ന്യൂഡല്‍ഹി | ഇന്ത്യ- പാക് വെടിനിര്‍ത്തലിന് പിന്നാലെ ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സാഹചര്യങ്ങള്‍ അവലോകനം ചെയ്തു. പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംയുക്തസേനാ മേധാവിയും മൂന്ന് സേനാ മേധാവികളും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പങ്കെടുത്തു. വെടിനിര്‍ത്തലിന്റെ ഭാവി ചര്‍ച്ച ചെയ്യുന്നതിന് ഇന്ത്യ- പാക് ഡി ജി എം ഒ തല ചര്‍ച്ച നാളെ( മെയ് 12) നടക്കും.
സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ മാധ്യമങ്ങള്‍ നല്‍കരുതെന്ന് വ്യോമസേന
ഓപറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്നും തങ്ങള്‍ക്ക് ലഭിച്ച ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്നും ഇന്ത്യന്‍ വ്യോമസേന. രാജ്യത്തിനായി കൃത്യതയോടെ മുന്നോട്ടുപോയി. ഓപറേഷന്‍ ഇപ്പോഴും തുടരുന്ന സാഹചര്യമായതിനാല്‍ ഊഹാപോഹങ്ങള്‍ക്ക് പിറകെ പോകരുതെന്നും വ്യോമസേന എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ അഭ്യര്‍ഥിച്ചു. സൈനിക നടപടിയുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ മാധ്യമങ്ങള്‍ നല്‍കരുതെന്നും വ്യോമസേന അറിയിച്ചു.
