കൊച്ചി : ജനിച്ച ദിവസം തന്നെ കാൽ കലുങ്കിനിടയിൽ കുടുങ്ങിയ കാട്ടാനക്കുട്ടിയുടെ ജീവൻ രക്ഷിക്കാൻ വനം വകുപ്പിന്റെ കഠിന പ്രയത്നം. ഇപ്പോള്‍ രണ്ടു ദിവസം മാത്രം പ്രായമുള്ള പിടിയാനക്കുട്ടിയെ പെരുമ്പാവൂർ കപ്രിക്കാട് അഭയാരണ്യത്തില്‍ വനംവകുപ്പ് അസി. വെറ്ററിനറി സർജന്റെ നേതൃത്വത്തിലുളള സംഘമാണ് 24 മണിക്കൂറും പരിചരിക്കുന്നത്.
ആനക്കുട്ടി കാലുറയ്ക്കാതെ കലുങ്കിനിടയില്‍ വീണതാകാം
2025 ലെ ദു:ഖവെള്ളിയാഴ്ചയാണ് പെരിയാർ തീരത്തെ അഭയാരണ്യത്തിന് സമീപം ഇറിഗേഷൻ പമ്പ് ഹൗസിനടുത്ത് കാട്ടാന പ്രസവിച്ചത്. അല്പസമയത്തിനു ശേഷം എഴുന്നേറ്റ് നടക്കാൻ ശ്രമിച്ച ആനക്കുട്ടി കാലുറയ്ക്കാതെ കലുങ്കിനിടയില്‍ വീണതാകാമെന്നാണ് വനംവകുപ്പിന്റെ നിഗമനം. ആനക്കുട്ടിയുടെ കാൽ പുറത്തെടുക്കാൻ കഴിയാതെ വന്നതോടെ ആനക്കുട്ടിയെ ഉപേക്ഷിച്ച് സംഘം വനത്തിലേക്ക് മടങ്ങിയതാവാം.
ആനക്കുട്ടി അപകടനില തരണം ചെയ്തെന്നാണ് വിലയിരുത്തല്‍. .
വനംവകുപ്പ് സംഘം രക്ഷപ്പെടുത്തിയ ആനക്കുട്ടിക്ക് ഗ്ലൂക്കോസും കരിക്കിൻവെള്ളവുമാണ് ഇപ്പോള്‍ നല്‍കുന്നത്. അസി. വെറ്ററിനറി സർജൻ ഡോ. ബിനോയ് സി. ബാബു, അസി. കണ്‍സർവേറ്റർ ഒഫ് ഫോറസ്റ്റ് ഡെല്‍റ്റോ എല്‍. മറോക്കി എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ. ക്ഷീണമുണ്ടെങ്കിലും ആനക്കുട്ടി അപകടനില തരണം ചെയ്തെന്നാണ് വിലയിരുത്തല്‍. ചെവിയും തുമ്പിക്കൈയും വാലും ചലിപ്പിക്കുന്നുണ്ട്.
അഭയാരണ്യത്തില്‍ സംരക്ഷിക്കാൻ തീരുമാനം
ആരോഗ്യം വീണ്ടെടുത്താലും കാട്ടിലേക്ക് തിരിച്ചയയ്ക്കില്ലെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. ചെറിയ കുട്ടി ആയതിനാലും അമ്മയെ കണ്ടെത്താൻ പ്രയാസമായതിനാലും മൃഗങ്ങളുടെ ആക്രമണം ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാലുമാണ് അഭയാരണ്യത്തില്‍ സംരക്ഷിക്കാൻ തീരുമാനിച്ചത്. സുനിത (54), അഞ്ജന (20), പാർവതി (21), ആശ (22), ഹരിപ്രസാദ് (52), പീലാണ്ടി ചന്ദ്രു (49), അഭിമന്യു (52) എന്നിവർക്കു പുറമേയാണ് അഭയാരണ്യത്തില്‍ കുട്ടിയാനയും എത്തിയിരിക്കുന്നത്
