തിരുവനന്തപുരം : തിരുവനന്തപുരത്തു നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെടാനൊരുങ്ങിയ ഇൻഡിഗോ വിമാനത്തില്‍ പക്ഷിയിടിച്ചതിനാല്‍ 13 മണിക്കൂർ യാത്ര വൈകി. റണ്‍വേയിലൂടെ നീങ്ങുന്നതിനിടെ വിമാനത്തിന്റെ ഇടത് എൻജിൻ ഭാഗത്ത് പക്ഷിയിടിക്കുകയായിരുന്നു. ഇന്നലെ (മാർച്ച് 24) രാവിലെ 7.30ന് 179 യാത്രക്കാരുമായി ടേക്ക് ഓഫിന് ഒരുങ്ങിയ ഇൻഡിഗോ 6ഇ 6629ാം നമ്പർ വിമാനമാണ് വൈകിയത്. . ഇടിയുടെ ആഘാതത്തില്‍ വിമാനത്തിലെ മോണിറ്ററിനുള്ളില്‍ അപകടസിഗ്നല്‍ തെളിഞ്ഞു. ഇതോടെ വിമാനം ടേക്ക് ഓഫ് ചെയ്യാൻ കഴിയില്ലെന്ന് പൈലറ്റ് എയർട്രാഫിക്ക് കണ്‍ട്രോള്‍ ടവറിനെ അറിയിച്ചു.
വിമാനത്താവളങ്ങളില്‍ ഏറ്റവുമധികം പക്ഷിയിടി നടക്കുന്നത് തിരുവനന്തപുരത്ത്
തുടർന്ന് വിമാനം അറ്റകുറ്റപണികള്‍ നടത്തുന്ന യാഡിലേക്ക് മാറ്റി സാങ്കേതിക വിദഗ്ദ്ധർ പരിശോധന നടത്തി തകരാർ പരിഹരിച്ചു. റണ്‍വേ റീകാർപെറ്റിംഗിനായി ഒൻപതിന് അടയ്ക്കുമെന്നതു കണക്കിലെടുത്ത് വിമാനത്തിന്റെ യാത്ര വൈകുന്നേരത്തേക്ക് മാറ്റി. തുടർന്ന് വൈകിട്ട് 6.50നാണ് വിമാനം പുറപ്പെട്ടത്. രാജ്യത്തെ 70 പ്രധാന വിമാനത്താവളങ്ങളില്‍ ഏറ്റവുമധികം പക്ഷിയിടി തിരുവനന്തപുരത്താണെന്ന് വ്യോമയാനമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ അഞ്ചുപ്രാവശ്യം പക്ഷിയിടി നടന്നു.വിമാനാപകടങ്ങള്‍ക്ക് ഏറ്റവുമധികം സാദ്ധ്യതയുള്ള പക്ഷിയിടി തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒഴിവാക്കാൻ അധികൃതർ ഇതുവരെയും നടപടി എടുക്കാത്തതില്‍ പ്രതിഷേധമുയരുകയാണ്.