ശ്രീനഗർ |ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണത്തില്‍ 26പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ ഒരു മലയാളിയും ഉള്‍പ്പെടും. കൊച്ചി ഇടപ്പള്ളി സ്വദേശി എന്‍ രാമചന്ദ്രനാണ് കൊല്ലപ്പെട്ട മലയാളി. കൊച്ചിയില്‍ ജോലി ചെയ്യുന്ന ഹരിയാന സ്വദേശിയ നാവിക സേനാഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിട്ടുണ്ട് .വിനയ് നര്‍വാളാണ് (26) കൊല്ലപ്പെട്ടത്. 6 ദിവസം മുന്‍പാണ് വിനയ് നര്‍വാളിന്റെ വിവാഹം നടന്നത്. ഭാര്യയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.മരിച്ച മറ്റൊരാളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. കര്‍ണാടകയിലെ ശിവമോഗ സ്വദേശിയായ മഞ്ജുനാഥിനെയാണ് തിരിച്ചറിഞ്ഞത് .
സൈനിക വേഷം ധരിച്ചെത്തിയ ഭീകരര്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു
2025 ഏപ്രിൽ 22 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:30 ഓടെയാണ് സംഭവം. സൈനിക വേഷം ധരിച്ചെത്തിയ ഒരു സംഘം ഭീകരര്‍ പഹല്‍ഗാമിലെ ബൈസാരന്‍ പുല്‍മേടുകളില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.. അടുത്ത ദൂരത്തുനിന്ന് അജ്ഞാതരായ തോക്കുധാരികൾ വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർത്തതാണ് നിരവധി പേർക്ക് പരിക്കേൽക്കാൻ കാരണമെന്ന് ദൃക്സാക്ഷി പിടിഐ വാർത്താ ഏജൻസിയോട് പറഞ്ഞു. .പഹൽഗാം ഹിൽ സ്റ്റേഷനിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ അകലെയാണ് ബൈസാരൻ പുൽമേട് സ്ഥിതി ചെയ്യുന്നത്. ഇവിടെ കാൽനടയായോ കുതിരപ്പുറത്തോ മാത്രമേ എത്തിച്ചേരാൻ സാധിക്കൂ.
ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു
ആക്രമണത്തിന് പിന്നാലെ സുരക്ഷാ സേന പ്രദേശം വളഞ്ഞു. പാകിസ്ഥാനിൽ പ്രവർത്തിക്കുന്ന ലഷ്കർ-ഇ-തൊയ്ബയുടെ പ്രാദേശിക സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
ഭീകരാക്രമണത്തെ തുടർന്ന് അമിത് ഷാ ഉന്നതതല യോഗം വിളിച്ചുചേർത്തു. ആഭ്യന്തര സെക്രട്ടറി, ഇൻ്റലിജൻസ് ബ്യൂറോയിലെ മുതിർന്ന ഉദ്യോഗസ്ഥർ, ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ജമ്മു കശ്മീരിലെ പോലീസ് ഡയറക്ടർ ജനറൽ (ഡിജിപി) ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ വീഡിയോ കോൺഫറൻസിലൂടെ യോഗത്തിൽ പങ്കെടുത്തു. ചൊവ്വാഴ്ച രാത്രി 7 മണിയോടെ അമിത് ഷാ പഹൽഗാമിലേക്ക് തിരിക്കും..
