നു വിധിച്ച സുപ്രീംകോടതി ബോംബൈ ഹൈക്കോടതി ഉത്തരവ് റദ്ദാക്കി ആനുകൂല്യം അമ്മയ്ക്കും ഭാര്യയ്ക്കും വീതിക്കാൻ ഉത്തരവിട്ടു.
