പന്തളം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കലുഷിതമായൊരു അന്തരീക്ഷം സൃഷ്ടിച്ച് അതില്‍നിന്ന് മുതലെടുപ്പുനടത്താന്‍ ഇടതുവലതു മുന്നണികള്‍ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി എംപി. പന്തളത്ത് നടന്ന തിരഞ്ഞെടുപ്പുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല ഹിന്ദുവിന്റെ മാത്രം അവകാശമല്ല, ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതാണ് തിരക്കുനിയന്ത്രണത്തിലും മറ്റുമുണ്ടാകുന്ന പ്രശ്നം, ഇപ്പോഴുള്ള സൗകര്യങ്ങള്‍ അപര്യാപ്തമാണ്, സുഖകരമായ ദര്‍ശനം നടത്താനുള്ള സൗകര്യമാണ് വേണ്ടത്, ശബരിമലയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഇടപെടേണ്ട സമയവും മാര്‍ഗങ്ങളുമുണ്ട് അതുണ്ടാകും.
ഏകീകൃത സിവില്‍കോഡ് നിലവില്‍വരുന്നതോടെ ശബരിമലയില്‍ വലിയമാറ്റങ്ങള്‍ വരും
ഏകീകൃത സിവില്‍കോഡ് നിലവില്‍വരുന്നതോടെ ശബരിമലയില്‍ വലിയമാറ്റങ്ങള്‍ വരും. നൂറ് ഇവി ബസുകളാണ് ശബരിമലയിലേക്ക് കേന്ദ്രം അനുവദിച്ചത്. മോദിയുടെ ഫോട്ടോ വെയ്ക്കുമോ എന്ന് ഭയപ്പെട്ട് അത് പ്രാബല്യത്തില്‍ വരുത്താതിരിക്കുകയാണ്.ഈ സീസണിലെങ്കിലും അത് ഉപയോഗിക്കണം, കേന്ദ്രപദ്ധതികള്‍ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ലെന്നും സുരേഷ്ഗോപി പറഞ്ഞു.
ബിജെപി ജില്ലാപ്രസിഡന്റ് വി.എ. സൂരജ് അധ്യക്ഷതവഹിച്ചു. ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് പന്തളം പ്രതാപന്‍, സംസ്ഥാന സമിതിയംഗം രാധാകൃഷ്ണ മേനോന്‍, ജില്ലാ സെക്രട്ടറി ബിനുമോന്‍, പന്തളം നഗരസഭാ ചെയര്‍മാന്‍ അച്ചന്‍കുഞ്ഞ് ജോണ്‍, മുന്‍ ചെയര്‍പേഴ്സണ്‍ സുശീലാ സന്തോഷ്, ശങ്കുണ്ണിദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു
