ന്യൂഡല്‍ഹി|ഇന്ന് പുലർച്ചെ 2 മണിയോടെ ലോക്‌സഭയില്‍ പാസാക്കിയ വഖഫ് ഭേദഗതി ബില്‍ ഇന്ന് (ഏപ്രിൽ 3) രാജ്യ സഭയിൽ അവതരിപ്പിച്ചു. .ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ബില്ല് അവതരിപ്പിച്ചത്. ഇന്നലെ 14 മണിക്കൂര്‍ നീണ്ട ചര്‍ച്ചക്ക് ശേഷം പുലര്‍ച്ചെ രണ്ടുമണിക്കു ശേഷമാണ് ബില്‍ പാസായത്.ബില്ലില്‍ നീണ്ട ചര്‍ച്ച നടന്നുവെന്നും സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി രൂപീകരിച്ച് എല്ലാവരെയും കേട്ടുവെന്നും ബില്ല് അവതരിപ്പിച്ചുകൊണ്ട് കിരണ്‍ റിജിജു പറഞ്ഞു. രാജ്യസഭയിലും ബില്ലിന്മേല്‍ വിശദമായ ചര്‍ച്ചകള്‍ നടക്കും .
പ്രതിപക്ഷ അംഗങ്ങള്‍ അവതരിപ്പിച്ച ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി
288 പേര്‍ ബില്ലിനെ അനുകൂലിച്ചു വോട്ട് ചെയ്തു. 232 പേര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. പ്രതിപക്ഷ അംഗങ്ങള്‍ അവതരിപ്പിച്ച ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി. ഇലക്ട്രോണിക് വോട്ടിങ് രീതിയിലായിരുന്നു വോട്ടെടുപ്പ്. ഓരോ ഭേദഗതിയിലും വെവ്വേറെയായിരുന്നു ആദ്യം വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പ് വൈകിയതോടെ പിന്നീട് ശബ്ദവോട്ടിലേക്ക് മാറുകയായിരുന്നു. വോട്ടെടുപ്പ് നടപടികള്‍ വൈകിയതിനെ തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഭേദഗതി നിര്‍ദേശങ്ങള്‍ ഒരുമിച്ച് വോട്ടിനിടുകയായിരുന്നു. കെ രാധാകൃഷ്ണന്‍, കെ സി വേണുഗോപാല്‍, ഇ ടി മുഹമ്മദ് ബഷീര്‍, എന്‍ കെ പ്രേമചന്ദ്രന്‍, ഗൗരവ് ഗൊഗോയ് തുടങ്ങിയവരുടെ ഭേദഗതികളെല്ലാം തള്ളി..
