കാബൂള്‍: അഫ്ഗാനിസ്താനിൽ. കുനാര്‍, നംഗര്‍ഹാര്‍ പ്രവിശ്യകളിലായി ഇതുവരെ 812 പേര്‍ മരിച്ചതായി താലിബാന്‍ ഭരണകൂട വക്താവ് സബീഹുള്ള മുജാഹിദ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. 2800 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. അതേസമയം, പ്രതികൂല കാലാവസ്ഥയും ദുര്‍ഘടമായ പ്രദേശങ്ങളുമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഒറ്റപ്പെട്ടുകിടക്കുന്ന മലമ്പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇതുവരെ എത്താനായിട്ടില്ല
ഇതുവരെ അഫ്ഗാനിസ്താനിലുണ്ടായതിൽ ഏറ്റവുംവലിയ ഭൂകമ്പങ്ങളിലൊന്നാണ് കഴിഞ്ഞദിവസമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ ആറ് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ കുനാര്‍ ഗ്രാമത്തിലെ മൂന്ന് ഗ്രാമങ്ങള്‍ അപ്പാടെ ഇല്ലാതായെന്നാണ് റിപ്പോര്‍ട്ട്. വിദൂരങ്ങളിലുള്ള ഒറ്റപ്പെട്ടുകിടക്കുന്ന മലമ്പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടില്ല. ഈ മേഖലകളില്‍ നിരവധി വീടുകള്‍ നിലംപൊത്തിയെന്നാണ് വിവരം.
420 പേരെ ദുരന്തബാധിത മേഖലകളില്‍നിന്ന് കൊണ്ടുവന്നതായി പ്രതിരോധ മന്ത്രാലയം
ഭൂകമ്പത്തിന് പിന്നാലെ ഈ മേഖലകളില്‍ കനത്ത മഴയുണ്ടായതും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. മണ്ണിടിച്ചില്‍ ഭീഷണിയും നേരിടുന്നതിനാല്‍ പലയിടങ്ങളിലേക്കും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പലയിടങ്ങളില്‍നിന്നും സൈനിക വിമാനങ്ങളില്‍ ആളുകളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ 40 വിമാനങ്ങളിലും ഹെലികോപ്റ്ററുകളിലുമായി പരിക്കേറ്റവരും മരിച്ചവരും ഉള്‍പ്പെടെ 420 പേരെ ദുരന്തബാധിത മേഖലകളില്‍നിന്ന് കൊണ്ടുവന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
സഹായം തേടി താലിബാൻ ഭരണകൂടം
അതിനിടെ ഭൂകമ്പത്തിൽ വിറുങ്ങലിച്ച അഫ്ഗാനിസ്താന് സഹായം തേടി താലിബാൻ ഭരണകൂടം അഭ്യർത്ഥന നടത്തിയിട്ടുണ്ട്. നിരവധി പേർക്ക് ജീവനും വീടുകളും നഷ്ടപ്പെട്ടുവെന്നും അന്താരാഷ്ട്രതലത്തിൽ സഹായം ആവശ്യമാണെന്നും കാബൂളിലെ ആരോഗ്യ മന്ത്രാലയ വക്താവ് ഷറഫാത്ത് സമാൻ റോയിട്ടേഴ്സിനോട് പറഞ്ഞു.
