വെട്ടത്തൂർ: മണ്ണാർമല പ്രദേശത്ത് നാട്ടുകാർ സ്ഥാപിച്ച കാമറയിൽ ഇന്നലെ(ഓഗസ്റ്റ് 24) പുലർച്ചെ വീണ്ടും പുലിയുടെ ദൃശ്യം പതിഞ്ഞു. രണ്ടാഴ്ചക്കിടയിലാണ് പ്രദേശത്ത് വീണ്ടും പുലിയിറങ്ങുന്നത്. ഇതോടെ ജനങ്ങള്‍ ഭീതിയിലാണ്. പുലിയെ സ്ഥിരമായി കാണുന്ന സ്ഥലത്ത് ആടിനെ വച്ച് കെണി മാറ്റി സ്ഥാപിച്ചെങ്കിലും കെണിയിലേക്ക് നോക്കാതെ പുലി നടന്നുപോകുന്ന ദൃശ്യമാണ് കാമറയില്‍ പതിഞ്ഞത്. പുലർച്ചെ 3.36ന് റോഡിന്‍റെ ഭാഗത്തേക്ക് പുലിയിറങ്ങി വരുന്നതും 3.44ന് തിരികെ കയറി പോകുന്നതും തൊട്ടടുത്ത നിമിഷം വീണ്ടും താഴോട്ട് ഇറങ്ങുന്നതുമായ മൂന്ന് ദൃശ്യങ്ങളാണ് കാമറയില്‍ വ്യക്തമാകുന്നത്.
പ്രദേശത്ത് ഒന്നിലധികം പുലികള്‍ ഉളളതായി ആശങ്ക
.മണ്ണാർമലയില്‍ കഴിഞ്ഞ ആറുമാസത്തിനിടെ പലതവണ പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്നലെ കണ്ട ദൃശ്യങ്ങളില്‍ പെണ്‍പുലിയെന്ന് സംശയമുണ്ട്. ഇതോടെ പ്രദേശത്ത് ഒന്നിലധികം പുലികള്‍ ഉണ്ടെന്ന ആശങ്കയും ശക്തമായി. കഴിഞ്ഞദിവസം മണ്ണാർമല പീടികപടിയിലും വേങ്ങൂർ വലിയതൊടികുന്നിലും പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു.
വനം മന്ത്രിക്കും കളക്ടർക്കും നിവേദനം നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായിട്ടില്ല.
ഏതാനും ദിവസം മുമ്പ് പട്ടിക്കാട് റോഡിന് കുറുകെ പുലി ഓടുന്നതിനിടയില്‍ അതുവഴി പോയ ബൈക്കില്‍ തട്ടി ബൈക്ക് യാത്രക്കാരന് വീണ് പരിക്കേറ്റിരുന്നു. അതേസമയം മണ്ണാർമലയിലെ പുലി ഭീഷണിക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.എം. മുസ്തഫ, വാർഡ് അംഗം ഹൈദർ തോരപ്പ എന്നിവരുടെ നേതൃത്വത്തില്‍ വനം മന്ത്രിക്കും കളക്ടർക്കും നിലമ്പൂർ സൗത്ത് ഡിഎഫ്‌ഒയ്ക്കും നിരവധി തവണ നിവേദനം നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായിട്ടില്ല.
വനം വകുപ്പ് കൂടുതല്‍ ഉദ്യോഗസ്ഥരെയും വനംദ്രുത കർമസേനയെയും നിയോഗിച്ച് മണ്ണാർമലയിലും പരിസരത്തും പരിശോധന നടത്തുകയും പുലിക്കൂടുകള്‍ സ്ഥാപിക്കുകയും വേണമെന്നാണ് ജനങ്ങളുടെ ആവശ്യം
