സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ യുവതി സ്വര്‍ണ്ണ മാലയുമായി കടന്നുകളഞ്ഞു. .
മാഹി | സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ യുവതി സ്വര്‍ണ്ണ മാലയുമായി മുങ്ങി. അന്വേഷണത്തിൽ അഴിയൂര്‍ ഹാജിയാര്‍ പള്ളിക്ക് സമീപത്തെ മനാസ് കോര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ധര്‍മ്മടം നടുവിലത്തറ എന്‍ ആയിഷ(41) മാഹി പോലീസിന്റെ പിടിയിലായി. മാഹി ബസലിക്ക യ്ക്ക് സമീപത്തെ ശ്രീലക്ഷ്മി ജ്വല്ലറിയില്‍ കഴിഞ്ഞ 12നാണ് സംഭവം.
സ്വര്‍ണ്ണ മോതിരം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ യുവതി ജീവനക്കാരനെ കണ്ണുവെട്ടിച്ച് മൂന്നുഗ്രാം തൂക്കമുള്ള സ്വര്‍ണ്ണ മാല കൈവശപ്പെടുത്തി കടന്നു കളയുകയായിരുന്നു. ജ്വല്ലറി ഉടമ പിലാക്കണ്ടി ശൈലേഷിന്റെ പരാതിയില്‍ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അഴിയൂരിലെ ക്വാര്‍ട്ടേര്‍സില്‍ നിന്ന് യുവതിയെ പിടികൂടിയത്
മോഷ്ടിച്ച സ്വര്‍ണമാല മാഹിയിലെ തന്നെ കുഞ്ഞിപ്പള്ളി ജ്വല്ലറിയില്‍ വിറ്റുവെന്നാണ് ആയിഷ മൊഴി നല്‍കിയത്. കുഞ്ഞിപ്പള്ളി ജ്വല്ലറിയിലെത്തി ഈ മോഷണ സ്വര്‍ണം പോലീസ് കണ്ടെടുത്തു. മാഹി സി ഐ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ ജയശങ്കര്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എസ് ഐ വളവില്‍ സുരേഷ്, എ എസ് ഐ സി വി ശ്രീജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. മാഹി കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
