.
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മേയർ ആര്യ രാജേന്ദ്രനെയും ഭർത്താവ് സച്ചിൻദേവ് എംഎൽഎയെയും കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കി. മേയറുടെ സഹോദരൻ അരവിന്ദ് മാത്രമാണ് കേസിൽ പ്രതി. കെഎസ്ആർടിസി ബസിന്റെ ഡ്രൈവറായിരുന്ന യദു നൽകിയ സ്വകാര്യ ഹർജി പരിഗണിച്ച് കോടതി നേരിട്ട് കേസ് എടുക്കാൻ നിർദേശിച്ചത് അനുസരിച്ചാണ് കേസ് എടുത്തത്. തിരുവനന്തപുര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
സംഭവത്തിൽ യദുവിന്റെ പരാതിയിൽ പോലീസ് കേസെടുക്കാതെ ആര്യ രാജേന്ദ്രന്റെ പരാതിയിൽ യദുവിനെതിരെ കേസെടുക്കുകയായിരുന്നു.
2024 ഏപ്രില്‍ 27 ന് രാത്രി 10ന് പാളയം സാഫല്യം കോംപ്ലക്സിന് മുന്നില്‍ വച്ചാണ് സംഭവം. മേയറും ഭര്‍ത്താവും അടക്കമുള്ളവര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനം കെഎസ്ആര്‍ടിസി ബസ് തടയുകയും ഡ്രൈവറുമായി വാക്കു തര്‍ക്കം ഉണ്ടാവുകയുമായിരുന്നു. സംഭവത്തിൽ യദുവിന്റെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നില്ല. എന്നാൽ യദു മോശമായി പെരുമാറിയെന്ന മേയർ ആര്യ രാജേന്ദ്രൻ നൽകിയ പരാതിയിൽ യദുവിനെതിരെ പോലീസ് കേസെടുത്തിരുന്നു.
നിലവിൽ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ് എന്നിവരുടെ പേരുകൾ പോലീസ് ഒഴിവാക്കി.
തുടർന്ന് യദു കോടതിയെ സമീപിക്കുകയും കോടതിയുടെ നിർദേശത്തെ തുടർന്ന് ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയും ഉൾപ്പടെയുള്ളവർക്കെതിരെ കന്റോൺമെന്റ് പോലീസ് കേസെടുത്തു.ഔദ്യോഗിക കൃത്യനിർവഹണം തടഞ്ഞു, അസഭ്യം പറഞ്ഞു, വാഹനത്തിനുള്ളിൽ കയറി സച്ചിൻ ദേവ് ഭീഷണിപ്പെടുത്തി എന്നീ ആരോപണങ്ങളാണ് യദു നൽകിയ പരാതിയിലുള്ളത്. എന്നാൽ ഇപ്പോൾ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, ഇവരുടെ ബന്ധുവായ സ്ത്രീ എന്നിവരുടെ പേരുകൾ പോലീസ് ഒഴിവാക്കിയിരിക്കുകയാണ്
.
