കേരള സംസ്ഥാന വയോജന കമ്മീഷന്‍ ബില്‍ പാസാക്കി സംസ്ഥാന നിയമസഭ

തിരുവനന്തപുരം: വയോജനങ്ങള്‍ക്കായി കമ്മീഷന്‍ രൂപീകരിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന കേരള സംസ്ഥാന വയോജന കമ്മീഷന്‍ ബില്‍ സംസ്ഥാന നിയമസഭ പാസാക്കി. പ്രായമായവരുടെ (60 വയസിനു മുകളിലുള്ളവര്‍) ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കാനും അവരുടെ ഉത്പാദനക്ഷമതയും, മൗലികവും നൂതനവുമായ ആശയങ്ങളോ പരിഹാരങ്ങളോ ഉണ്ടാക്കാനുള്ള കഴിവും സമൂഹത്തിന് ഉപയോഗപ്പെടുത്താനുമായാണ് കമ്മീഷന്‍ നിലവില്‍ വരുന്നത്.

ഒരു പുതിയ യുഗത്തിന്‍റെ തുടക്കമാകുന്നു

കേരളത്തിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് വയോജന കമ്മീഷന്‍ ഒരു പുതിയ യുഗത്തിന്‍റെ തുടക്കമാകുമെന്നു ബില്ലവതരിപ്പിച്ചുകൊണ്ടു നടത്തിയ പ്രസംഗത്തില്‍ മന്ത്രി ആർ. ബിന്ദു പറഞ്ഞു. ചെയര്‍പേഴ്‌സന് ഗവണ്‍മെന്‍റ് സെക്രട്ടറിയുടെ പദവിയുണ്ടാകും. കമ്മീഷന്‍റെ ദൈനംദിന കാര്യങ്ങളുടെ പൊതുവായ മേല്‍നോട്ടം, മാര്‍ഗനിര്‍ദേശം, ഭരണനിര്‍വഹണം എന്നിവ ചെയര്‍പേഴ്‌സനില്‍ നിക്ഷിപ്തമായിരിക്കും. ഉത്തരവാദിത്വം നിര്‍വഹിക്കുന്നതിന് അദ്ദേഹത്തെ മറ്റംഗങ്ങള്‍ സഹായിക്കും. നിര്‍ണയിക്കപ്പെടുന്ന പ്രകാരമുള്ള ശമ്പളത്തിനും ബത്തകള്‍ക്കും അര്‍ഹത ഉണ്ടായിരിക്കും

കമ്മീഷനില്‍ ഒരു ചെയര്‍പേഴ്‌സണും നാലില്‍ കവിയാത്ത എണ്ണം അംഗങ്ങളും ഉണ്ടായിരിക്കും.

കമ്മീഷനില്‍ സര്‍ക്കാര്‍ വിജ്ഞാപനം വഴി നിയമിക്കുന്ന ഒരു ചെയര്‍പേഴ്‌സണും നാലില്‍ കവിയാത്ത എണ്ണം അംഗങ്ങളും ഉണ്ടായിരിക്കും. ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെ കമ്മീഷനില്‍ നിയമിക്കപ്പെടുന്ന എല്ലാ അംഗങ്ങളും വയോജനങ്ങള്‍ ആയിരിക്കും. അവരില്‍ ഒരാള്‍ പട്ടികജാതികളിലോ പട്ടികഗോത്ര വര്‍ഗങ്ങളിലോ പെട്ടയാളും മറ്റൊരാള്‍ വനിതയും ആയിരിക്കും. കമ്മീഷന്‍ അംഗങ്ങള്‍ക്ക് നിര്‍ണയിക്കപ്പെടുന്ന പ്രകാരമുള്ള ഓണറേറിയത്തിനും യോഗങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള ബത്തകള്‍ക്കോ അല്ലെങ്കില്‍ സിറ്റിംഗ് ഫീസിനോ അര്‍ഹതയുണ്ടായിരിക്കും.

സര്‍ക്കാര്‍ അഡീഷണല്‍ സെക്രട്ടറിയുടെ പദവിയില്‍ കുറയാത്ത ഒരാളാവും കമ്മീഷന്‍ സെക്രട്ടറി. നിയമ വകുപ്പ് ജോയിന്‍റ് സെക്രട്ടറിയുടെ പദവിയില്‍ കുറയാത്ത ഒരാളെ കമ്മീഷന്‍ രജിസ്ട്രാറായും സര്‍ക്കാര്‍ ധനകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെ പദവിയില്‍ കുറയാത്ത ഒരാളെ കമ്മീഷന്‍ ഫിനാന്‍സ് ഓഫീസറായും നിയമിക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →