ഭോപ്പാല്‍: മധ്യപ്രദേശില്‍ സ്ത്രീകളും പ്രായപൂർത്തിയാക്കാത്തവരും ഉള്‍പ്പടെ 23,000ത്തിലധികം പേരെ കാണാതായിട്ടുളളതായി സർക്കാർ നിയമസഭയില്‍. 2024 ജനുവരി ഒന്നിനും 2025 ജൂണ്‍ 30 നും ഇടയില്‍ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത പീഡന, ലൈംഗീകാതിക്രമ കേസുകളെക്കുറിച്ചുള്ള വിവരങ്ങളും, കാണാതായ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും എണ്ണം സംബന്ധിച്ച് ജില്ല തിരിച്ചുള്ള വിവരങ്ങളും ആവശ്യപ്പെട്ട് മുതിർന്ന കോണ്‍ഗ്രസ് എംഎല്‍എ ബാല ബച്ചൻ ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് സർക്കാർ ഈ കണക്ക് പുറത്തുവിട്ടത്.
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളിൽ ഉള്‍പ്പെട്ട 1,500 പ്രതികള്‍ ഒളിവിൽ
2025 ജൂണ്‍ 30 വരെ, ആകെ 21175 സ്ത്രീകളെയും 1954 പെണ്‍കുട്ടികളെയും കാണാതായിട്ടുണ്ടെന്ന് ഔദ്യോഗിക രേഖകള്‍ ഹാജരാക്കി മുഖ്യമന്ത്രി മോഹൻ യാദവ് നിയമസഭയില്‍ അറിയിച്ചു.പീഡനം, സ്ത്രീകള്‍ക്കെതിരായ മറ്റ് കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ ഉള്‍പ്പെട്ട 1,500 പ്രതികള്‍ ഒളിവിലാണെന്നും സർക്കാർ കൂട്ടിച്ചേർത്തു. സർക്കാർ കണക്കുകള്‍ പ്രകാരം, പീഡനക്കേസില്‍ 292 പുരുഷന്മാരും പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച 283 പേരും ഇപ്പോഴും ഒളിവിലാണ്. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും തിരോധാനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 320 പ്രതികളുണ്ടെന്നും സർക്കാർ കണക്കുകള്‍ വ്യക്തമാക്കുന്നു
എത്ര പെണ്‍കുട്ടികളെ കാണാതായി, എത്ര പ്രതികളെ അറസ്റ്റ് ചെയ്തു എന്ന വിവരവും വ്യക്തമാക്കണം
ഒരു മാസത്തിലേറെയായി എത്ര പെണ്‍കുട്ടികളെ കാണാതായി, എത്ര പ്രതികളെ അറസ്റ്റ് ചെയ്തു, എത്ര പേർ ഇപ്പോഴും ഒളിവിലാണെന്ന് വ്യക്തമാക്കണമെന്നും മുൻ ആഭ്യന്തരമന്ത്രി ബാല ബച്ചൻ നിയമസഭയില്‍ ആവശ്യപ്പെട്ടു.കൂടാതെ, ഒളിവില്‍ കഴിയുന്നവരെ എപ്പോള്‍ അറസ്റ്റ് ചെയ്യുമെന്നും ജോലി കൃത്യമായി ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
