കൊച്ചി | ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ ഭാഷാപഠനത്തിന് നിലവിലുണ്ടായിരുന്ന സംവിധാനം തുടരാന്‍ ഹൈക്കോടതി ഉത്തരവ്. സ്‌കൂള്‍ സിലബസില്‍ നിന്ന് പ്രാദേശിക മഹല്‍, അറബിക് ഭാഷകള്‍ ഒഴിവാക്കിയത് ചോദ്യം ചെയ്തുള്ള ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുടേതാണ് ഉത്തരവ്.
ഏതൊരു മാറ്റവും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാമെന്ന് കോടതി
ഭാഷക്ക് ആഴത്തിലുള്ള സാംസ്‌കാരിക പ്രാധാന്യമുണ്ടെന്നും ഏതൊരു മാറ്റവും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാമെന്നും കോടതി നിരീക്ഷിച്ചു.സ്‌കൂള്‍ സിലബസില്‍ ത്രിഭാഷാ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനു വേണ്ടി വിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കുന്നത് നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു. കാലങ്ങളായി നിലവിലിരുന്ന പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തുന്നതിനു മുമ്പ് വിഷയത്തില്‍ പഠനം നടത്തേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന് പിന്നീട് കോടതിയെ സമീപിക്കാമെന്നും മെറിറ്റ് നോക്കി അപ്പോള്‍ പരിഗണിക്കാമെന്നും കോടതി
.ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ത്രിഭാഷാ സംവിധാനം ഏര്‍പ്പെടുത്തുന്നത് എന്നു പറയുമ്പോഴും കാര്യമായ പഠനങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വിശദമായ പഠനം നടത്തി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന് പിന്നീട് കോടതിയെ സമീപിക്കാമെന്നും മെറിറ്റ് നോക്കി അപ്പോള്‍ പരിഗണിക്കാമെന്നും ഹൈക്കോടതി അറിയിച്ചു.