തൃശൂർ: വരന്തരപ്പിള്ളിയിൽ ഗർഭിണി തീ കൊളുത്തി മരിച്ച സംഭവത്തിൽ ഭർത്താവ് ഷാരോൺ റിമാൻഡിൽ. വരന്തരപ്പിള്ളി സ്വദേശി അർച്ചനയുടെ മൃതദേഹം നവംബർ 26 ബുധനാഴ്ച വീടിന് സമീപത്തെ കനാലിലാണ് കണ്ടെത്തിയത്. അർച്ചനയുടെ അച്ഛന്റെ പരാതിയിലാണ് ഷാരോണിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഗാർഹിക പീഡനത്തിനും സ്ത്രീധന നിരോധന നിയമത്തിന്റെയും അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
വീട്ടുകാരുമായി സംസാരിക്കാൻ പോലും അർച്ചനയെ അനുവദിച്ചിരുന്നില്ല.
ആറ് മാസം മുൻപാണ് ഷാരോണും അർച്ചനയും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. വിവാഹശേഷം ഷാരോൺ അർച്ചനയെ മർദിച്ചിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. ഷാരോൺ വീട്ടുകാരുമായി സംസാരിക്കാൻ പോലും അർച്ചനയെ അനുവദിച്ചിരുന്നില്ല. കോളജിനു മുന്നിൽവച്ച് ഒരിക്കൽ അർച്ചനയെ മർദിച്ചപ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ ഇടപെട്ടാണ് രക്ഷിച്ചത്.വീട്ടിൽ എന്നും വഴക്ക് പതിവായിരുന്നുവെന്നും അർച്ചനയുടെ ബന്ധുക്കൾ പറഞ്ഞു..
