ബെംഗളൂരു: കര്‍ണാടകയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ വേതനം നിശ്ചയിക്കുന്നതിന് ശമ്പള കാർഡ് ( റേറ്റ് കാര്‍ഡ്) നിലവില്‍ വരുന്നു. സാമൂഹിക സുരക്ഷ, മിനിമം വേതനം, പെൻഷൻ ആനുകൂല്യങ്ങള്‍ എന്നിവ ഉറപ്പാക്കുന്ന പുതിയ ഗാര്‍ഹിക തൊഴിലാളി (സാമൂഹിക സുരക്ഷയും ക്ഷേമവും) ബില്ലിന്റെ പ്രധാന ഭാഗമായിരിക്കും ഇത്. പദ്ധതി സര്‍ക്കാര്‍ ഇടയ്ക്കിടെ നിരീക്ഷിക്കുകയും പുതുക്കുകയും ചെയ്യും.
പല തൊഴിലാളികള്‍ക്കും അര്‍ഹിക്കുന്ന വേതനം ലഭിക്കാത്ത സാഹചര്യത്തിലാണ് പുതിയ ബിൽ
നിലവില്‍ കര്‍ണാടകയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് വേതനത്തിന്റെ കാര്യത്തില്‍ നഗര-ഗ്രാമപ്രദേശങ്ങളുടെ അടിസ്ഥാനത്തിൽ വലിയ വ്യത്യാസങ്ങളുണ്ട്. പല തൊഴിലാളികള്‍ക്കും അര്‍ഹിക്കുന്ന വേതനം ലഭിക്കാത്ത സാഹചര്യവുമുണ്ട്. ഇത് പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ബില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നത്. ചെയ്യുന്ന ജോലികളും അവയ്ക്കായെടുക്കുന്ന സമയവും അനുസരിച്ച് പൊതുവായ വേതന പദ്ധതി കൊണ്ടുവരും. ഓരോ ജോലിക്കും ഒരു വേതനം നിശ്ചയിക്കും. അതനുസരിച്ച് ഗാര്‍ഹിക തൊഴിലാളികളുടെ ശമ്പളം നിര്‍ണയിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന ഉറപ്പ്.
