കാബൂൾ | കഴിഞ്ഞ ഞായറാഴ്ച ഉണ്ടായ വൻ ഭൂകമ്പത്തിന് പിന്നാലെ അഫ്ഗാനിസ്ഥാന്റെ തെക്ക്-കിഴക്കൻ മേഖലയിൽ വീണ്ടും ശക്തമായ ഭൂചലനം. സെപ്തംബർ 3 ചൊവ്വാഴ്ച റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം കൂടുതൽ നാശനഷ്ടങ്ങൾക്കും മരണങ്ങൾക്കും കാരണമാകുമെന്ന് ആശങ്കയുയർത്തുന്നു. ആഗസ്റ്റ് 31 ഞായറാഴ്ച രാത്രിയുണ്ടായ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ അതേ ആഴത്തിലാണ് (10 കിലോമീറ്റർ) ഇന്നലെയും (സെപ്തംബർ 3 ചൊവ്വ) ഭൂചലനവുമുണ്ടായത്. ഞായറാഴ്ച ഉണ്ടായ ഭൂചലനത്തിൽ 1,400-ൽ അധികം പേർക്ക് ജീവൻ നഷ്ടമായിരുന്നു.
സമീപകാലത്തെ ഏറ്റവും വലിയ ഭൂകമ്പങ്ങളിൽ ഒന്നായിരുന്നു ഞായറാഴ്ചത്തേത്.
ഈ മേഖലയിലെ ഗ്രാമങ്ങളിലെ വീടുകൾ പൂർണ്ണമായും തകർത്ത് സമീപകാലത്തെ ഏറ്റവും വലിയ ഭൂകമ്പങ്ങളിൽ ഒന്നായിരുന്നു ഞായറാഴ്ചത്തേത്. ചൊവ്വാഴ്ചത്തെ ഭൂകമ്പം രക്ഷാപ്രവർത്തനങ്ങളെ തടസ്സപ്പെടുത്തി. മലമുകളിൽ നിന്ന് പാറകൾ ഇടിഞ്ഞുവീണത് റോഡുകൾ തടസ്സപ്പെടുത്തുകയും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുക്കുന്നത് അപകടകരമാക്കുകയും ചെയ്തെന്ന് സഫിയുള്ള നൂർസായ് എന്ന ദുരിതാശ്വാസ പ്രവർത്തകൻ പറഞ്ഞു. ചൊവ്വാഴ്ചത്തെ ഭൂകമ്പത്തിൽ കൂടുതൽ ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇത് മരണസംഖ്യ വർദ്ധിപ്പിക്കുമെന്നും നൂർസായ് കൂട്ടിച്ചേർത്തു.
ഭാഗികമായി തകർന്ന വീടുകൾ രണ്ടാമത്തെ ഭൂകമ്പത്തോടെ പൂർണ്ണമായി തകർന്നു
ദുർഘടമായ ഭൂപ്രകൃതി ഒറ്റപ്പെട്ട ഗ്രാമങ്ങളിലെ രക്ഷാപ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കുന്നതായി പ്രദേശങ്ങൾ സന്ദർശിച്ച ഒരു റോയിട്ടേഴ്സ് പത്രപ്രവർത്തകൻ റിപ്പോർട്ടുചെയ്യുന്നു. , അവിടെയുള്ള എല്ലാ വീടുകളും തകർന്നിട്ടുണ്ടെന്നും ആളുകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷാപ്രവർത്തനം നടത്തുകയാണെന്നും അദ്ദേഹം റിപ്പോർട്ട് ചെയ്തു. രണ്ടാമത്തെ ഭൂകമ്പത്തോടെ ഭാഗികമായി തകർന്ന വീടുകൾ പൂർണ്ണമായി തകർന്നതായി പ്രദേശവാസികൾ പറയുന്നു.
