ചെന്നൈ : മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ശില്പി കേണൽ ജോൺ പെന്നി ക്വിക്കിന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. തമിഴ്‌നാട്ടിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിനായി സ്റ്റാലിൻ നടത്തിയ വിദേശപര്യടനത്തിനിടെ ലണ്ടനിലെത്തിയപ്പോൾ പെന്നിക്വിക്കിന്റെ കുടുംബാംഗങ്ങൾ അദ്ദേഹത്തെ നേരിൽ വന്നു കാണുകയായിരുന്നു.
പെന്നിക്വിക്കിന്റെ പ്രതിമ കഴിഞ്ഞ വർഷമാണ് തമിഴ്‌നാട് സർക്കാർ ലണ്ടനിൽ സ്ഥാപിച്ചത്
ലണ്ടനിലെ കേംബർലി പട്ടണത്തിൽ പെന്നിക്വിക്കിന്റെ പ്രതിമ സ്ഥാപിച്ച തമിഴ്‌നാട് സർക്കാരിന്റെ നടപടിക്ക് അവർ സ്റ്റാലിനോട് നന്ദി അറിയിച്ചു. പെന്നിക്വിക്കിന്റെ കുടുംബത്തിന്റെ ആവശ്യങ്ങൾ ഇനിയും സർക്കാർ അനുഭാവപൂർവം പരിഗണിക്കുമെന്ന് അവർക്ക് ഉറപ്പുനൽകിയതായി സ്റ്റാലിൻ എക്സിൽ കുറിച്ചു. പെന്നിക്വിക്കിന്റെ പ്രതിമ കഴിഞ്ഞ വർഷമാണ് തമിഴ്‌നാട് സർക്കാർ ലണ്ടനിൽ സ്ഥാപിച്ചത്. ലണ്ടനിലെ തമിഴ് പ്രവാസികളാണ് ഇതിനായി ബ്രിട്ടീഷ് നിയമപ്രകാരം സെയ്‌ന്റ് പീറ്റേഴ്സ് പള്ളിയിൽനിന്ന് അനുമതി വാങ്ങിയത്.
1895-ലാണ് പെന്നിക്വിക്ക് മുല്ലപ്പെരിയാർ അണക്കെട്ട് നിർമിച്ചത്
കഠിനാധ്വാനവും മികച്ച സാങ്കേതിക വൈദഗ്ധ്യവും ഉപയോഗിച്ച് 1895-ലാണ് പെന്നിക്വിക്ക് മുല്ലപ്പെരിയാർ അണക്കെട്ട് നിർമിച്ചത്. പദ്ധതിക്ക് ബ്രിട്ടീഷ് ഗവൺമെന്റ് സഹായധനം നിഷേധിച്ചപ്പോൾ പെന്നിക്വിക്ക് ഇംഗ്ലണ്ടിലേക്കു പോയി തന്റെ കുടുംബസ്വത്തുക്കൾ വിറ്റ് നിർമാണം പൂർത്തിയാക്കുകയായിരുന്നു.
