ബെംഗളൂരു: ബെംഗളൂരുവില്‍ യുവതികളുടെ സ്വര്‍ണം കവരുകയും ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. പ്രവീണ്‍, യോഗാനന്ദ എന്നിവരാണ് കവര്‍ച്ച നടന്ന് ആഴ്ചകള്‍ക്കുശേഷം പോലീസിന്റെ പിടിയിലായത്. സെപ്റ്റംബര്‍ 13-ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
യുവതികളിൽ ഒരാളുടെ രണ്ട് വിരലുകള്‍ കവര്‍ച്ചക്കാര്‍ മുറിച്ചുമാറ്റി.
ഗണേശോത്സവത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ക്കുശേഷം മടങ്ങുകയായിരുന്നു ഉഷയും വരലക്ഷ്മിയും. ബൈക്കിലെത്തിയ പ്രവീണും യോഗാനന്ദയും ഇവരുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചു. ഭയന്നുപോയ ഉഷ തന്റെ സ്വര്‍ണാഭരണങ്ങള്‍ പ്രവീണനിനും യോഗാനന്ദയ്ക്കും ഊരിനല്‍കി. ഇതിനിടെ വരലക്ഷ്മിയുടെ രണ്ട് വിരലുകള്‍ ആയുധം ഉപയോഗിച്ച് കവര്‍ച്ചക്കാര്‍ മുറിച്ചുമാറ്റി. ശേഷം, സ്വര്‍ണാഭരണങ്ങളുമായി പ്രവീണും യോഗാനന്ദയും പ്രദേശംവിട്ടു.
കവര്‍ന്ന സ്വര്‍ണാഭരണങ്ങളും ആക്രമണത്തിനുപയോഗിച്ച ആയുധവും കണ്ടെടുത്തു.
ആഴ്ചകള്‍ക്കുശേഷം പ്രവീണിനെയും യോഗാനന്ദയെയും പിടികൂടിയ അന്വേഷണസംഘം, ഇവരുടെ പക്കല്‍നിന്ന് കവര്‍ന്ന സ്വര്‍ണാഭരണങ്ങളും ആക്രമണത്തിനുപയോഗിച്ച ആയുധവും കണ്ടെടുത്തു. കുറ്റകൃത്യത്തിനുശേഷം പുതുച്ചേരി, മുംബൈ, ഗോവ എന്നിവിടങ്ങളില്‍ ഒളിവിലായിരുന്നു യോഗാനന്ദയെന്ന് പോലീസ് അറിയിച്ചു
