ഇംഫാൽ | മെയ്തേയ് സംഘടനയുടെ നേതൃത്വത്തിൽ നടന്നുവരുന്ന നിയമലംഘന സമരങ്ങൾക്കിടെ, മണിപ്പൂരിൽ ജനകീയ സർക്കാർ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് 10 എംഎൽഎമാർ ഗവർണർ അജയ് കുമാർ ഭല്ലയെ രാജ്ഭവനിൽ സന്ദർശിച്ചു. ബിജെപിയിൽ നിന്നുള്ള എട്ട് എംഎൽഎമാരും, മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ സാങ്മയുടെ നേതൃത്വത്തിലുള്ള നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി)യിൽ നിന്നുള്ള ഒരാളും ഒരു സ്വതന്ത്ര എംഎൽഎയുമാണ് ഗവർണറെ കണ്ടത്.
മണിപ്പൂരിൽ 60 എംഎൽഎമാരാണുള്ളത്. ഇതിൽ ഏഴ് ബിജെപി എംഎൽഎമാർ ഉൾപ്പെടെ പത്ത് പേർ കുക്കി-സോമി വിഭാഗത്തിൽ പെടുന്നു. 2023 മെയ് 3-ന് മെയ്തേയ് വിഭാഗവുമായുള്ള വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇവർ ഇംഫാലിൽ കാലുകുത്തിയിട്ടില്ല. മെയ് 20 മുതൽ മണിപ്പൂർ പ്രക്ഷുബ്ധമാണ്.
എൻഡിഎയിലെ 44 എംഎൽഎമാർ പുതിയ സർക്കാർ രൂപീകരിക്കാൻ തയ്യാറാണെന്ന് നിയമസഭാംഗം തോകോം രാധേശ്യാം സിംഗ്
മണിപ്പൂരിന്റെ താൽപ്പര്യങ്ങൾക്കായി ഒരു ജനകീയ സർക്കാർ അധികാരത്തിൽ വരണമെന്ന് എല്ലാ എൻഡിഎ എംഎൽഎമാരും ആഗ്രഹിക്കുന്നുവെന്നും സുഗമമായ സർക്കാർ രൂപീകരണത്തിന് ജനങ്ങളുടെ പിന്തുണ ആവശ്യമാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സ്വതന്ത്ര എംഎൽഎ സപം നിഷികാന്ത സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ഫെബ്രുവരി 13-ന് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതു മുതൽ കേന്ദ്രത്തിനുവേണ്ടി സംസ്ഥാനം ഭരിക്കുന്ന ഗവർണർക്ക് 22 എംഎൽഎമാർ ഒപ്പിട്ട ഒരു പ്രമേയം കൈമാറിയതായും അദ്ദേഹം പറഞ്ഞു..എൻഡിഎയിലെ 44 എംഎൽഎമാർ പുതിയ സർക്കാർ രൂപീകരിക്കാൻ തയ്യാറാണെന്ന് പ്രതിനിധി സംഘത്തിലുണ്ടായിരുന്ന ബിജെപി നിയമസഭാംഗം തോകോം രാധേശ്യാം സിംഗ് പറഞ്ഞു.
.
.
