പഹല്‍ഗാമില്‍ നിരപരാധികളെ കൂട്ടക്കൊല ചെയ്ത മുസ്ലീം ഭീകരർക്കായി ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ച്‌ തെരച്ചില്‍ തുടങ്ങി

ശ്രീനഗർ: ജമ്മു കാഷ്മീരിലെ പഹല്‍ഗാമില്‍ നിരപരാധികളെ കൂട്ടക്കൊല ചെയ്ത മുസ്ലീം ഭീകരർക്കായി ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ച്‌ തെരച്ചില്‍ തുടങ്ങി. ഭീകരർക്ക് ഒരിക്കലും മറക്കാനാവാത്ത തിരിച്ചടി നല്കണമെന്ന ആവശ്യം രാജ്യമെങ്ങും ഉയർന്നു.
സുരക്ഷാസേന ജമ്മു കാഷ്മീരിലെങ്ങും ജാഗ്രത തുടരുകയാണ്. വിവിധ പാർട്ടികള്‍ ആഹ്വാനം ചെയ്ത ബന്ദ് പൂർണമായിരുന്നു. തെക്കൻ കാഷ്മീരില്‍ ഇരുനൂറിലേറെ പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായും ടിആർഎഫ് കമാൻഡറെ സൈന്യം വളഞ്ഞതായും റിപ്പോർട്ടുണ്ട്. ഭീകരരെക്കുറിച്ച്‌ വിവരം നല്കുന്നവർക്ക് അനന്ത്നാഗ് പോലീസ് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

സൂത്രധാരൻ ലഷ്കർ-ഇ-തൊയ്ബ സീനിയർ കമാൻഡർ സയ്ഫുള്ള കസുരി

ഭീകരാക്രമണത്തിന്‍റെ സൂത്രധാരൻ ലഷ്കർ-ഇ-തൊയ്ബ സീനിയർ കമാൻഡർ സയ്ഫുള്ള കസുരിയാണെന്ന് സുരക്ഷാസേന അറിയിച്ചു. ആക്രമണം നടത്തിയ അഞ്ച് ഭീകരരെ തിരിച്ചറിഞ്ഞു. പാക്കിസ്ഥാൻകാരായ മൂന്നു ഭീകരരുടെ രേഖാചിത്രം ഇന്നലെ സുരക്ഷാസേന പുറത്തുവിട്ടു. കാഷ്മീരി സ്വദേശികളായ ആദില്‍ ഗുരി, എഹ്സാൻ എന്നിവരും ആക്രമണം നടത്തിയ സംഘത്തിലുണ്ടായിരുന്നെന്നാണു വിവരം.

ഭീകരർ ധരിച്ചിരുന്ന ഹെല്‍മറ്റുകളില്‍ കാമറ ഘടിപ്പിച്ചിരുന്നതായി സൂചന

ആക്രമണസമയം ഭീകരർ ധരിച്ചിരുന്ന ഹെല്‍മറ്റുകളില്‍ കാമറ ഘടിപ്പിച്ചിരുന്നതായും ഇവർ പകർത്തിയ ദൃശ്യങ്ങള്‍ പ്രചരിക്കുന്നതു തടയുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്നും അന്വേഷണ ഏജൻസി അറിയിച്ചു. ബൈസരണിലെ ആക്രമണം 15 മിനിറ്റ് നീണ്ടുവെന്നും സ്റ്റീല്‍ ബുള്ളറ്റുകളാണ് ഉപയോഗിച്ചതെന്നും സ്ഥിരീകരണമുണ്ടായി.

ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 26 പേരാണെന്ന് കേന്ദ്രസർക്കാർ സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരെല്ലാം പുരുഷന്മാരാണ്. 26 പേരുടെയും മൃതദേഹങ്ങള്‍ സ്വദേശത്തേക്ക് എത്തിച്ചുതുടങ്ങി. മൃതദേഹങ്ങള്‍ ശ്രീനഗറിലെത്തിച്ചപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആദരാഞ്ജലി അർപ്പിച്ചു. മുസ്ലീം ഭീകരാക്രമണം നടന്ന പഹല്‍ഗാമിലെ ബൈസരണില്‍ ഇന്നലെ അമിത് ഷാ സന്ദർശനം നടത്തി. പരിക്കേറ്റവരെ ആശുപത്രിയിലെത്തി അദ്ദേഹം കണ്ടു. നിഷ്ഠുരമായ ആക്രമണം നടത്തിയവരെ വെറുതെ വിടില്ലെന്ന് അമിത് ഷാ പറഞ്ഞു. എൻഐഎ സംഘവും ബുധനാഴ്ച ബൈസരണിലെത്തിയിരുന്നു.പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികള്‍ കൂട്ടക്കൊലയ്ക്കിരയായതില്‍ രാജ്യമെമ്പാടും പ്രതിഷേധം അലയടിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →